Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

ഊഹക്കച്ചവടക്കാർ വിപണിയെ ഇനിയും കൈവിട്ടിട്ടില്ല

സമ്പാദ്യം ഓഹരിയിൽ നഷ്ടപ്പെട്ടവർ നക്ഷത്രം എണ്ണുകയാണെങ്കിലും ഊഹക്കച്ചവടക്കാർ വിപണിയെ കൈവിടാൻ ഇനിയും തയാറായിട്ടില്ല. ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച നടക്കുന്ന മാർച്ച് സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി  കവറിങ് സാധ്യതകൾ നിഫ്റ്റിയെ തൽക്കാലികമായി കൈ പിടിച്ച് ഉയർത്താം. പിന്നിട്ട വാരം സെൻസെക്‌സ് 4187 പോയന്റും നിഫ്റ്റി 1209 പോയന്റും നഷ്ടത്തിലാണ്. പോയവാരം പന്ത്രണ്ട് ശതമാനം തകർച്ച നേരിട്ട ഞെട്ടലിൽ നിന്ന് രക്ഷ നേടാനായില്ലെങ്കിലും വാരാന്ത്യത്തിൽ ഷോട്ട് കവറിങ് പ്രതീക്ഷ നൽകുന്നു. ഫെബ്രുവരിക്ക് ശേഷം സെൻസെക്‌സും നിഫ്റ്റി 27 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ജനുവരിയിലെ 12,430 ൽ നിന്ന് 7832 പോയന്റ് വരെ തിരുത്തൽ കാഴ്ച വെച്ചു.
ലോകം പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടതിനിടയിലെ അസാധാരണമായ ചാഞ്ചാട്ടം തടയാൻ സെബി ചില സ്റ്റോക്ക് ഫ്യൂച്ചറുകളുടെ സ്ഥാന പരിധി പകുതിയാക്കി, സൂചിക ഡെറിവേറ്റീവുകളുടെ ഹ്രസ്വ വിൽപന നിയന്ത്രിക്കുകയും ചില ഓഹരികളുടെ മാർജിൻ നിരക്കിൽ മാറ്റവും വരുത്തി. സെബിയുടെ നീക്കം അമിത കുതിപ്പിനെയും തകർച്ചയെും താൽക്കാലികമായി പിടിച്ചുകെട്ടാൻ ഉപകരിക്കും. 


നിഫ്റ്റി സൂചിക 9602 ൽ നിന്ന് തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 8555 ലെ നിർണായക സപ്പോർട്ടും തകർത്ത് 7832 പോയന്റ് വരെ പരീക്ഷണങ്ങൾ നടത്തി. ഇതിനിടയിൽ തകർച്ച പിടിച്ചു നിർത്താൻ സർക്യൂട്ട് ബ്രേക്കർ പ്രയോഗിക്കേണ്ടി വന്നു. വാരാന്ത്യം സൂചിക അൽപം ഉയർന്ന് 8745 ലാണ്. ഈ വാരം സൂചിക എങ്ങനെ പോകാമെന്ന് സാങ്കേതിക വശങ്ങളിലുടെ നിരീക്ഷിക്കാം. അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 9500 ന് മുകളിലെത്തിക്കാനായാൽ 9620 ലേക്ക് വീണ്ടും ഉയരാം. ഈ കടമ്പ ഭേദിച്ചാലും ഏപ്രിലിൽ 10,496 പോയന്റ് വൻ മതിലാവും. അതേ സമയം തകർച്ച തുടർന്നാൽ 7850 ൽ പിടിച്ചുനിൽക്കാൻ വിപണി എല്ലാ ശ്രമവും നടത്തുമെങ്കിലും ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 6956 വരെ സഞ്ചരിക്കാം. ബോംബെ സെൻസെക്‌സ് 33,103 ൽ നിന്ന് 26,714 പോയന്റ് വരെ ഇടിഞ്ഞങ്കിലും വാരാവസാനം തിരിച്ചുവരവിൽ സൂചിക 29,915 പോയന്റിലാണ്. സെൻസെക്‌സിന് ഇന്ന് 30,911-31,907 ൽ പ്രതിരോധവും 28,425-26,935 പോയന്റിൽ സപ്പോർട്ടുമുണ്ട്.  നിഫ്റ്റി സാങ്കേതികമായി ഓവർ സോൾഡാണ്.

പുതിയ ഷോട്ട് പൊസിഷനുകൾക്ക് മുതിരാതെ നിലവിലുള്ളവ കുറക്കുന്നത് സുരക്ഷിതമാവും. ഒപ്പം തന്നെ കാഷ് മാർക്കറ്റിലേക്ക് ശ്രദ്ധ തിരിക്കുന്നത് നേട്ടം സമ്മാനിക്കാം. മൂന്ന് മുതൽ നാല് വർഷ കാലയളവ് മുന്നിൽ കണ്ട് മികച്ച ഓഹരികളിൽ നിക്ഷേപത്തിന് ചെറുകിട നിക്ഷേപകർ തുടക്കം കുറിക്കാം. ഇപ്പോഴത്തെ ഒരോ തിരുത്തലും അതിനായി പ്രയോജനപ്പെടുത്താം. നിഫ്റ്റിയിലെ അമ്പത് ശതമാനം ഓഹരികളും ഒരു വർഷമോ അതിൽ അധികമോ ആയ കാലയളവിലെ താഴ്ന്ന റേഞ്ചിലാണ്. വിദേശ നിക്ഷേപകർ ഓഹരിയിൽ നിന്ന് 56,247  കോടി രൂപയും കടപത്രത്തിൽ നിന്നു 52,449 കോടി രൂപയും പിൻവലിച്ചു. മാർച്ചിൽ ഇതിനകം അവർ തിരിച്ചു പിടിച്ചത് 1,08,697 കോടി രൂപയായി. 


കോവിഡ് വ്യാപനം കൂടുതലായാൽ അത് സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിലാക്കാം. യു.എസ് ഫെഡ് റിസർവ് കഴിഞ്ഞ ദിവസം പലിശ നിരക്ക് കുറച്ചു. യൂറോപ്യൻ യൂനിയൻ 1.7 ട്രില്യൺ യൂറോയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു, യു.എസ് ഒരു ട്രില്യൺ ഡോളർ പാക്കേജുമെല്ലാം പ്രതിസന്ധിയിൽ ആശ്വാസമാവും. ആർ.ബി.ഐയും പുതിയ പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കാം. 

 

Latest News