സംസ്ഥാനത്ത് ഏറ്റവുമധികം പേർ  നിരീക്ഷണത്തിലുള്ളത് തൃശൂരിൽ

തൃശൂർ- സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് തൃശൂരിൽ. ഇന്നലെ 8792 പേരാണ് തൃശൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഒറ്റ ദിവസം കൊണ്ട് രണ്ടായിരത്തിനടുത്താളുകളാണ് നിരീക്ഷണത്തിലായത്. കൃത്യമായി പറഞ്ഞാൽ 1977 പേരാണ് 24 മണിക്കൂറിനുള്ളിൽ നിരീക്ഷണത്തിലായത്. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ വിടുതൽ ചെയ്തു. 32 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 40 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 419 സാമ്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കാനുളളത്. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 838 അന്വേഷണങ്ങൾ ലഭിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതിനെക്കുറിച്ചുളള പരാതികളാണ് ഇവയിൽ ഏറെയും. പരിശീലനം ലഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. 


നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതിലെ പരാതി ചിലർ ഉന്നയിച്ചു. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ഗ്രാമ തലത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, ജനമൈത്രി പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം നിരീക്ഷണത്തിലുളളവരുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള പ്രവണകൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന ബോധ്യം ഉണ്ടാവണം. റെയിൽവെ  സ്‌റ്റേഷനുകളിലെയും പൊതു കേന്ദ്രങ്ങളിലെയും ഹെൽപ് ഡെസ്‌ക്കുകൾ യാത്രക്കാരെ പരിശോധിച്ച് തുടർ നിർദേശങ്ങൾ നൽകുന്നു. 
വിദേശത്തു നിന്നും വരുന്നവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. നേരിട്ട് പോകരുത്. വളണ്ടിയർമാരുടെ സഹായത്തോടെ പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. അടിയന്തര സാഹചര്യം നേരിടുന്നതിന് താമസ സൗകര്യമുൾപ്പെടെയുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.


 

Latest News