റിയാദ് - ഡെറ്റോൾ കുടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കൊറോണ അടക്കമുള്ള പകർച്ചവ്യാധികളിൽ നിന്നു സംരക്ഷണം നേടുന്നതിന് ആരോഗ്യകരമായ അണുനാശിനിയാണെന്ന് വാദിച്ചാണ് യുവാവ് ഡെറ്റോൾ കുടിക്കുന്ന ലൈവ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. യുവാവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നു പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഡെറ്റോൾ തന്നെയാണോ, അതല്ല, ഡെറ്റോൾ കുപ്പിയിൽ സൂക്ഷിച്ച മറ്റു വല്ല ദ്രാവകവുമാണോ യുവാവ് കുടിച്ചതെന്ന കാര്യം വ്യക്തമല്ല.
സമാന രീതിയിൽ നേരെേത്ത അണുനാശിനികൾ കുടിച്ച രണ്ടു സൗദി യുവാക്കളെ റിയാദിൽ നിന്നും അൽഖസീമിൽ നിന്നും ദിവസങ്ങൾക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനു പുറമെ ഇത്തരം പ്രവൃത്തികൾ അനുകരിക്കുന്നതിന് കുട്ടികളുടെ സഹജവാസനയെ ഇളക്കിവിടുന്ന ചെയ്തികളാണ് യുവാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. സൈബർ ക്രൈം നിയമം അനുസരിച്ചും ബാല സംരക്ഷണ നിയമം അനുസരിച്ചും പ്രതികൾക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.