റിയാദ് - സൗദിയിൽ നിരോധാജ്ഞ പ്രാബല്യത്തിലുള്ളപ്പോൾ ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും ഫാർമസികളിൽ നിന്നും മറ്റും അവശ്യ വസ്തുക്കൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ഓൺലൈൻ ഡെലിവറി ആപ്പുകൾ പ്രവർത്തിക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. ഡെലിവറി സേവനം നൽകുന്ന കമ്പനികൾ ആരോഗ്യ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ആവശ്യപ്പെട്ടു. ഡെലിവറി ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കണം.
കൂടാതെ മാസ്കുകളും കൈയുറകളും ധരിക്കാനും ജീവനക്കാരെ നിർബന്ധിക്കണം. ഓരോ ഓർഡറും ഡെലിവറി ചെയ്യുന്നതിനു മുമ്പും ചെയ്തു കഴിഞ്ഞ ശേഷവും കൈകൾ കഴുകാനും അണുനശീകരണികൾ ഉപയോഗിക്കാനും ജീവനക്കാർക്ക് നിർദേശം നൽകണം. കൂടാതെ പണമിടപാടുകൾ ഒഴിവാക്കി ഓൺലൈൻ പെയ്മെന്റ് സംവിധാനം അവലംബിക്കുകയും വേണം. ഡെലിവറി ജീവനക്കാർ ഉപയോക്താക്കളുമായി ഹസ്തദാനം ചെയ്യാൻ പാടില്ലെന്നും കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ആവശ്യപ്പെട്ടു.






