കായിക താരങ്ങള്‍ മോഡിയുടെ 'മന്‍ കി ബാത്ത്' പ്രഭാഷണം കേള്‍ക്കണമെന്ന് കായിക വകുപ്പ്

ന്യൂദല്‍ഹി- സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുമായി ബന്ധമുള്ള എല്ലാ കായിക താരങ്ങളും അത്‌ലറ്റുകളും ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മന്‍ കി ബാത്ത്' കേള്‍ക്കണമെന്ന് കായിക വകുപ്പിന്റെ നിര്‍ദേശം. ഇതു മാത്രം പോര, റേഡിയോ ശ്രവിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യണമെന്നും ഈ അസാധാരണ കത്തില്‍ ആവശ്യപ്പെടുന്നു. 

രാജ്യത്തെ കായിക പ്രേമികള്‍ കേള്‍ക്കേണ്ട ഒരു വലിയ വാര്‍ത്ത ഇത്തവണ പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപന തലവന്‍മാര്‍ക്കും സായ് മേഖലാ കേന്ദ്രങ്ങള്‍ക്കും കത്തയച്ചിരിക്കുന്നത്. പ്രഭാഷണം കേള്‍ക്കുന്നുണ്ടെന്ന് ഇവര്‍ ഉറപ്പു വരുത്തുകയും സംവിധാനങ്ങളൊരുക്കുകയും വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കായിക വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികളും ഈ പ്രസംഗം കേള്‍ക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കായിക പദ്ധതിയായ ഖേലോ ഇന്ത്യയുടെ പ്രഖ്യാപനം ഇത്തവണ മന്‍ കി ബാത്ത് പ്രഭാഷണത്തിലുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ പദ്ധതി പ്രകാരം 1000 കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി വാര്‍ഷിക സ്റ്റൈപന്റ് നല്‍കും. കായിക രംഗത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും കൂടുതല്‍ ഫണ്ട് ലഭ്യാമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.  

Latest News