അയോധ്യ- കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ അയോധ്യയിൽ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. നിലവിലെ ക്ഷേത്രത്തിലുള്ള രാംലല്ല വിഗ്രഹം താൽക്കാലിക സ്ഥലത്തേക്ക് മാറ്റുന്നതാണ് ആദ്യ ചടങ്ങ്. രാം വിഗ്രഹത്തിനുള്ള പുതിയ സ്ഥലത്തിന്റെ സമർപ്പണം തിങ്കളാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചതായും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ചടങ്ങുകള്‍ ഒരു ദിവസം കൂടി തുടരുമെന്നും വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റും രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ് പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളായ ബിംലെന്ദ്ര മിശ്ര, അനിൽ മിശ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രാർത്ഥന നടത്തിയത്. പുരോഹിതന്‍മാര്‍ക്കൊപ്പം ജില്ലാ കളക്ടറും പ്രാദേശിക എംഎൽഎയും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, കൊവിഡ് ബാധയെ തുടര്‍ന്ന് അയോധ്യയില്‍ അടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കേയാണ് ചടങ്ങുകളുമായി മുന്നോട്ട് പോകുന്നത്. മാർച്ച് 24 വരെ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഭാവി നടപടികൾ തീരുമാനിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് ചമ്പത് റായിയുടെ പ്രതികരണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുധനാഴ്ച അയോധ്യ സന്ദർശിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റായ് വ്യക്തമാക്കി.
മാർച്ച് 25 നാണ് രാംലല്ല വിഗ്രഹം പുതിയ സ്ഥലത്തേക്ക് മാറ്റുക. ഇതിന് ശേഷമായിരിക്കും ഔപചാരിക ശിലാസ്ഥാപനം.