കൊറോണ: ബ്രിട്ടനില്‍ 36കാരി നഴ്സ് ഗുരുതരാവസ്ഥയില്‍

ഇംഗ്ലണ്ട്- കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്ന് ബ്രിട്ടനില്‍ തീവ്രപരിചരണത്തിൽ കഴിയുന്ന നഴ്‌സ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. അരീമ നസ്രീൻ എന്ന 36 കാരിയാണ് വെസ്റ്റ് മിഡ്‌ലാന്റിലെ  ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 

മൂന്ന് കുട്ടികളുടെ മാതാവായ നസ്രീന് ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും 10 ദിവസം മുമ്പ് ശരീരവേദന, പനി, ചുമ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും അവരുടെ കുടുംബം പറയുന്നു. വെള്ളിയാഴ്ചയാണ് അവക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. 16 വർഷമായി ജോലി നഴ്സായി ജോലിചെയുതുവരുന്ന വാൽസാൽ മാനർ ആശുപത്രിയിലാണ് യുവതി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 

"സേവനരംഗത്ത് മുന്നിട്ടിറങ്ങി അതിശയിപ്പിക്കുന്ന, എപ്പോഴും ധാരാളം പേരെ സഹായിക്കുന്ന എന്റെ സഹോദരി ഇപ്പോൾ ഈ വൈറസ് പിടിപെട്ട് ഐസിയുവിലെ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണ്" ഇതേ ആശുപത്രിയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന അവരുടെ സഹോദരി കസീമ നസ്രീൻ (22) ബർമിംഗ്ഹാം ലൈവിനോട് പറഞ്ഞു.  

“ഇത് എത്രത്തോളം അപകടകരമാണെന്ന് എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരിക്ക് 36 വയസ്സ് മാത്രമേയുള്ളൂ, തികച്ചും ആരോഗ്യവതിയായിരുന്നു. അവൾ ചെറുപ്പമാണ് - പ്രായമായവർ മാത്രമല്ല അപകടത്തിലാകുന്നത്. എന്നാല്‍ ആളുകൾ ഇത് ഗൗരവത്തിലെടുക്കുന്നില്ല” നസ്‌റീന്‍ പറയുന്നു. 

ഇപ്പോള്‍ ചികിത്സയിലുള്ള വാൽസാൽ മാനർ ആശുപത്രിയിൽ 2003 മുതൽ  നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അരീമ നസ്രീൻ. 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ സഹപ്രവർത്തകയുടെ അവസ്ഥ വളരെവഷളായതായി ആശുപത്രിയിലെ ഒരു ഡോക്ടർ സ്കൈ ന്യൂസിനോട് പറഞ്ഞു.

ഇതിനകം 5,745 പേർക്ക് ബ്രിട്ടനില്‍ കോവിഡ് 19 ബാധ കണ്ടെത്തിയിട്ടുണ്ട്. 282 പേരാണ് ഈ രോഗം മൂലം രാജ്യത്ത് മരംണമടഞ്ഞത്.

Latest News