Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ നാല് മലയാളികള്‍ക്ക് കോവിഡ്19

ലണ്ടന്‍- ഇറ്റലിയെപ്പോലെ തുടക്കത്തില്‍ കോവിഡ് ഭീഷണി വകവെക്കാതെ അനാസ്ഥ കാണിച്ച ബ്രിട്ടനിലും സ്ഥിതി വഷളാവുന്നു. തുടക്കത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനോ ആളുകള്‍ ഇടപഴകുന്നത് തടയാനോ ശ്രമിക്കാതിരുന്ന ബ്രിട്ടന്‍ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
ബ്രിട്ടനില്‍ ഇതുവരെ 288 പേരാണ് മരിച്ചത്. 5683 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.  ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി.
ഇറ്റലിക്ക് സമാനമായി സ്ഥിതി ബ്രിട്ടനിലുമുണ്ടാകുമെന്ന ഭീതി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തന്നെ പങ്കുവെക്കുന്നുണ്ട്. പരിപൂര്‍ണമായും സര്‍ക്കാരിന്റെ പിടിവിട്ടുപോയ അവസ്ഥയാണ് ഇറ്റലിയില്‍.
കോവിഡ് പരമാവധി പേര്‍ക്ക് വരുന്നത് ആളുകളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന ഉപദേശം കേട്ട് മിണ്ടാതിരിക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു.
 ഇതിനിടെ വൈറസ് ബാധമൂലം ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്.
ബ്രിട്ടനില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. രാജ്യത്ത് പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ എളുപ്പത്തില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളവരാണ്. വൃദ്ധജനങ്ങളും വിവിധതരം രോഗങ്ങള്‍ അലട്ടുന്നവരുമായ ഇവരെ രോഗബാധില്‍നിന്നു സംരക്ഷിക്കാനുള്ള ചുമതല യുവാക്കള്‍ക്കും കുട്ടികള്‍ക്കുമുണ്ടെന്നും ഇതിനുള്ള ഉത്തരവാദിത്തം എല്ലാവരും കാണിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍നിന്നു നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി പേരാണ് ദിവസവും ഇന്ത്യന്‍ എംബസിയില്‍ എത്തുന്നത്. ഇവര്‍ക്ക് എംബസി താല്‍കാലിക താമസ സൗകര്യം നല്‍കുന്നുണ്ട്. എംബസിയുടെ സംരക്ഷണത്തില്‍ നിരവധി മലയാളികളും നാട്ടിലേക്കു മടങ്ങാന്‍ കാത്തിരിക്കുകയാണ്.

 

Latest News