കോവിഡ് -19 പരിശോധന കിറ്റുകള്‍ മോഷ്ടിച്ച യുവാവിനെ തേടി പോലിസ്; സിസിടിവി ദൃശ്യം പുറത്ത്

വാഷിങ്ടണ്‍- കൊറോണ വൈറസ് ബാധ തടയാന്‍ മതിയായ പ്രതിരോധ വസ്തുക്കളോ പരിശോധനാ കിറ്റുകളോ ഇല്ലാതെ ലോകരാഷ്ട്രങ്ങള്‍ വലയുന്നതിനിടെ പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ച് യുവാവ്. അരിസോണയിലെ ടക്‌സണ്‍ സിറ്റിയിലാണ് സംഭവം. ഇവിടുത്തെ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് 29 പരിശോധന കിറ്റുകളാണ് മോഷ്ടിച്ചത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവര്‍ എന്ന വ്യാജേനയെത്തിയ യുവാവ് ഹെല്‍ത്ത് ക്ലിനിക്കില്‍ നിന്ന് കിറ്റുകളുമായി കടന്നുകളയുകയായിരുന്നു. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ക്ക് 5.9 സെമീ ഉയരം തോന്നിക്കും.

പ്രതിയെ പോലിസ് ഹിസ്പാനിക് മനുഷ്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. താടിയുള്ള ഈ ചെറുപ്പക്കാരന്‍ ചുവപ്പ് നിറമുള്ള വാഹനത്തിലാണ് കടന്നുകളഞ്ഞത്. അതേസമയം പൂര്‍ണ്ണമായും സജ്ജീകരിച്ച ലാബില്ലാതെ പരിശോധനകള്‍ ഉപയോഗശൂന്യമാണെന്നും ഫലങ്ങള്‍ വ്യാഖ്യാനിക്കാന്‍ പ്രൊഫഷണല്‍ സ്റ്റാഫ് വേണമെന്നും പോലിസ് പറഞ്ഞു. കൊറോണ വൈറസിനായുള്ള ഹോം ടെസ്റ്റ് കിറ്റുകള്‍ നിലവിലില്ല, കിറ്റുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപാലകരെ ബന്ധപ്പെടണമെന്ന് പോലീസ് പറയുന്നു.ഇയാളെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് പോലിസ്.യുഎസില്‍ കൊറോണ വൈറസ് പരിശോധന കിറ്റുകള്‍ക്ക് ദൗര്‍ലഭ്യത നേരിടുന്നതിനിടെയാണ് ഈ സംഭവം. പ്രതിരോധ വസ്തുക്കള്‍ക്കും വെന്റിലേറ്ററിനുമൊക്കെ രാജ്യത്ത് പ്രതിസന്ധിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
 

Latest News