Sorry, you need to enable JavaScript to visit this website.

ലൈംഗികാരോപണം ചീഫ് ജസ്റ്റിന്റെ വിശ്വാസ്യത തകർക്കാൻ, തെരഞ്ഞെടുപ്പ് ബോണ്ട് കേസ് ഓർമ്മയില്ല-ഗൊഗോയ്

ന്യൂദൽഹി- ചീഫ് ജസ്റ്റിസ് ഓഫിസിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതെന്നും നിയമപ്രകാരം മാത്രമാണ് അക്കാര്യത്തിൽ ഇടപെട്ടതെന്നും മുൻ ചീഫ് ജസ്റ്റീസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. ശനിയാഴ്ചയായിട്ടും കേസ് പരിഗണിക്കാൻ കാരണം ഓഫീസിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ല എന്നതുകൊണ്ടായിരുന്നു. കേസ് പരിഗണിക്കാൻ മൂന്ന് ജഡ്ജിമാരുണ്ടായിരുന്നു. കേസ് പരിഗണിക്കുന്നതിൽ തന്നെ സ്വയം ഉൾപ്പെടുത്തിയതിനെ സംബന്ധിച്ച് ഗൊഗോയ് പറഞ്ഞത് ആ ഉത്തരവിൽ താൻ ഒപ്പുവെച്ചിട്ടില്ല എന്നായിരുന്നു. 
ലൈംഗിക പീഡനം സംബന്ധിച്ച കേസുകൾ ഉയരുമ്പോൾ പിന്തുടരേണ്ട മാനദണ്ഡങ്ങൾ സുപ്രീം കോടതിക്ക് ബാധകമല്ല. വൈശാഖ മാനദണ്ഡങ്ങളോ പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്‌മെന്റ് ആക്ടോ ബാധകമല്ല. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് അന്വേഷണം നടന്നത്. ആ മാനദണ്ഡങ്ങൾ അനുസരിച്ച് അഭിഭാഷകനെ അനുവദിക്കുകയോ സാക്ഷിയെ വിസ്തരിക്കുകയോ ചെയ്യേണ്ടതില്ല. ആരോപണത്തിൽ കുറ്റവിമുക്തനായെങ്കിലും എല്ലാ ദിവസവും എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നു. ചീഫ് ജസ്റ്റിസിന് കേസുകൾ ശരിയായ മാനസികാവസ്ഥയിൽ കേൾക്കാൻ കഴിയാത്ത സഹചര്യമുണ്ടായെന്നും ഗൊഗോയ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസ് നീട്ടിവെച്ചത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയല്ലേ എന്ന ചോദ്യത്തിന് ആ കേസ് ഓർമ്മയില്ലെന്ന വിചിത്രവാദമാണ് ഗൊഗോയ് ഉയർത്തിയത്. തന്റെ ഒരു വിധിയും സർക്കാറിന് വേണ്ടിയായിരുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു. ടൈംസ് നൗവിനാണ് ഗൊഗോയ് അഭിമുഖം അനുവദിച്ചത്. 
 

Latest News