ലണ്ടൻ- കൊറോണ വൈറസ് വ്യാപനത്തിനെതിരെ സമ്പൂർണ്ണ ലോക്ക്ഡൗൺ കൊണ്ട് മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യസംഘടന. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയും അവരെയും അവരുമായി ബന്ധപ്പെട്ടവരെയും ഉടൻ തന്നെ ഒറ്റയ്ക്ക് പാർപ്പിക്കുകയുമാണ് വൈറസ് വ്യാപനത്തിനെതിരെ ചെയ്യേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സംഘം തലവൻ മൈക് റ്യാൻ അഭിപ്രായപ്പെട്ടു. വിദഗ്ദമായ ആരോഗ്യസംവിധാനങ്ങളില്ലാത്ത സ്ഥലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് അത് എടുത്തുകളയുകയും ചെയ്താൽ രോഗം വീണ്ടും രംഗത്തെത്തും. ലോകത്തുടനീളം നിരവധി രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സഹചര്യത്തിലാണ് പ്രസ്താവന. ചൈനയും സിംഗപ്പൂരും ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം രോഗബാധ സംശയിക്കുന്ന മുഴുവനാളുകളെയും പരിശോധനക്ക് വിധേയമാക്കുകയാണ് ചെയ്തത്. വൈറസിനെ അടിച്ചമർത്തിയതുകൊണ്ട് കാര്യമില്ല. അതിനെ പിന്തുടർന്ന് ഇല്ലാതാക്കുന്നത് വരെ പോരാട്ടം തുടരണം. വൈറസിനെതിരെ നിരവധി മരുന്നുകൾ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണം എന്ന് പൂർത്തിയാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






