കല്‍പറ്റ-കൊറോണ പ്രതിരോധത്തിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ ലംഘനത്തിനു വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതു 15 കേസ്. നിരീക്ഷണത്തിലിരിക്കെ പൊതുസ്ഥലങ്ങളില്‍ ചുറ്റിയടിക്കല്‍, 20ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു പ്രാര്‍ത്ഥന നടത്തല്‍, കച്ചവടസ്ഥാപനത്തില്‍ ആള്‍ക്കുട്ടത്തെ അനുവദിക്കല്‍, ജനതാകര്‍ഫ്യൂ ദിനത്തിലെ മാംസവില്‍പന, വ്യാജ പ്രചാരണം എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍.
ജനതാകര്‍ഫ്യൂദിനത്തില്‍ പടിഞ്ഞാറത്തറെ തെങ്ങുമുണ്ടയില്‍ മാംസ വില്‍പന നടത്തിയതിനു തെങ്ങുമുണ്ട പുത്തൂര്‍വീട്ടില്‍ സജിത്(37), അബ്ദുല്‍റഷീദ്(37) എന്നിവര്‍ക്കെതിരെയാണ് പടിഞ്ഞാറത്തറ പോലീസ് കേസെടുത്തത്. പ്രതികളെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടു. പകര്‍ച്ചവ്യാധിക്കു ഇടവരുത്തുകയെന്ന ലക്ഷ്യത്തോടെ മാംസവില്‍പന നടത്തിയെന്നാണ് കേസ്.
20ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു പ്രാര്‍ഥന സംഘടിപ്പിച്ചതിനു നാലു പള്ളി കമ്മിറ്റികള്‍ക്കെതിരെയാണ് കേസ്. സമൂഹമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയതിനു രണ്ടു കേസാണ് രജിസ്റ്റര്‍ ചെയ്തത്. നാലു പേരെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടു. നിരീക്ഷണത്തിലിരിക്കെ വീടിനു പുറത്തിറങ്ങി പൊതുസ്ഥലങ്ങളില്‍ എത്തിയതിനു തരുവണ പരിയാരംമുക്ക് മണിമ വീട്ടില്‍ നിസാമുദ്ദിനാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. നേരത്തേ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. ജാമ്യം അനുവദിച്ച് ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കയാണ്. കല്‍പ്പറ്റ മണിയങ്കോട് സ്വദേശി സുധീഷിനെതിരെ(26)കേസെടുത്തിട്ടുണ്ട്. സുധീഷിന്റെ നിര്‍ദേശലംഘനം ജില്ലാ സൈബര്‍ സെല്ലിന്റെ ജിയോ ഫെന്‍സ് സംവിധാനം വഴിയാണ് കണ്ടെത്തിയത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ചതിനു കമ്പളക്കാട് ടൗണിലെ ഹൈപ്പര്‍സിറ്റി സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍മാര്‍ക്കെതിരെയാണ് കേസെടുത്ത്. മാനേജര്‍മാരായ കമ്പളക്കാട് പന്തലംകുന്ന് സിറാജുദ്ദിന്‍(26), അഞ്ചുകുന്ന് കണിയാങ്കണ്ടി ഫൈസല്‍(35) എന്നിവരെ കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തു ജാമ്യം അനുവദിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ തിങ്ങിനിറയുന്നതുകണ്ട് നല്‍കിയ നിര്‍ദേശം അവഗണിച്ചു കച്ചവടം തുടര്‍ന്ന സാഹചര്യത്തിലായിരുന്നു പോലീസ് ഇടപെടല്‍.
നിര്‍ദേശങ്ങളുടെ ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു.






