കണ്ണൂർ- ദുബായിൽ നിന്നും ബംഗളുരുവഴി കൂട്ടുപുഴ അതിർത്തി കടന്ന് നാട്ടിലെത്തിയ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. പോലിസും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 40 ഓളം പേർ നിരീക്ഷണത്തിൽ. ദുബായിൽനിന്നും വിമാന മാർഗ്ഗം ബംഗലുരുവിലെത്തി, തുടർന്ന് റോഡു വഴി കൂട്ടുപുഴ അതിർത്തി കടന്ന് നാട്ടിലെത്തിയ പന്ത്രണ്ടംഗ സംഘത്തിലെ കണ്ണൂർ ജില്ലക്കാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ യുവാവിനൊപ്പമുണ്ടായിരുന്ന പതിനൊന്നു പേരും നിരീക്ഷണത്തിലാണ്.
ദുബായിൽ വിവിധ കമ്പനിയിൽ ജോലി ചെയ്തിരുന്ന പന്ത്രണ്ടംഗ സംഘമാണ് കഴിഞ്ഞ ദിവസം ബംഗളുരു വിമാനത്താവളത്തിലെത്തി
യത്. തുടർന്ന് നാട്ടിലെത്തുന്നതിനായി ബംഗളുരുവിൽനിന്നും ടാക്‌സിയിൽ പുറപ്പെട്ട സംഘത്തെ കൂട്ടുപുഴ ആർ.ടി ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് തടഞ്ഞതിനെ തുടർന്ന് ടാക്‌സി ഉപേക്ഷിച്ച സംഘം കൂട്ടുപുഴയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര തുടർന്നെങ്കിലും കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്ത പരിശോധന സംഘം ഇവരെ ബസ്സിൽ നിന്നും ഇറക്കി ഇരിട്ടി താലൂക്ക് ആശുപത്രി യിലെത്തിച്ച് ശേഷം നിരീക്ഷണത്താലാക്കുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ 9 മണി യോടെയാണ് 12 അംഗ സംഘത്തെ എക്‌സൈസ്- ആരോഗ്യ-റവന്യൂ - പൊലിസ് സംഘം തടഞ്ഞു വെച്ചത്. തുടർന്ന് 108 ആംബുലൻസ് കാത്ത് മണിക്കൂറോളം സംഘാംഗങ്ങൾ റോഡിൽ അലക്ഷ്യമായി കുത്തിയിരിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വാർത്ത ശേഖരിക്കാനെത്തിയ ഇരിട്ടിയിലെ നാല് മാധ്യമ പ്രവർത്തകരും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എക്‌സൈസ് ഇൻസ്‌പെക്ടർ അടക്കം 17 ഉദ്യോഗസ്ഥർ, ഇരിട്ടി എസ്.ഐ യുൾപ്പെടെ രണ്ട് വനിതാ സിവിൽ പോലിസ് ഓഫീസറടക്കം അഞ്ചു പോലിസുകാർ, റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ 49 ഓളം പേർ വീട്ടു നിരീക്ഷണത്തിലായിരിക്കുകയാണ്. പന്ത്രണ്ടംഗ സംഘത്തിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംഘത്തിലുണ്ടാ
യിരുന്ന മറ്റുള്ളവരെയും കർശന നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടിക പുറത്തുവിടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ, കണ്ണൂരിൽ ഇന്നലെ നാലു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ശനിയാഴ്ച എറണാകുളത്ത് സ്ഥിരികരിച്ച മൂന്നു പേർ കണ്ണൂർ സ്വദേശികളാണ്. ഇതോടെ നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചകണ്ണൂർ ജില്ലക്കാരുടെ എണ്ണം പത്തായി. കണ്ണൂരിലെ കുഞ്ഞിമംഗലം, ചപ്പാരപ്പടവ്, കുത്തുപറമ്പ്, നാറാത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗബാധ സ്ഥിരീകരിച്ചവർ. ഇവർ നാലു പേരും ദുബായിൽ നിന്നും നാട്ടിലെത്തിയ ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമാണ്. രണ്ട് പേർ കണ്ണുർ ഗവ.മെഡിക്കൽ കോളേജിലും, ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും, ഒരാൾ തലശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.






