കൊച്ചി - എറണാകുളം ജില്ലയിൽ ഇന്ന് 930 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 420 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ജില്ലയിൽ നിലവിൽ ആശുപത്രികളിലും വീടുകളിലും ആയി നിരീക്ഷണത്തിൽ 3984 പേരുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ 3961 പേരുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23 ആണ്. 19 പേർ മെഡിക്കൽ കോളേജിലും, നാലു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ഇന്ന് പുതുതായി 6 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷൻ സംവിധാനങ്ങളിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നു പേർ കളമശ്ശേരി മെഡിക്കൽ കോേളജിലും, 3 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എയർപോർട്ട് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ 46 സ്‌ക്വാഡുകൾ രോഗ നിരീക്ഷണ, പരിശോധനകൾക്കായി പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര ടെർമിനലിലെ ആഗമന മേഖലയിൽ മാത്രം 29 സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു. ഓരോ ഫ്‌ളൈറ്റുകളിലും വന്നിറങ്ങുന്ന യാത്രക്കാരുടെ ലിസ്റ്റ് സൂക്ഷിച്ച് വെച്ച്, അതിൽ ആരെങ്കിലും പിന്നീട് കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ ഒപ്പം സഞ്ചരിച്ച യാത്രികരെ ഉടനെ തന്നെ ജാഗരൂകരാക്കുവാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും പൊതു നിരത്തുകളിലൂടെ 7 സ്‌ക്വാഡുകളുടെ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. ജനത കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ 1833 വാർഡുകളിൽ ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന ഭവന സന്ദർശനങ്ങൾ ഒഴിവാക്കി.
ജില്ലയിൽ നിലവിൽ 72 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, തുടങ്ങിയ സ്ഥലങ്ങൾ ആണ് ആവശ്യമെങ്കിൽ യാത്രികരെ നിരീക്ഷണത്തിൽ പാർപ്പിക്കുവാൻ ഉള്ള സൗകര്യം എന്ന നിലയിൽ കോവിട് കെയർ സെന്ററുകൾ ആയി ഒരുക്കിയിട്ടുള്ളത്. നിലവിൽ 8 പേർ തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള കെയർ സെന്ററിൽ ഉണ്ട്. 1801 മുറികൾ ഇവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ മൂന്നു കപ്പലുകളിലെ 148 യാത്രക്കാരെയും 101 ക്രൂ അംഗങ്ങളെയും പരിശോധിച്ചു. ഇതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.
കപ്പലിൽ നിന്നും ജോലി കഴിഞ്ഞു 'സൈൻ ഓഫ്' ചെയ്തിറങ്ങിയ ഒരു മലയാളി ഉൾപ്പെടെയുള്ള ആറു പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധന, സാമ്പിൾ ശേഖരണം എന്നിവ നടത്തിയ ശേഷം 14 ദിവസത്തെ നിരീക്ഷണത്തിനായി തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള 'കൊറോണ കെയർ സെന്ററിലേക്ക് മാറ്റി.ശനിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ കൊച്ചി വിമാനത്താവളത്തിലെ അന്തരാഷ്ട്ര ടെർമിനലിൽ എത്തിയ 13 വിമാനങ്ങളിലെ 2043 യാത്രക്കാരെ പരിശോധിച്ചു.
ഇതിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ വിവിധ ജില്ലകളിൽ പെട്ട 46 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചു.