കോഴിക്കോട് രണ്ട് പേര്‍ക്ക് കൊറോണ; ഇന്ന് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്,  രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ


തിരുവനന്തപുരം-  കേരളത്തില്‍ കൊറോണ കേസുകള്‍ ഉയരുന്നു. പതിനഞ്ച് പേര്‍ക്കാണ് ഇന്ന് മാത്രം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.കാസര്‍ഗോഡ് അഞ്ച് പേര്‍, കണ്ണൂര് നാലുപേര്‍,മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍,എറണാകുളം ജില്ലയില്‍ രണ്ട് പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അതേസമയം കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിലവില്‍ ഏഴ് ജില്ലകളിലായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്നത്തെ പരിശോധനാഫലങ്ങള്‍ വന്നപ്പോള്‍  കോഴിക്കോടും കൊറോണ പട്ടികയില്‍ ഉള്‍പ്പെട്ടു. രണ്ട് പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊടുവള്ളി സ്വദേശിനിയായ 42 കാരിയ്ക്കും വടകര ആയഞ്ചേരി സ്വദേശിക്കുമാണ് വൈറസ് പരിശോധന പോസിറ്റീവായത്. കൊടുവള്ളി സ്വദേശിനി അബുദബിയില്‍ നിന്നാണ് എത്തിയത്. ആയഞ്ചേരി സ്വദേശി ഈ മാസം സൗദി അറേബ്യയില്‍ നിന്നാണ് വന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 67 പേര്‍ക്കാണ്. മൂന്ന് പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. 59,295 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
 

Latest News