തിരുവനന്തപുരം-കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 75 ജില്ലകളില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അടച്ചിടാന്‍ നിര്‍ദേശിക്കപ്പെട്ട ജില്ലകളില്‍ കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടേണ്ടത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ സംസ്ഥാന സർക്കാരിന്‍റെ പ്രതികരണം അറിവായിട്ടില്ല. നിർദേശം ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ഉന്നതതല യോഗം ചേരുമെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.






