റോം- കൊറോണ വൈറസ് മരണസംഖ്യ 13,000 കവിഞ്ഞിരിക്കെ, ലോകമെമ്പാടുമായി 100 കോടി ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ അടച്ചിരിക്കയാണ്. കോവിഡ് ഏറ്റവും കൂടുതല്‍ മരണത്തിനിടയക്കിയ ഇറ്റലിയില്‍ ഫാക്ടറികള്‍ പൂര്‍ണമായും അടച്ചുപൂട്ടി. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിക്ക് ഇനിയും ഭീതിയില്‍നിന്ന് പുറത്തുകടക്കാനായിട്ടില്ല.
കൊറോണ വ്യാപന പരിഭ്രാന്തി 35 രാജ്യങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കാരണമായത്. അതിര്‍ത്തികള്‍ അടച്ചിട്ടതും യാത്രകളും വ്യാപാരങ്ങളും തടഞ്ഞതും ജനജീവിതം താറുമാറാക്കി. വൈറസ് വ്യാപനം സമ്പദ്ഘടനകളെ തകര്‍ത്തുകൊണ്ടിരിക്കെ പിടിച്ചുനില്‍ക്കാന്‍ വിവിധ രാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളറുകള്‍ അടിയന്തരമായി ചെലവഴിക്കുകയാണ്.
മൂന്ന് ലക്ഷത്തിലേറെ കോവിഡ് ബാധയാണ് വിവിധ രാജ്യങ്ങളിലായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ മരണനിരക്ക് 4,800 കടന്നു. ലോകത്തുണ്ടായ കൊറോണ മരണത്തിന്റെ മൂന്നിലൊന്നും ഇറ്റലിയിലാണ്. അത്യാവശ്യമല്ലാത്ത എല്ലാ ഫക്ടറികളും അടച്ചു പൂട്ടുന്നതായി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ശനിയാഴ് രാത്രിയാണ് ടെവിഷന്‍ പ്രംഗത്തില്‍ പ്രഖ്യാപിച്ചത്.
ആറു കോടി ജനസംഖ്യയുള്ള മെഡിറ്ററേനിയന്‍ രാജ്യമായ ഇറ്റലിയാണ ഇപ്പോള്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മധ്യ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട രോഗം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പരക്കുകയായിരുന്നു. ചൈനയും രോഗ വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇറാനും കൂടിച്ചേര്‍ന്നതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച കോവിഡ് ബാധകളില്‍ മരണനിരക്ക് 8.6 ശതമാനമാണ്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.






