കൊണ്ടോട്ടി- കോവിഡ് 19നെ തുടർന്ന് യാത്ര വിലക്ക് വന്നതോടെ കരിപ്പൂരിൽ വിമാനങ്ങളുടെ ചിറകടി നിലക്കുന്നു. അന്താരാഷ്ട്ര സെക്ടറിലേക്കുളള അവസാന വിമാനം ഞായറാഴ്ച മസ്‌ക്കറ്റിലേക്ക് പുറപ്പെടും. എന്നാൽ ഈ വിമാനത്തിൽ ഒമാൻ പൗരൻമാർക്ക് മാത്രമാണ് യാത്രക്ക് അനുമതിയുളളത്. മസ്‌കത്തിൽനിന്നുളള അവസാന വിമാനം രാവിലെ 7.10 ന് കരിപ്പൂരിലെത്തി 8.10ന് തിരിച്ച് പറക്കും.
വിദേശ രാജ്യങ്ങൾ നിലച്ചതോടെ ദൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരിൽനിന്നു ആഭ്യന്തര സർവീസുകളുളളത്. ഫെബ്രുവരി 27 മുതലാണ് സൗദി ഉംറ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ കരിപ്പൂരിൽനിന്നും സൗദി സെക്ടറിലേക്കുളള സർവീസുകളിൽ തിരക്ക് കുറഞ്ഞു.
മാർച്ച് എട്ടിനാണ് കുവൈത്തിലേക്കുളള വിലക്ക് നിലവിൽ വന്നത്. ഇതോടെ കുവൈത്തിലേക്ക് കരിപ്പൂരിൽ നിന്നുളള എയർഇന്ത്യ സർവീസുകൾ നിർത്തിവെച്ചു. ഇതിന് പിറകെയാണ് ഖത്തറിലേക്കും നിയന്ത്രണം വരുന്നത്. ഇതോടെ ദോഹയിലേക്കുളള സർവീസുകൾ ഇൻഡിഗോയും എയർഇന്ത്യ എക്‌സ്പ്രസും നിർത്തി. എന്നാൽ, ഖത്തർ എയർവേയ്‌സ് കഴിഞ്ഞ ദിവസം വരെ സർവീസുകൾ നടത്തിയിരുന്നു. ഖത്തറിൽ നിന്നും കരിപ്പൂരിലേക്ക് മാത്രമാണ് യാത്രക്കാർക്ക് അനുമതിയുണ്ടായിരുന്നത്. തിരിച്ച് ട്രാൻസിറ്റ് യാത്രക്കാരെ മാത്രമാണ് കൊണ്ടുപോയത്.