Sorry, you need to enable JavaScript to visit this website.

കാസർകോട്ടെ കൊറോണ ബാധിതനുമായി സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ

കണ്ണൂർ-  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർകോട് സ്വദേശി, തളിപ്പറമ്പിലെ മരണവീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് 20 ഓളം പേരെ പ്രത്യേകം നിരീക്ഷണത്തിലാക്കി.
ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തിരുന്ന ചപ്പാരപ്പടവ് സ്വദേശിയായ യുവാവിനെ ആശുപത്രിയിലും, ഇയാളുടെ പിതാവിനെ വീട്ടിലും നിരീക്ഷണത്തിലാക്കി. തളിപ്പറമ്പിലെ മരണവീട്ടിൽ ഉണ്ടായിരുന്നവരുടെ വിശദ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇത് പുറത്തുവിട്ടിട്ടില്ല. ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
കണ്ണൂർ ജില്ലയിൽ കോവിഡ് 19 ബാധ സംശയിച്ച് 38 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 8 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 19 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 11 പേരുമാണുള്ളത് . 5172 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനക്കയച്ച 143 സാമ്പിളുകളിൽ ഒരെണ്ണം പോസിറ്റീവും 128 എണ്ണം നെഗറ്റീവുമാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസ്
കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ചടങ്ങുകൾ സംഘടിപ്പിച്ച ആരാധനാലയ കമ്മിറ്റികൾക്കും പങ്കെടുത്തവർക്കുമെതിരെ കേസെടുത്തു. തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര കമ്മിറ്റി, പിലാത്തറ ജുമാ മസ്ജിദ്, ഇരിട്ടി ടൗൺ ജുമാ മസ്ജിദ്, മട്ടന്നൂർ പാലോട്ടു പളളി, പത്തൊമ്പതാം മൈൽ പളളി, മാലൂർ ശിവപുരം മസ്ജിദ് കമ്മിറ്റികൾക്കെതിരെയാണ് കേസ്. 
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ മുഴുവൻ അടച്ചിടാൻ തീരുമാനമായി. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ കൂടിപ്പിരിയൽ ചടങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സാധാരണ നിലയിൽ പതിനായിരത്തിലേറെ പേരാണ് ഈ ചടങ്ങിൽ സംബന്ധിക്കാറുള്ളത്. ചടങ്ങ് മാത്രമായി നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നൂറു കണക്കിന്‌പേരാണ് ചടങ്ങിനെത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ തിങ്ങിക്കൂടിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം തളിപ്പറമ്പ് പോലീസാണ് കേസെടുത്തത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കുമെതിരെയാണ് കേസ്.
ജുമുഅ നമസ്‌കാരത്തിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്ത പിലാത്തറ ബദർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കെതിരെ പരിയാരം പോലീസാണ് കേസെടുത്തത്. മറ്റ് നാല് പളളികൾ ഇരിട്ടി സബ് ഡിവിഷനു കീഴിലാണ്. ആളുകളെ കുറച്ച് ചടങ്ങ് നടത്തണമെന്ന് ഇരിട്ടി ഡിവൈ.എസ്.പി പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം പാലിക്കാതെ, നൂറുകണക്കിനാളുകളെ ചടങ്ങുകളിൽ പങ്കെടുപ്പിച്ചതിനാണ് കേസ്.
ജില്ലയിലെ മുഴുവൻ ആരാധനാലയങ്ങളും 14 ദിവസത്തേക്ക് അടച്ചിടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര കലക്ടർക്ക് റിപ്പോർട്ട് നൽകി. കൊറോണ ബാധയെ പ്രതിരോധിക്കുന്നതിൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആരാധനാലയങ്ങൾക്ക് പോലീസ് ചുമത്തുന്ന നിയന്ത്രണങ്ങൾ പലതും പാലിക്കാൻ തയാറാവാത്ത സാഹചര്യത്തിലാണിത്. 
അതിനാൽ പൊതുവായ ഉത്തരവുണ്ടാവണമെന്നാണ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ കലക്ടർ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇതു സംബന്ധിച്ച് ഉത്തരവിറക്കാനാണ് തീരുമാനം.


മുങ്ങിയ തടവുകാരനെച്ചൊല്ലി ആശങ്ക
അതിനിടെ, കണ്ണൂർ സെൻട്രൽ  ജയിലിൽ കോവിഡ് 19  ആശങ്ക. പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി ജയിലിൽ എത്തിച്ചപ്പോൾ പനി കണ്ടെത്തിയതാണ് ആശങ്കക്ക് ഇടയാക്കുന്നത്. ഇയാളെ  ജയിലിൽ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റി. ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങിയ കൂത്തുപറമ്പ് മൂര്യാട് സ്വദേശി അണ്ടേരി വിപിനെ (34) മഹാരാഷ്ട്രയിലെ ഷോലാപ്പൂരിൽനിന്നാണ് പോലീസ് പിടികൂടിയത്.
ജനുവരി 30 ന് പരോളിലിറങ്ങിയ വിപിന്റെ പരോൾ ഒന്നര മാസം സർക്കാർ നീട്ടി നൽകിയിരുന്നു. ഇതനുസരിച്ച് മാർച്ച് 16ന് വൈകുന്നേരം ജയിലിൽ തിരികെ എത്തേണ്ടതായിരുന്നു. എന്നാൽ അതേ ദിവസം ഉച്ചക്കു വീട്ടിൽ നിന്നിറങ്ങിയ വിപിൻ, ജയിലിലേക്കു പോകാതെ മുങ്ങി. വിപിന്റെ ഭാര്യയും ജയിൽ അധികൃതരും നൽകിയ പരാതിയിൽ കേസെടുത്ത കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തടവുകാരൻ മഹാരാഷ്ട്രയിലുണ്ടെന്നു കണ്ടെത്തുകയും അവിടെയെത്തി അറസ്റ്റു ചെയ്ത് കണ്ണൂരിലെത്തിക്കുകയുമായിരുന്നു. എന്നാൽ ജയിലിൽ എത്തിച്ച പ്രതിക്ക് പനിയും ചുമയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പൊതു സെല്ലിൽ ഇടാതെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ പാർപ്പിക്കുകയാണ്.


കൊറോണ വൈറസ് രാജ്യത്ത് ഏറ്റവും കൂടുതൽ  പേർക്ക് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് പ്രതികരിച്ചു. ജയിൽ ഡി.ജി.പിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

 

Latest News