കണ്ണൂർ- കൊറോണ ബാധയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവുമായി ബന്ധപ്പെട്ട് വീട്ടമ്മ ഡിസൈൻ ചെയ്ത പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. തൃപ്പൂണിത്തുറ സ്വദേശിനി ശ്യാമ കൊട്ടാരത്തിലാണ് കൊറോണയേയും ക്രിക്കറ്റിനേയും സംയോജിപ്പിച്ച് പോസ്റ്റർ ഡിസൈൻ ചെയ്തത്. ഇത് മണിക്കൂറുകൾക്കുള്ളിൽ തരംഗമായി.
ഇന്ത്യാ വേഴ്‌സസ് കൊറോണ, ഔവർ ഹോം സ്‌റ്റേഡിയത്തിൽ 22 മാർച്ച് 7 മണി മുതൽ 9 മണി വരെ നടക്കുന്നുവെന്നാണ് ബാറ്റ് ഏന്തിയ കുടുംബാംഗങ്ങളുടെ ചിത്രത്തിന്റെ താഴെയായി ചേർത്തിരിക്കുന്നത്. സപ്പോർട്ട് ജൻ കർഫ്യൂ എന്ന ടാഗുമുണ്ട്.
എം.സി.ജെ ബിരുദധാരിയായ ശ്യാമ, നേരത്തെ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെക്കുറിച്ചുള്ള ജീവചരിത്ര ആൽബത്തിന്റെയടക്കം രചന നിർവഹിച്ചിട്ടുണ്ട്.