മക്ക - കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയവരെയും ക്വാറന്റൈനിലാക്കുന്നതിന് അൽമർജാൻ ഗ്രൂപ്പ് മക്കയിൽ ആഡംബര ഹോട്ടൽ സൗജന്യമായി വിട്ടുനൽകി. ഫർണിച്ചർ അടക്കം എല്ലാവിധ സൗകര്യങ്ങളോടെയും പൂർണ തോതിൽ സജ്ജീകരിച്ച 304 മുറികൾ അടങ്ങിയ ഹോട്ടൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപയോഗത്തിനു വേണ്ടി വിട്ടുനൽകാനുള്ള തീരുമാനം അൽമർജാൻ ഗ്രൂപ്പ് ഉടമകളായ അബ്ദുറഹ്മാൻ ഖാലിദ് ബിൻ മഹ്ഫൂസും സഹോദരൻ ഖാലിദുമാണ് പ്രഖ്യാപിച്ചത്.
കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് സ്വകാര്യ മേഖല നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഹോട്ടൽ സൗജന്യമായി വിട്ടുനൽകുന്നതെന്ന് ഇരുവരും പറഞ്ഞു. കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത റിയാദിലും കിഴക്കൻ പ്രവിശ്യയിലുമെല്ലാം ഹോട്ടലുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. റിയാദിൽ 13 പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളാണ് ക്വാറന്റൈനുകളാക്കിയിരിക്കുന്നത്.