ന്യൂദല്‍ഹി- രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 293 ആയി ഉയര്‍ന്നു. നാലുപേരാണ് രോഗം ബാധിച്ച് മരിച്ചത്. നിരവധി ആളുകള്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.മധ്യപ്രദേശ് ആണ് ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുള്ള സംസ്ഥാനമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കേരളത്തില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. പുതുതായി കൊറോണ സ്ഥിരീകരിച്ചവര്‍ മുഴുവനും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലുള്ളവരും ആറ് പേര്‍ കാസര്‍ഗോഡും മൂന്ന് പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരുമാണ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത് 228 പേരാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത് അരലക്ഷത്തില്‍പരം ആളുകളെയാണ്. ഇന്ന് മാത്രം എഴുപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 3716 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 2566 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.






