കൊറോണ ബാധിതര്‍ സഞ്ചരിച്ചു; ട്രെയിന്‍ യാത്രകള്‍ മാറ്റിവെക്കാന്‍ റെയില്‍വേയുടെ നിര്‍ദേശം


ന്യൂദല്‍ഹി-  കോവിഡ് 19 ബാധിതര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആളുകള്‍ തീവണ്ടി യാത്ര മാറ്റിവെക്കണമെന്ന് നിര്‍ദേശിച്ച് റെയില്‍വേ അധികൃതര്‍.മാര്‍ച്ച് 13 നും മാര്‍ച്ച് 16നും ഇടയില്‍ പന്ത്രണ്ടോളം കൊറോണ ബാധിതര്‍  ട്രെയിനുകളില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. അതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആളുകള്‍ കഴിവത്ര ട്രെയിന്‍ യാത്രകള്‍ മാറ്റിവെക്കണമെന്ന് അധികൃതര്‍ പറയുന്നു.

എല്ലാ യാത്രകളും മാറ്റിവെച്ച് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായി ഇരിക്കണമെന്ന് റെയില്‍വേ മന്ത്രാലയം തങ്ങളുടെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ 283 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ മരിച്ചുവെന്നും റെയില്‍വേ ട്വീറ്റില്‍ പറയുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ളത്. 52 കേസുകളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.ബിഹാര്‍ സര്‍ക്കാരിനോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാരെ പരിശോധിക്കാന്‍  പ്രത്യേകം സൗകര്യങ്ങളൊരുക്കി നല്‍കണമെന്ന് ദക്ഷിണ റെയില്‍വേ അഭ്യര്‍ത്ഥിച്ചു.

Latest News