Sorry, you need to enable JavaScript to visit this website.

വേലി തന്നെ വിള തിന്നുന്ന ന്യായാസനം


2002 ലെ ഗുജറാത്ത് വംശഹത്യ തെഹൽക്കക്കു വേണ്ടി അന്വേഷിച്ച റാണാ അയ്യൂബ് അവരുടെ ഗുജറാത്ത് ഫയൽസ് എന്ന ഗ്രന്ഥത്തിൽ ഉദ്യോഗസ്ഥ ഭരണകൂട അവിശുദ്ധ ബന്ധത്തിന്റെ ഞെട്ടിക്കുന്ന ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്. 2010 ലാണ് മൈഥിലി ത്യാഗി എന്ന കള്ളപ്പേരിൽ, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നുള്ള സിനിമാക്കാരിയായി വേഷം കെട്ടിക്കൊണ്ട് സ്റ്റിംഗ് ഓപറേഷനിലൂടെ വംശഹത്യയുടെ നാളിലെ യാഥാർഥ്യങ്ങൾ തെളിവുസഹിതം പുറത്തു കൊണ്ടുവരുന്നത്. അവർ അഭിമുഖം നടത്തിയ പ്രമുഖരിലൊരാൾ വംശഹത്യക്കാലത്ത് ഹോം സെക്രട്ടറിയായിരുന്ന അശോക് നാരായണനാണ്. സാത്വികൻ, ഉറുദു കവി, മതഭ്രാന്തില്ലാത്തവൻ, അന്ന് നടന്ന കാര്യങ്ങളിൽ ഏറെ ദുഃഖമുള്ള മനുഷ്യ സ്‌നേഹി. വംശഹത്യയിൽ മോഡിയുടെ പങ്ക് വ്യക്തമായി അറിയാവുന്നയാൾ. സ്വന്തം മനസ്സാക്ഷിക്കൊത്തേ താൻ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് അഭിമാനിക്കുന്നയാൾ. നാല് ദിവസമാണ് റാണ അദ്ദേഹത്തിന്റെ വസതിയിൽ ചെലവഴിച്ചത്. അതിലൊരു ദിവസം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ അഡൈ്വസർ കൈലാഷ് നാഥൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒരു കവർ കൈമാറുകയുണ്ടായി. അശോക് നാരായണന്റെ ഹിമാചൽ പ്രദേശിലുള്ള അളിയന് ഹിമാചൽ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഒരു സീറ്റ് തരപ്പെടുമോ എന്ന നാരായണന്റെ അപേക്ഷക്ക് ആശ്രിത വത്സലനായ മോഡി സ്വന്തം പ്രിൻസിപ്പൽ അഡൈ്വസറെത്തന്നെ വീട്ടിലേക്കയച്ച് മറുപടി കൊടുത്തിരിക്കുകയാണ്. കലാപം നടന്ന് എട്ടു വർഷങ്ങൾക്കിപ്പുറമാണ് സംഭവം. ഇതിവിടെ സ്മരിക്കാൻ കാരണം, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിർദേശം ചെയ്തിരിക്കുന്നതിന്റെ തലം വ്യക്തമാക്കാനാണ്. 

 

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലക്കുള്ള സ്ഥാനലബ്ധിയാണ് രാജ്യസഭാംഗത്വം എന്ന് പരക്കേ ആക്ഷേപമുണ്ട്. 2019 നവംബർ 17 നാണ് ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്നത്. കൃത്യം നാലു മാസം തികയുന്ന ദിവസമാണ് നാമനിർദേശം. ഗൊഗോയ് ബിജെപി സർക്കാറിന് നൽകിയ സഹായങ്ങൾക്ക് പ്രത്യുപകാരം ചെയ്യണമെന്ന് തീരുമാനിക്കപ്പെട്ടതായിരുന്നെങ്കിലും ഇത്ര നേരത്തെയും ഇങ്ങനെയൊരു പദവിയിലുമാകുമന്നെത് പലരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇതിന് മുമ്പ് ഒരു ന്യായാധിപനും സർക്കാറിന്റെ നോമിനിയായി രാജ്യസഭാംഗമായിട്ടില്ല. ജനാധിപത്യം അതിന്റെ പുറംതോടിൽ പോലും വിള്ളൽ വീണ അവസ്ഥയിലാണിപ്പോൾ.   
'ഉപരിസഭയിൽ ശാസ്ത്രജ്ഞന്മാരുടെയും സർവകലാശാലാ അധ്യാപകരുടെയും പ്രാതിനിധ്യം ഉണ്ടാവേണ്ടതാണ്. ഈ ലക്ഷ്യം നേടുന്നതിന് പത്തോളം അംഗങ്ങളെ ശാസ്ത്ര സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും പര്യാലോചന നടത്തി നാമനിർദേശം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് നൽകാവുന്നതാണ്.'' ഇതാണ് രാഷ്ട്രപതിക്ക് ഭരണഘടനയുടെ അനുഛേദം 80(3) പ്രകാരം രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അവസരമൊരുക്കുന്നത്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ നാലു മേഖലകളിൽനിന്നാണ് നാമനിർദേശം നടത്തേണ്ടത് എന്നും ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് വിദ്യാഭ്യാസ വിചക്ഷണനായ ഡോ. സാക്കിർ ഹുസൈൻ, സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ജെ.എം. കുമരപ്പ, സാഹിത്യകാരനായ മൈഥിലി ശരൺ ഗുപ്ത എന്നിവരായിരുന്നു. രഞ്ജൻ ഗൊഗോയ് ഇതിലൊന്നും പെടുന്ന ആളല്ലെന്ന് മാത്രമല്ല, ഭരണഘടനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധവും കൂടിയാണ് ഈ സൗജന്യം. രഞ്ജൻ ഗൊഗോയിയുടെ ജ്യേഷ്ഠനാണ് റിട്ട. എയർ മാർഷൽ അഞ്ജൻ ഗൊഗോയ്. രണ്ടു മാസം മുമ്പാണ് രാഷ്ട്രപതി ഇദ്ദേഹത്തെ വടക്കുകിഴക്കൻ വികസന കൗൺസിലിലെ (എൻ.ഇ.സി) മുഴുവൻ സമയ അംഗമാക്കി നാമനിർദേശം ചെയ്തത്. സംസ്ഥാന മന്ത്രിയുടെ പദവിയുള്ള പോസ്റ്റിംഗാണിത്. ഇത്രയൊക്കെ ഉദാരത ഒരു കുടുംബത്തോട് കാണിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചതെന്താകാം?


2018 ന്റെ തുടക്കത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിലുള്ള മുതിർന്ന നാല് ജഡ്ജിമാർ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. ഇത്  ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇദംപ്രഥമമായ സംഭവമായിരുന്നു. ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരായിരുന്നു ആ നാലുപേർ. ജനാധിപത്യത്തിന് നിരക്കാത്ത പ്രവർത്തനങ്ങളാണ് ചീഫ് ജസ്റ്റിസിൽനിന്നുണ്ടാകുന്നതെന്നായിരുന്നു പ്രധാന ആരോപണം. സർക്കാറിന്റെ ചട്ടുകമായി മാറിയെന്നും കൊളീജിയത്തെ നോക്കുകുത്തിയാക്കി ഏകാധിപത്യം അടിച്ചേൽപിക്കുന്നുവെന്നുമാണ് മറ്റാരോപണങ്ങൾ.
ഭരണഘടനയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനുള്ള വ്യഗ്രതയുടെ പ്രതിഫലനമായി രാജ്യം ആ വാർത്താസമ്മേളനത്തെ നോക്കിക്കണ്ടപ്പോൾ നല്ലൊരു വിഭാഗം ജനം ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സാന്നിധ്യത്തെ വളരെ പ്രതീക്ഷയോടെയായിരുന്നു വരവേറ്റിരുന്നത്. എന്തെന്നാൽ, പത്തു മാസങ്ങൾക്കു ശേഷം പരമോന്നത കോടതിയുടെ നാൽപത്തിയാറാമത് ചീഫ് ജസ്റ്റിസാവേണ്ട വ്യക്തി തന്നെയാണ് നീതിയുടെ ശബ്ദമായി അവതാരമെടുത്തിരിക്കുന്നത്. പക്ഷേ, ഗൊഗോയിയുടെ പതിമൂന്ന് മാസക്കാലം നീതിയുടെ താളുകളിൽ കറുത്ത അധ്യായമായി ചരിത്രത്തിലിടം പിടിച്ചുവെന്നതാണ് വിധിവൈപരീത്യം. 


നീതിക്കും ജനാധിപത്യത്തിനും പുല്ലുവില കൽപിച്ച പല വിധികളും അദ്ദേഹം ചീഫ് ജസ്റ്റിസായ ശേഷമാണ് രാജ്യം കണ്ടത്. സൗമ്യയെ കൊല ചെയ്ത ഗോവിന്ദച്ചാമിക്ക് കൊലക്കയർ നിഷേധിച്ചു. ഈ വിധിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ സൂത്രത്തിൽ വിളിച്ചുവരുത്തി കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകി. ചില ജഡ്ജിമാർ അഴിമതിക്കാരാണെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതിയതിന്റെ പേരിൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി കർണന് ആറു മാസത്തേക്ക് ജയിൽശിക്ഷ വാങ്ങിക്കൊടുത്തു. ഗൊഗോയിക്കെതിരെ ലൈംഗികാരോപണം വന്നു. അതന്വേഷിക്കാൻ ഉണ്ടാക്കിയ അഞ്ചംഗ ഇൻഹൗസ് കമ്മിറ്റിയുടെ അധ്യക്ഷൻ ഗൊഗോയ് തന്നെ! ആരോപണമുന്നയിച്ച സുപ്രീം കോടതി ഉദ്യോഗസ്ഥയെ ജോലിയിൽനിന്ന് പുറത്താക്കി. അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. തീർത്തും അരാജകത്വവും ജനാധിപത്യ വിരുദ്ധവുമായിരുന്നു അദ്ദേഹത്തിന്റെ സമീപനങ്ങളത്രയും.


എന്നാൽ ബിജെപിക്കും സർക്കാറിനും ഇത്രത്തോളം വഴിവിട്ട് പ്രവർത്തിച്ച വേറൊരാൾ സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഉണ്ടാകില്ല. റഫാൽ അഴിമതിക്കേസിൽനിന്നും മോഡിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ പ്രതിയാകുമായിരുന്ന അമിത് ഷായെ ഒഴിവാക്കിക്കൊടുത്തു. വിചിത്രമായ വിധിയിലൂടെ അയോധ്യ കേസ് അട്ടിമറിച്ചു. ജമ്മുകശ്മീരിനെ വെട്ടിമുറിക്കാൻ അനുവദിച്ചു. ഭരണഘടനാദത്തമായ 370 ാം വകുപ്പ് റദ്ദാക്കാനുള്ള സാവകാശം നൽകി. കനയ്യകുമാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഒഴിവാക്കി. ഇങ്ങനെ ഒട്ടനവധി വിലമതിക്കാനാവാത്ത സംഭാവനകളാണ് ചുരുങ്ങിയ കാലംകൊണ്ട് ബിജെപിക്കു വേണ്ടി   ഗൊഗോയ് ചെയ്തുകൊടുത്തത്. അതിൽ ഏറ്റവും പ്രസക്തം അയോധ്യാ വിധി തന്നെ. ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റായിരിക്കേ 1949 ഡിസംബറിൽ ബാബ്‌രി മസ്ജിദിൽ വിഗ്രഹം വെച്ച കേസിൽ രാമേക്ഷത്ര തർക്കത്തിന് തിരികൊളുത്തിയ മലയാളിയായ കെ.കെ. നായരെയും ഭാര്യ ശകുന്തള നായരെയും ബിജെപിയുടെ പ്രാഗ്‌രൂപങ്ങളായ ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘവും ചേർന്ന് ലോക്‌സഭയിലേക്ക് തെരെഞ്ഞെടുത്തു നന്ദി കാണിച്ചു. ഇന്നിപ്പോൾ ആ ബാബ് രി പള്ളിയുടെ അവകാശികളോട് എന്നെന്നും അനീതി കാണിച്ചുകൊണ്ട് വിധി പ്രസ്താവിച്ച ജഡ്ജിയെ തെരഞ്ഞെടുപ്പൊന്നുമില്ലാതെ പാർലമെന്റിലേക്ക് നോമിനേറ്റ് ചെയ്തുകൊണ്ട് നന്ദി കാണിച്ചിരിക്കുന്നു, രാജ്യം!
അസം  വംശജനാണ് ഗൊഗോയ്. അദ്ദേഹത്തിന്റെ കർക്കശ നിലപാട് കാരണമാണ് നാൽപത് ലക്ഷം പേരെ പുറത്തുനിർത്തിയ അസം പൗരത്വ രജിസ്റ്റർ പുറത്തിറക്കേണ്ടിവന്നത്. അതുണ്ടാക്കിയ പുകിൽ അടുത്തൊന്നും തീരാനും പോകുന്നില്ല. 


ശക്തമായ കേന്ദ്രമുണ്ടാകുമ്പോൾ ദുർബലമായ ജുഡീഷ്യറിയെന്നത് പ്രബലമാകുന്നൊരു നിലപാടായി മാറിയിരിക്കയാണ് ഇന്ത്യയിൽ. കേന്ദ്രത്തിന്റെ ചൊൽപടിക്ക് നിന്നാൽ ഭാവി ഭാസുരമാകുമെന്നും മറിച്ചാണെങ്കിൽ ജസ്റ്റിസ് ലോയയുടെയും മുരളീധറിന്റെയും അവസ്ഥയാകുമെന്നും മറ്റുള്ളവർക്കു കൂടി കൊടുക്കുന്ന സമഗ്രാധിപത്യത്തിന്റെ സന്ദേശമാണ് ഗൊഗോയ് എന്ന പുതിയ രാജ്യസഭാംഗം. 

Latest News