Sorry, you need to enable JavaScript to visit this website.

കൊറോണ ആക്രമണവും ഇന്ത്യയും

ഏറെ വൈകിയാണെങ്കിലും ആഗോള മഹാമാരിയായ കൊറോണ വൈറസിനെതിരെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ആശ്വാസമായി.  രാജ്യം നേരിടുന്ന അടിയന്തര പരിതസ്ഥിതിയിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയും നയിക്കുകയും ചെയ്യേണ്ട ഭരണാധികാരി ആണല്ലോ നരേന്ദ്ര മോഡി. 
രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് രാജ്യം എത്തിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നൽകുന്നു. വികസിത രാജ്യങ്ങൾ പോലും കൊറോണ മഹാമാരിയുടെ വ്യാപക പ്രത്യാഘാതം നേരിടുമ്പോൾ 130 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പ്രതിസന്ധി  സാധാരണമായ ഒന്നല്ലെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിട്ടെങ്കിലും പ്രതിസന്ധി മറികടന്നെന്നും സ്ഥിതിഗതികൾ ശരിയായെന്നും ധാരണ പരന്നിട്ടുണ്ട്. 
കൊറോണയുടെ പ്രത്യാഘാതം ഇന്ത്യയെ ബാധിക്കില്ലെന്ന് കരുതുന്നതു തെറ്റാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. രാജ്യം ഏറെ പ്രതീക്ഷയോടെ കാതോർത്ത പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചത് ജാഗ്രതയും ഏകോപനവും പ്രഖ്യാപിക്കുന്ന ജനതാ കർഫ്യൂ ഞായറാഴ്ച നടപ്പാക്കാനും സാമൂഹിക അകല വ്യവസ്ഥ  വരും ആഴ്ചകളിലും പാലിക്കാനുമാണ്. അവശ്യ മേഖലയിലുള്ളവരൊഴികെ വീടുകളിൽനിന്ന് പുറത്തിറങ്ങാതെ. രണ്ടു മാസമായി ലോകത്താകെ ഉൽക്കണ്ഠയോടെയും ജാഗ്രതയോടെയും നേരിടുന്ന കൊറോണ വൈറസിന്റെ കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് ആദ്യമായി നടത്തുന്ന ഇടപെടൽ കാതുകൂർപ്പിച്ചാണ് ജനങ്ങൾ കേട്ടത്. ഇതിന്റെ ഭാഗമായി രാജ്യം നേരിടുന്ന ആഗോള മാന്ദ്യത്തിനു പിറകെ വൈറസ് ഭീഷണി കൂടി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന ഘട്ടത്തിൽ അതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് ഒരു പദ്ധതിയും പക്ഷേ പ്രധാനമന്ത്രി മുന്നോട്ടു വെച്ചില്ല. 


വിമാന-കപ്പൽ ഗതാഗതങ്ങൾ നിശ്ചലമാകുകയും പൊതുഗതാഗതം തന്നെ ഏറെക്കുറെ റദ്ദാക്കപ്പെടുകയും വ്യാപാര - കച്ചവട മേഖലകൾ ശൂന്യമാകുകയും ജനങ്ങൾ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ആശുപത്രികളെ പോലും സമീപിക്കാതെ വീട്ടിൽ കഴിയുന്ന ജാഗ്രത കൊണ്ടു മാത്രം ലോകം നേരിട്ടിട്ടില്ലാത്ത ഈ ആരോഗ്യ പ്രതിസന്ധിക്കു പരിഹാരമാകില്ല. സമ്പദ് വ്യവസ്ഥയ്‌ക്കേൽക്കുന്ന ആഘാതം നേരിടാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രി  അറിയിച്ചത്.   
കൊറോണ വൈറസ് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന്  നേരിട്ടു പറയാതെ വ്യക്തമാക്കിയ പ്രധാനമന്ത്രി അതിനെ സാമ്പത്തികമായി പ്രതിരോധിക്കാനുള്ള ചുമതല സംസ്ഥാന സർക്കാറുകളുടെയും സ്വകാര്യ ബിസിനസ്-വ്യാപാര ഉടമകളുടെയും തലയിൽ കെട്ടിവെക്കുന്നതാണ് കണ്ടത്. പുതിയ സാഹചര്യത്തിൽ ജോലിക്കെത്താൻ കഴിയാത്ത താഴേക്കിടയിലുള്ള ജീവനക്കാർക്ക് വേതനം തടയരുതെന്നും വെട്ടിക്കുറയ്ക്കരുതെന്നും സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യ-വ്യാപാര മേഖലകളും ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.   


അവ്യക്തവും പൊള്ളയുമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിനു മുമ്പിൽ വെച്ചതെന്നു പറയാതിരിക്കാൻ വയ്യ. ആരോഗ്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളുമായോ വിദഗ്ധരുമായോ സർക്കാറിനു കീഴിലുള്ള സംവിധാനങ്ങളുമായോ മന്ത്രിസഭയിൽ പോലുമോ ആലോചിച്ച് രൂപംകൊടുത്ത  പദ്ധതിയല്ല പ്രധാനമന്ത്രി രാജ്യത്തിനു മുമ്പിൽ വെച്ചത്.   
'നിങ്ങളോട് എന്തെങ്കിലും എപ്പോഴൊക്കെ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊന്നും നിങ്ങളെന്നെ നിരാശനാക്കിയിട്ടില്ല. നിങ്ങളുടെ അടുത്ത കുറെ ആഴ്ചകൾ ഇപ്പോൾ എനിക്കാവശ്യമുണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞത്.  ഒരു തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിലെന്ന പോലെ. ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധനും രണ്ടു തവണ  മോഡിക്കു മുമ്പ് പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിംഗ് കൊറോണ എന്ന മഹാമാരി ഇന്ത്യയുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയായി സൃഷ്ടിക്കാൻ പോകുന്ന അപകടത്തെക്കുറിച്ച് മോഡി ഗവണ്മെന്റിന് മുന്നറിയിപ്പു നൽകിയിരുന്നു.  അതിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയും അതിനോടു പ്രതികരിക്കാൻ പ്രധാനമന്ത്രി മോഡി തയാറാകാത്തതിനെ വിമർശിച്ചും  കഴിഞ്ഞവാരം ഈ പംക്തിയിൽ  എഴുതിയിരുന്നതാണ്. അത് എത്രമാത്രം ശരിയായിരുന്നു എന്ന് പ്രധാനമന്ത്രി മോഡി തന്നെ രാജ്യത്തോടുള്ള പ്രക്ഷേപണ പ്രസംഗത്തിൽ സ്വയം വെളിപ്പെടുത്തിയിരിക്കയാണ്. 


രണ്ടു മാസമായി ലോക രാഷ്ട്രങ്ങളെ തീ തീറ്റിക്കുന്ന കൊറോണ മഹാമാരിയെക്കുറിച്ച് മഹാനായ നമ്മുടെ പ്രധാനമന്ത്രി എന്തുകൊണ്ട് ഇതുവരെ തീർത്തും നിശ്ശബ്ദനായി?  പെട്ടെന്നിപ്പോൾ മൗനം ഭഞ്ജിച്ചതിന്റെ കാരണമെന്താണ്? എന്നിട്ടും ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തിയിട്ടുള്ള രാജ്യത്തെ അവസ്ഥയ്ക്ക് പരിഹാരം നിർദേശിക്കാതെയും സാമ്പത്തിക പ്രതിവിധി കാണാതെയും അദ്ദേഹം പാതിചുട്ട നിർദേശവുമായി  വന്നതെന്തുകൊണ്ട്?  പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം പ്രകടിപ്പിച്ച ഉൽക്കണ്ഠയോട് നന്ദി പറഞ്ഞുകൊണ്ടു തന്നെ ഒരു രാഷ്ട്രീയ ഒറ്റയാനെപ്പോലെ പ്രധാനമന്ത്രി പ്രവർത്തിക്കുന്നതിനെപ്പറ്റി പരിശോധിക്കാതെ വയ്യ.
ചൈനയിൽനിന്നുള്ള കൊറോണ വൈറസ് ബാധ  ഇന്ത്യയിൽ ആദ്യമായി കണ്ടത് കേരളത്തിൽ ജനുവരി 30 നായിരുന്നു. അതു ബോധ്യപ്പെട്ടതോടെ മറ്റു രാജ്യങ്ങൾ ചെയ്തതു പോലുള്ള അടിയന്തര പ്രതിരോധ നീക്കങ്ങൾക്കും ഇടപെടലിനും  പ്രധാനമന്ത്രി മുതിർന്നില്ലെന്നത് അനുഭവമാണ്.  കേരളം അതിന്റെ പ്രത്യേക പരിതസ്ഥിതിവെച്ച് പ്രവർത്തിച്ചതും  സാധാരണ ഗതിയിലുള്ള കേന്ദ്രതല ബന്ധങ്ങൾ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് പതിവുപോലെ സഹായകമായിട്ടുണ്ട്.  എന്നാൽ ഇതൊരു ദേശീയ മഹാദുരന്തമാണെന്നും ഇന്ത്യ ഒറ്റയ്ക്കല്ല, സാർവദേശീയ സഹകരണത്തോടെ ഇടപെടേണ്ട കാര്യമാണെന്നും പ്രധാനമന്ത്രിക്ക് തോന്നിയില്ല. 
ഹോങ്കോങും തായ്‌വാനും സിംഗപ്പൂരും പോലുള്ള കൊച്ചുരാജ്യങ്ങൾ അന്നേ അപകടം മനസ്സിലാക്കി സ്വീകരിച്ച നടപടികൾ പരിശോധിച്ചാലേ നമ്മുടെ വീഴ്ച മനസ്സിലാകൂ. ദക്ഷിണ കൊറിയയും മഹാമാരി തിളച്ചുമറിഞ്ഞ ചൈന തന്നെയും സ്വീകരിച്ച നടപടികളുടെ കാര്യമിരിക്കട്ടെ.  
വൈറസ് രാജ്യാതിർത്തികളില്ലാതെ, രാഷ്ട്രീയം നോക്കാതെ ലോകത്തിനു മുമ്പിൽ പുതുതായി ഇറങ്ങിയ, മരുന്നും പ്രതിവിധിയും കണ്ടുപിടിക്കാത്ത ഒരു മഹാമാരിയാണ്.  അതിൽനിന്ന് 130 കോടി ജനങ്ങളെ എങ്ങനെ സംരക്ഷിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി മോഡി കഴിഞ്ഞ രണ്ടു മാസക്കാലം എന്തു ചെയ്തു എന്നതാണ് യഥാർത്ഥ പ്രശ്‌നം. കഴിഞ്ഞ പംക്തിയിൽ ചൂണ്ടിക്കാണിച്ചതു പോലെ അമേരിക്കൻ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്ത സുഹൃത്തായ പ്രധാനമന്ത്രി മോഡിയും മാരകമായ കൊറോണ വൈറസിനോടുള്ള സമീപനത്തിൽ ഒരേ മനസ്സാണോ പുലർത്തിയിരുന്നത് എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. 


കൊറോണ വൈറസ് ബാധിച്ച് ഏതാനു പേർ മരിച്ചതിൽ എന്തിനാണിത്ര വേവലാതിപ്പെടാൻ എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം പ്രതികരിച്ചത്.  കഴിഞ്ഞ വർഷം അമേരിക്കയിൽ ഇതിന്റെയൊക്കെ എത്രയോ ഇരട്ടി ആളുകൾ സാധാരണ പനി പിടിച്ച് മരിച്ചിട്ടുണ്ട്. എന്നിട്ടും അമേരിക്ക മുന്നോട്ടു പോയി. അവിടത്തെ ജനങ്ങളെ തന്നെ അമ്പരപ്പിച്ചുകൊണ്ട് ട്രംപ് ആദ്യം എടുത്ത നിലപാട് അതായിരുന്നു. 
എന്നാൽ മാർച്ച് 13ന് പ്രസിഡന്റ് ട്രംപിന് കൊറോണ വൈറസിന്റെ പേരിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. അയ്യായിരം കോടി രൂപ കൊറോണയെ ചെറുക്കാൻ നീക്കിവെക്കേണ്ടതായും. തന്റെ നിസ്സംഗ നയമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയതും അമേരിക്ക നേരിടുന്ന മാന്ദ്യം ഗുരുതരമാക്കിയതും എന്ന വിമർശനങ്ങൾക്കിടയിൽ. ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏൽക്കാൻ തയാറായില്ലെങ്കിലും അമേരിക്ക മാന്ദ്യം നേരിടുകയാണെന്ന സത്യം ട്രംപ് ആദ്യമായി അംഗീകരിച്ചതും മാർച്ച് 13 നാണ്. 


ഇതിന്റെ തൊട്ടുപിറകെ ജി.7 രാജ്യങ്ങളിലെ പ്രമുഖരായ ജർമനിയും ഫ്രാൻസും കൊറോണ മഹാമാരിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലുമായി രംഗത്തു വന്നു. മാർച്ച് 16 ന് രാത്രി എട്ടു മണിക്ക് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ രാജ്യത്തെ ടെലവിഷനിലൂടെ അഭിമുഖീകരിച്ചു: 'നമ്മളൊരു യുദ്ധത്തിലാണ്. സമാധാനകാലത്ത് സ്വീകരിക്കാത്ത അസാധാരണ നടപടികൾ കൊറോണ വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ടി വന്നിരിക്കുന്നു. 'നാളെ ഉച്ച മുതൽ പതിനഞ്ചു ദിവസത്തേക്ക് വളരെ അടിയന്തര കാര്യങ്ങൾക്കല്ലാതെ ജനസഞ്ചാരം നിയന്ത്രിച്ചിരിക്കുന്നു. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കും' - മാക്രോൺ മുന്നറിയിപ്പു നൽകി. 
അടുത്ത ഞായറാഴ്ച നടക്കാനിരുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളും എല്ലാ സാമ്പത്തിക പരിഷ്‌കരണ നടപടികളും നിർത്തിവെക്കാനും തീരുമാനിച്ചു. ഏറ്റവും കൂടുതൽ കൊറോണ ബാധയുണ്ടായ അൽസാസിൽ ഒരാശുപത്രി അടിയന്തരമായി നിർമിക്കാനും രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽനിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാനും ഫ്രഞ്ച് പ്രസിഡന്റ് സൈന്യത്തിന് ഉത്തരവു നൽകി. ബിസിനസ് തകർച്ച അടിയന്തരമായി നേരിടാൻ അസാധാരണ സാമ്പത്തിക നടപടികൾ സ്വീകരിച്ചു. ചെറുകിട ബിസിനസുകാരെയും കച്ചവടക്കാരെയും അടിയന്തരമായി സഹായിക്കാൻ ഒരു ഐക്യദാർഢ്യ ഫണ്ടും പ്രഖ്യാപിച്ചു. 
ലക്ഷക്കണക്കിൽ പൗരന്മാർ കൊറോണ ബാധിച്ചതിനെ തുടർന്നായിരുന്നു ഫ്രഞ്ച്  പ്രസിഡന്റിന്റെ ഇടപെടൽ. രോഗത്തെ നേരിടാൻ രൂപീകരിച്ച ക്രൈസിസ് മാനേജ്‌മെന്റ് സംഘങ്ങളുമായും രണ്ട് മുൻ പ്രസിഡന്റുമാരുമായും സർക്കാറിന്റെ നേതൃത്വത്തിലുള്ളവരുമായുമൊക്കെ അടിയന്തര ചർച്ച നടത്തിയ ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റ് അവിടെ നടപടികൾ ഊർജിതപ്പെടുത്തിയത്. 


രണ്ടു ദിവസം കഴിഞ്ഞ് മാർച്ച് 18 ന് ജർമനിയുടെ ചാൻസലർ അഞ്ചേല മെർക്കലും ജർമൻ ജനതയെ  ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തു.  ചാൻസലറെന്ന നിലയിൽ അസാധാരണമായി ഫെഡറൽ സർക്കാറിലെ സഹപ്രവർത്തകരെ പ്രതിനിധീകരിച്ച് ജനങ്ങളെ അഭിമുഖീകരിക്കുകയാണെന്ന ആമുഖത്തോടെ. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതുപോലൊരു വെല്ലുവിളി നേരിട്ടിട്ടില്ല. സമൂഹത്തിലെ ഓരോരുത്തരെയും സംരക്ഷിക്കാനും സാമ്പത്തിക - സാമൂഹിക - സാംസ്‌കാരിക തകർച്ച ഇല്ലാതാക്കാനും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ചേർന്ന് സഹകരിക്കണം. 


ബെർലിനിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റിയൂട്ടെന്ന  ഗവേഷണ സ്ഥാപനവുമായും ശാസ്ത്രജ്ഞരുമായും ആലോചിച്ച ശേഷമാണ് മെർക്കൽ രോഗപ്രതിരോധ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ വാക്‌സിനോ മരുന്നോ കണ്ടെത്താനുള്ള അടിയന്തര ശ്രമങ്ങൾ തുടരുന്നതിനിടെ പ്രതിരോധ നടപടികളിലൂടെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ജർമനി തീരുമാനിച്ചത്. പരമാവധി പൊതുജീവിതം അടച്ചിടാൻ നിർബന്ധിതമാണ്. സർക്കാർ പ്രവർത്തിക്കും -അവർ ഉറപ്പുന്ൽകി, സാമ്പത്തിക ക്രമവും വിതരണവും ഉറപ്പുവരുത്തും. നാടകീയമായ ഈ നിയന്ത്രണങ്ങളെ സ്വീകരിക്കാനും എല്ലാ മേളകളും ജനംകൂടുന്ന പരിപാടികളും നിർത്തിവെക്കാനും അവർ ആവശ്യപ്പെട്ടു.  വൻ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വൻകിട കമ്പനികളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും രാജ്യത്തു പ്രവർത്തിക്കും. ജോലികൾ സർക്കാർ സംരക്ഷിക്കും. ജനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രത്യാഘാതത്തിന് പരമാവധി തടയിടും. തൊഴിലുടമകളെയും ജീവനക്കാരെയും ഈ പരീക്ഷണ ഘട്ടത്തിൽ സംരക്ഷിക്കാൻ വേണ്ടതു ചെയ്യും. ഫെഡറൽ ഗവണ്മെന്റിനുവേണ്ടി അഞ്ചേല മെർക്കൽ ഉറപ്പുനൽകി.  ജർമൻ ചാൻസലർ മെർക്കലിന്റെ  രാജ്യത്തോടുള്ള അഭ്യർത്ഥനയ്ക്കു തൊട്ടു പിറ്റേന്ന് വൈകുന്നേരം എട്ടു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലവിഷനിലൂടെ രാജ്യത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടു.  കൊറോണ പ്രതിസന്ധിയെപ്പറ്റി ജനങ്ങളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണരൂപം വായിച്ചാൽ അതിൽ പലതും ഫ്രഞ്ച് പ്രസിഡന്റിന്റെയും ജർമൻ ചാൻസലറുടെയും പ്രസംഗത്തിൽനിന്ന് കടമെടുത്തതാണെന്നു ബോധ്യപ്പെടും. എന്നാൽ അതിലെ നയവും നിലപാടും പ്രസിഡന്റ് ട്രംപ് എടുത്ത പഴയ നിലപാടിന്റെ തുടർച്ചയാണെന്നും. ഇത്രയും പറഞ്ഞതിൽനിന്നും ഈ താരതമ്യത്തിൽനിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ സമീപനവും ലക്ഷ്യവും വായിച്ചെടുക്കാം. അതുകൊണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു.

 

Latest News