റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് സ്വദേശികളും വിദേശികളും വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു. സ്വന്തം വീട്ടില്‍ ഇരുന്ന് രാജ്യത്തെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാവരും പങ്കാളിത്തം വഹിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച മഹാമാരിയായ കൊറോണ വലിയ വെല്ലുവിളിയാണ്. നിലവില്‍ നാലായിരത്തിലേറെ പേര്‍ സൗദിയില്‍ ക്വാറന്റൈനിലുണ്ട്. ഇവര്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
ഈ രീതിയില്‍ കൊറോണ പടര്‍ന്നുപിടിക്കുമെന്ന് വികസിത രാജ്യങ്ങള്‍ പോലും പ്രതീക്ഷിച്ചതല്ല. കൊറോണയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന പല പ്രതീക്ഷകളും തെറ്റി. കൊറോണ വൈറസിനെയും ഇത് എങ്ങിനെയാണ് അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നത് എന്നതിനെയും കുറിച്ച പഠനങ്ങള്‍ തുടരുകയാണ്. പലരും പ്രതീക്ഷിച്ചതിലുമുപരി കൊറോണ വ്യാപിക്കുന്നത്.
പല രാജ്യങ്ങളും തുടക്കത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. ഇതിന്റെ ഫലമായാണ് കൊറോണ വലിയ തോതില്‍ പടര്‍ന്നുപിടിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പതിവായി പുനഃപരിശോധിക്കുന്നുമുണ്ട്. മുന്‍കരുതലുകള്‍ കുറക്കുന്നതിലും കൂടുതല്‍ ശക്തമായ നടപടികള്‍ ഭാവിയില്‍ സ്വീകരിക്കാതിരിക്കുന്നതിലും സൗദി പൗരന്മാരുടെയും വിദേശികളുടെയും സഹകരണം പ്രധാനമാണെന്ന്, രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി പറഞ്ഞു.






