അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണം; ഗൗരവത്തിലെടുക്കാതെ ട്രംപ്

വാഷിംഗ്ടണിലെ ഷോര്‍ലൈനില്‍ ഫുട്‌ബോള്‍ മൈതാനത്ത് സജ്ജമാക്കിയ താല്‍ക്കാലിക ആശുപത്രി.

വാഷിംഗ്ടണ്‍- കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ വലിയ തോതിലുള്ള നിയന്ത്രണങ്ങളും രാജ്യവ്യാപകമായി കര്‍ഫൂവും ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുമ്പോള്‍, ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടഞ്ഞ് വിവിധ സംസ്ഥാനങ്ങള്‍.
യു.എസിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍  ആയിരത്തിലേറെ കോവിഡ് ബാധയും  19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ  40 ദശലക്ഷം വരുന്ന ജനങ്ങളോട് വീട്ടില്‍തന്നെ താമസിക്കാന്‍ നിര്‍ദേശിച്ചു. 7,000 കേസുകളും 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് സംസ്ഥാനം ഇതേ മാര്‍ഗം പിന്തുടര്‍ന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍  വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നാണ് 20 ദശലക്ഷം വരുന്ന ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂയോര്‍ക്കിന്റേയും കാലിഫോര്‍ണിയയുടേയും തീരുമാനങ്ങളെ പ്രശംസിച്ചുവെങ്കിലും രാജ്യവ്യാപകമായി വിലക്ക് ആവശ്യമില്ലെന്നാണ്  പ്രസിഡന്റ് ട്രംപ് പറഞ്ഞത്. അവ രണ്ടും വൈറസ് വ്യാപനത്തിന്റെ കേന്ദ്രങ്ങളായെങ്കിലും അമേരക്കയില്‍ മൊത്തത്തില്‍ നിയന്തണം വേണ്ടിവരുമെന്ന് കരുതുന്നില്ല-അദ്ദേഹം പറഞ്ഞു.
യു.എസില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്ന് നഗരങ്ങളായ ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ എന്നിവയില്‍ വീടുകളില്‍ തന്നെ തങ്ങാനുള്ള ഉത്തരവ് പ്രാബല്യത്തിലുണ്ട്. പ്രസിഡന്റിന്റെ പ്രസ്താവനക്കു പിന്നാലെ ഇല്ലിനോയിസ്, കണക്ടികട്ട് ഗവര്‍ണര്‍മാരും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു.
അനിവാര്യമല്ലാത്ത യാത്രകള്‍ക്ക് അതിര്‍ത്തി കടക്കുന്നത് ശനിയാഴ്ച മുതല്‍ വിലക്കാന# യുഎസും മെക്‌സിക്കോയും തീരുമാനിച്ചിട്ടുണ്ട്.  അതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു.
 

 

Latest News