റോം- ആഗോള മരണസംഖ്യ കുത്തനെ വര്‍ധിക്കുകയും ലക്ഷക്കണക്കിനാളുകളെ കോവിഡ് 19 പിടികൂടുകയും ചെയ്തതോടെ യുവാക്കള്‍ രക്ഷപ്പെടുമെന്നും അവര്‍ക്ക് മരുന്നുകള്‍ ഫലം ചെയ്യുമെന്നുമുള്ള ധാരണ തിരുത്തണമെന്ന ആഹ്വാനവുമായി ലോകാരോഗ്യ സംഘടന.
ആഗോള മഹാമാരി ലോകമെമ്പാടും ജനജീവിതത്തെ പൂര്‍ണമായും ബാധിച്ചിരിക്കയാണ്. എവിടേയും ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. സ്‌കൂളുകളും കോളേജുകളും മാത്രമല്ല, ബിസിനസുകളും അടച്ചുപൂട്ടുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ വീട്ടില്‍നിന്നാണ് ജോലി ചെയ്യുന്നത്. അതേസമയം, അനേകായിരം പേര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം പൂര്‍ണമായും നഷ്ടപ്പെട്ടു.
വൈറസിനെതിരായ യുദ്ധത്തില്‍ അമേരിക്ക വിജയിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തറപ്പിച്ചുപറയുമ്പോഴും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ന്യൂയോര്‍ക്കും ഇല്ലിനോയിസും കാലിഫോര്‍ണിയയും ജനങ്ങള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചു.
വൈറസ് ബാധിച്ചുള്ള മരണസംഖ്യ ലോകത്ത് 11,000 ആയി ഉയര്‍ന്നു, 4,000 പേര്‍ ഇറ്റലിയില്‍ മാത്രമാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസേനയുള്ള മരണസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണ്.
പ്രായമായവരേയും രോഗങ്ങളുള്ളവരേയുമാണ് കൂടുതലായും വൈറസ് ബാധിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കില്‍ അദ്ദേഹം അതു തിരുത്തി. ചെറുപ്പക്കാര്‍ക്കു മാത്രമായി ഒരു സന്ദേശമുണ്ടെന്നും ഈ വൈറസ് യുവാക്കളുടേയും ജീവനെടക്കാമെന്നും ആഴ്ചകളോളം ആശുപത്രിയിലാക്കാമെന്നും ടെഡ്രോസ് പറഞ്ഞു.