Sorry, you need to enable JavaScript to visit this website.

ടീച്ചര്‍മാരായി സുന്ദരന്മാരും സുന്ദരികളും മാത്രം മതി; ഇറാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര നിയമം

തെഹ്‌റാന്‍- 'സൗന്ദര്യമില്ലാത്ത' അധ്യാപകര്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് ഇറാനിലെ വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര ഉത്തരവ്. ഇതു പ്രകാരം കോങ്കണ്ണ്, തീപ്പൊള്ളലേറ്റ അടയാളം തുടങ്ങി മുഖത്ത് രോമമുള്ള വനിതകള്‍,  മുഖക്കുരു ഉള്ള പുരുഷന്‍മാര്‍ തുടങ്ങിയവര്‍ക്കൊന്നും സ്‌കൂളുകളില്‍ അധ്യാപക ജോലി ചെയ്യാന്‍ പറ്റില്ല. സൗന്ദര്യ പ്രശ്‌നങ്ങളും വിവിധ രോഗാവസ്ഥകളും ഉള്‍പ്പെടെ അധ്യാപകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലാത്ത നൂറുകണക്കിന് രോഗങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ പറയുന്ന രോഗമുള്ളവര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം.

സോഷ്യല്‍ മീഡിയയില്‍ ഈ വിചിത്ര നിയമത്തിനെതിരെ വലിയ ആക്ഷേപമുയര്‍ന്നു. പ്രത്യക്ഷത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പുറമെ ആന്തരികമായ രോഗാവസ്ഥകളും പട്ടികയിലുണ്ട്. വന്ധ്യതയോ അര്‍ബുദമോ ഉള്ള വനിതകള്‍, മൂത്രാശയക്കല്ല്, വര്‍ണ്ണാന്ധത എന്നിവയുള്ള അധ്യാപകര്‍ക്കും വിലക്കുണ്ട്.

ഈ ഉത്തരവ് വന്നതോടെ അധ്യാപക ജോലിക്ക് അപേക്ഷിക്കുന്നവര്‍ പരിശീലനത്തിനു ചെലവഴിക്കുന്ന സമയത്തേക്കാളേറെ സമയം മെഡിക്കല്‍ പരിശോധനകള്‍ക്കായി നീക്കിവെക്കേണ്ടി വരുമെന്നാണ് ആക്ഷേപം. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഈ പട്ടിക പുറത്തു വിട്ടത്. ഇത്തരം മാനദണ്ഡങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധ്യമുള്ളവരാകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലിസ്റ്റ് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമുണ്ടായി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേശകന്‍ അറിയിച്ചിട്ടുണ്ട്.

Latest News