Sorry, you need to enable JavaScript to visit this website.

പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; എട്ടു സ്ത്രീകളടക്കം 10 പേർക്ക് പരിക്ക്

7 പേരുടെ നില ഗുരുതരം

ആലപ്പുഴ-കുട്ടനാട്ടിലെ പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന രണ്ട് പടക്ക നിർമാണശാലകളിൽ തീപ്പിടിത്തം. പുരയ്ക്കൽ കൊച്ചുമോൻ ആന്റണി എന്നയാളുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന നിർമാണശാലകളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ സ്‌ഫോടനത്തെ തുടർന്ന് തീപ്പിടിച്ചത്. അഞ്ച് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്തിരുന്ന നിർമാണശാലകളിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ തൊഴിലാളികളായ 10 പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ട് പേർ സ്ത്രീകളാണ്. 
പുളിങ്കുന്ന് കരിയിൽചിറയിൽ ഏലിയാമ്മ തോമസ് (തങ്കമ്മ52),  പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ (56), പുളിങ്കുന്ന് കായപ്പുറം മുളവനക്കുന്നത്ത് സിദ്ധാർത്ഥൻ (61), പുളിങ്കുന്ന് കിഴങ്ങാട്ടുത്തറ സരസമ്മ (56), പുളിങ്കുന്ന് തോട്ടാത്തറ ഓമന (49), പുളിങ്കുന്ന് മുപ്പതിൽ റെജി (50),  പുളിങ്കുന്ന് പുത്തൻപുരക്കൽ ചിറയിൽ ഷീല (48), പുളിങ്കുന്ന് മലയിൽപുത്തൻ വീട്ടിൽ ബിനു (30), പുളിങ്കുന്ന് കന്നിട്ടചിറയിൽ ബിന്ദു (42), പുളിങ്കുന്ന് കിഴക്കേചിറയിൽ കുഞ്ഞുമോൾ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ കുഞ്ഞുമോൾ, സിദ്ധാർത്ഥൻ, ഓമന എന്നിവരൊഴികെ ഏഴുപേരുടെയും നില ഗുരുതരമാണ്. അറുപത് ശതമാനത്തിനും മുകളിൽ ഇവർക്ക് പൊളളലേറ്റിട്ടുണ്ട്.
സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ കെ.എസ്.ഇ.ബി. ഓഫീസിൽ നിന്നെത്തിയ ജീവനക്കാരും, നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്. ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും അഗ്‌നിശമനസേനയും, പുളിങ്കുന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.
പരിക്കേറ്റവരെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും, പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. പടക്കനിർമാണശാലയ്ക്ക് ലൈസൻസ് വിൽപ്പനയ്ക്ക് മാത്രമാണുണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആലപ്പുഴ എ.ഡി.എം. ബി. ഹരികുമാർ, ആർ.ഡി.ഒ. എസ്. സന്തോഷ്, കുട്ടനാട് തഹസിൽദാർ ടി.ഐ. വിജയസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
മാർച്ച് 31 ന് കാലാവധി തീരുന്ന പടക്ക വില്പ്പനയ്ക്കുള്ള ഒരു ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു പ്രകാരം അഞ്ച് കിലോ നിർമ്മിച്ച പടക്കവും ഇരുപത്തഞ്ച് ഫാൻസി പടക്കവും വിൽക്കാൻ  മാത്രമേ അനുവാദമുള്ളൂ എന്നാൽ അഞ്ഞൂറ് കിലോയിലേറെ കരിമരുന്ന് ഇവിടെ സംഭരിച്ചിരുന്നതായാണ് വിവരം. കൊറോണയുടെ പശ്ച്ചാത്തലത്തിലായതിനാൽ സംഭരിച്ച കരിമരുന്നിൽ കുറവുണ്ടായിരുന്നതായാണ് വിവരം.

Latest News