Sorry, you need to enable JavaScript to visit this website.

കൊറോണയെന്ന് സംശയം, ആശുപത്രികള്‍  ചികിത്സ നിഷേധിച്ചു; ഡോക്ടറുടെ നില ഗുരുതരം

മുംബൈ- ഡോക്ടര്‍ക്ക് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് പരാതി. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. എന്നാല്‍ കൊറോണ വൈറസാണെന്ന് ഭയന്ന് നാല് സ്വകാര്യ ആശുപത്രികള്‍ ഇദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഡോക്ടറെ ജല്‍ഗാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്.
ഡോക്ടര്‍ കഴിഞ്ഞയാഴ്ച ക്വലാലംപുരില്‍ നിന്ന് എത്തിയതായിരുന്നു. ചെറിയ പനി ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ച രാത്രിയോടെ പനി കടുക്കുകയും ഉടന്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തിന് ചികിത്സ തേടി ആശുപത്രികള്‍ കയറിയിറങ്ങുയുമായിരുന്നു. എന്നാല്‍ എല്ലാ ആശുപത്രികളും പ്രവേശനം നല്‍കാന്‍ മടിച്ചു. പലരും കൊറോണ സംശയം ഉന്നയിച്ചെങ്കിലും അദ്ദേഹം കൊറോണബാധിതരായോ രോഗബാധ സംശയിച്ചവരായോ അടുത്തിടപഴകിയിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങള്‍ കൊറോണയ്ക്ക് സമാനമായിരുന്നതിനാല്‍ പ്രവേശനം നല്‍കിയില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.
അത്യാഹിതവിഭാഗമുള്ള ആശുപത്രികള്‍ തേടിയാണ് രാത്രി മുഴുവന്‍ അലയേണ്ടി വന്നതെന്ന് ഡോക്ടറുടെ ബന്ധു പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും സ്ഥിതി വളരെ ഗുരുതരമായിരുന്നു.

Latest News