തെഹ്‌റാന്‍- കൊറോണ വ്യാപനം തുടരുന്ന ഇറാനില്‍ നഗരങ്ങള്‍ വൃത്തിയാക്കാന്‍ ലെബനോനിലെ ഹിസ്ബുല്ല പോരാളികളും. ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ നിര്‍ദേശ പ്രകാരമെത്തിയ പോരാളികള്‍ ഇറാനില്‍ ഖും നഗരം ശുചീകരിക്കുന്ന വിഡിയോകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചു. ഇവര്‍ ഞങ്ങളുടെ ലെബനോന്‍കാരായ സുഹൃത്തുക്കളാണെന്ന് ഇറാനിലുളള ഹിസ്ബുല്ലക്കാര്‍ പറയുന്നതാണ് വീഡിയോ. ഖും നഗരത്തിലെ വീടുകള്‍ വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് ഇവര്‍ സഹായിക്കുന്നത്. ഒരാളുടെ കൈയില്‍ ഹിസ്ബുല്ല പതാകയുമുണ്ട്. ഇറാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട നഗരമാണ് ഖും. വെള്ളിയാഴ്ചവരെ ഇറാനില്‍ 1433 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 19644 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1237 പേരിലാണ് വെള്ളിയാഴ്ച രോഗം കണ്ടെത്തിയത്.
അതിനിടെ, ഇറാനിലെ മുന്‍ എം.പി ഹാമിദ് കഹ്‌റാം കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ പാര്‍ലമെന്റില്‍ 2000 മുതല്‍ 2004 വരെ അഹ്‌വാസ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. 2017 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിത് ഇദ്ദേഹമായിരുന്നു. ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ 16 പേരാണ് ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഹാമിദ് കഹ്‌റാം
കോവിഡ് രോഗത്തെ ഇറാന്‍ ജനത ഐക്യത്തോടെ ചെറുത്തുതേല്‍പിക്കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രാഷ്ട്രത്തോട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രതിസന്ധികളുണ്ടായിട്ടും രാജ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. കൊറോണ വൈറസിനേയും രാജ്യം ഐക്യത്തോടെ അതിജീവിക്കും- ഇറാനിയന്‍ പുതുവര്‍ഷാരംഭത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഹസ്സന്‍ റൂഹാനി വ്യക്തമാക്കി.