Sorry, you need to enable JavaScript to visit this website.

കൊറോണ കാട്ടുതീക്ക് തുല്യം, വ്യാപനം  തടഞ്ഞില്ലെങ്കില്‍ ലക്ഷങ്ങള്‍ മരിക്കും- യുഎന്‍

ന്യൂയോര്‍ക്ക്- കൊറോണാ വൈറസ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടാല്‍ ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറാസ്. പാവപ്പെട്ട രാജ്യങ്ങളിലാണ് മരണങ്ങള്‍ കൂടുതലായി സംഭവിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പില്‍ വ്യക്തമാക്കി. മഹാമാരിക്ക് എതിരെ ആഗോള തലത്തില്‍ പ്രതികരണം ഉണ്ടാകണമെന്നും ഗുട്ടേറാസ് ആഹ്വാനം ചെയ്തു. 'വൈറസ് കാട്ടുതീ പോലെ പടരാന്‍ അനുവദിച്ചാല്‍, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഇടങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ മരിക്കുന്ന സാഹചര്യമുണ്ട്. ആഗോള ഐക്യദാര്‍ഢ്യം ഒരു അടിയന്തര ആവശ്യം മാത്രമല്ല, അത് എല്ലാവരുടെയും താല്‍പര്യം കൂടി അടിസ്ഥാനമാക്കിയാണ്', അദ്ദേഹം പറഞ്ഞു.
ആരോഗ്യ ദുരന്തം സംഭവിക്കുന്നത് തടഞ്ഞുനിര്‍ത്താന്‍ ആഗോള തലത്തില്‍ പ്രതികരണ നടപടികളാണ് അനിവാര്യം. ഇതിനകം 9000ലേറെ പേരുടെ ജീവനെടുത്തും, 217,500 പേര്‍ക്ക് ഇന്‍ഫെക്ഷന്‍ നല്‍കിയും കൊറോണാവൈറസ് മുന്നേറുകയാണ്. 'സ്വന്തം രാജ്യത്തെ ആരോഗ്യ പദ്ധതികള്‍ നടപ്പാക്കുന്ന നിലവിലെ സ്ഥിതി മാറി സുതാര്യമായ രീതിയില്‍ ആഗോള പ്രതികരണത്തിലേക്ക് നീങ്ങണം. പ്രതിസന്ധി നേരിടാന്‍ അത്രയ്‌ക്കൊന്നും തയ്യാറില്ലാത്ത രാജ്യങ്ങളെയും സഹായിക്കണം', അദ്ദേഹം വ്യക്തമാക്കി.
സമ്പന്ന രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാരെ മാത്രം നോക്കിയാല്‍ പോരെന്ന് തിരിച്ചറിയണം. ആഫ്രിക്കന്‍ രാജ്യങ്ങളും, വികസ്വര രാജ്യങ്ങളെയും ശ്രദ്ധിക്കണമെന്നാണ് ജി20 രാജ്യങ്ങള്‍ക്കുള്ള എന്റെ ശക്തമായ ആഹ്വാനം. അവരെ പിന്തുണയ്ക്കണം, കാരണം വൈറസ് അവരിലേക്കും എത്തും. പിന്തുണ നല്‍കിയില്ലെങ്കില്‍ ദുരന്തസമാനമായ പ്രത്യാഘാതം ഉണ്ടാകും, യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Latest News