കേരളത്തിൽ പന്ത്രണ്ട് പേർക്ക് കൂടി കോവിഡ്; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം- കേരളത്തിൽ ഇന്ന് പന്ത്രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയിൽ അഞ്ചും കാസർക്കോട് ആറും പാലക്കാട് ഒന്നും രോഗബാധയാണ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 44390 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ ആപത്ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ സർക്കാറിന്റെ മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി രാഷ്ട്രത്തോട് അഭിസംബോധന ചെയ്തതോടെ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് വ്യക്തമായി. ഞായറാഴ്ചയിലെ ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കും. സർക്കാർ ഉടമസ്ഥയിലുള്ള മുഴുവൻ ഗതാഗത സംവിധാനവും നിശ്ചലമാകും. വീടിന്റെ പരിസരം അന്ന് വീട്ടുകാർ പൂർണമായും ശുചീകരിക്കുന്ന നടപടികൾ സ്വീകരിക്കണം. 
കാസർക്കോട് ജില്ലയിൽ മുഴുവൻ പരീക്ഷകളും റദ്ദാക്കേണ്ടി വന്നതുകൊണ്ടാണ് മുഴുവൻ പരീക്ഷകളും നിർത്തിവെച്ചത്. അവശ്യസർവീസുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകളിൽ പകുതി പേർ മാത്രം ഓഫീസിലെത്തിയാൽ മതി. ശനി, ഞായർ ദിവസങ്ങൾ അവധികൾ പ്രഖ്യാപിച്ചു. ക്ലാസ് ഫോർ, ഡി ജീവനക്കാർക്കാണ് ഇത് ബാധകം. കോവിഡ് പ്രതിരോധ മേഖലയിലെയും അവശ്യസർവീസുകൾക്കും ഇത് ബാധകമല്ല. ഏതെങ്കിലും ജീവനക്കാർക്ക് വീടുകളിൽ നിരീക്ഷണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പതിനാല് ദിവസത്തെ സ്‌പെഷ്യൽ ക്വാഷ്യൽ ലീവ് അനുവദിക്കും. നികുതി അടക്കാനുള്ള ദിവസം ഏപ്രിൽ 30 വരെ നീട്ടി. റവന്യൂ റിക്കവറി നടപടികളും ഏപ്രിൽ 30 വരെ നീട്ടി.
 

Latest News