Sorry, you need to enable JavaScript to visit this website.

നാണക്കേടിന്റെ കുപ്പായം

സ്വതന്ത്ര തീരുമാനങ്ങളെടുക്കാൻ അശക്തനായ ഒരു ചീഫ് ജസ്റ്റിസിനെയാണ് ലൈംഗികാപവാദ സംഭവത്തിന് ശേഷം രഞ്ജൻ ഗൊഗോയിയിൽ നാം കാണുന്നത്. ഗൊഗോയിയുടെ ദൗർബല്യങ്ങളെക്കുറിച്ച ജസ്റ്റിസ് കട്ജുവിന്റെ വെളിപ്പെടുത്തൽ കൂടിയാവുമ്പോൾ എല്ലാ കള്ളികളും പൂരിപ്പിക്കപ്പെടുകയാണ്. നിയമ മന്ത്രിയോ, ഉപരാഷ്ട്രപതിയോ, രാഷ്ട്രപതിയോ ഒക്കെയായി പുതിയ റോളുകളിലേക്ക് അദ്ദേഹം കുപ്പായം തുന്നിക്കട്ടെ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നാണക്കേടിന്റെ നഗ്നതയിൽ മറയ്ക്കാനൊരു കുപ്പായമില്ലാതെ കുപ്പത്തൊട്ടിയിൽ ഒളിക്കട്ടെ. 

കരിപുരണ്ടാൽ അറിയാത്ത വിധം കറുത്തതാണ് ന്യായാധിപന്റെ കുപ്പായം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നാലു മാസം മുമ്പ് മാത്രം വിരമിച്ച രഞ്ജൻ ഗൊഗോയ് വെളുത്ത ഉടുപ്പിട്ട് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, കരി പുരണ്ടത് ഇന്ത്യയുടെ ഏറെ ശ്ലാഘിക്കപ്പെട്ട നീതിന്യായ സംവിധാനമാണ്. രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ഷെയിം വിളികൾ പ്രതിധ്വനിക്കുന്നത് നീതിദേവത കുടിയിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലെ ആ ചുവന്ന കെട്ടിടത്തിലാണ്. 
കേന്ദ്ര സർക്കാറിന്റെ വാഗ്ദാനം സ്വീകരിച്ച ഗൊഗോയിയുടെ നടപടി അനുചിതമാണെന്ന് ഒരു ഭാഗത്ത് കാര്യമായ വിമർശമുയരുമ്പോൾ തന്നെ മുൻകാല സർക്കാറുകളുടെ നടപടികൾ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെയും മോഡി സർക്കാറിനെയും നീതീകരിക്കുന്ന ധാരാളം പേരെയും കാണാൻ കഴിയുന്നുണ്ട്. എന്തു കാര്യവും കേന്ദ്രത്തിനെതിരായ നീക്കമാക്കി മാറ്റുന്ന പ്രതിപക്ഷത്തെയാണ് അവർ വിമർശിക്കുന്നത്. 


എല്ലാ ഭരണ വൃത്തികേടുകൾക്കും ഉദാത്തമായ ഉദാഹരണങ്ങളും കീഴ്‌വഴക്കങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് കോൺഗ്രസ് തിരശ്ശീലക്ക് പിന്നിലേക്ക് മാറിയിരിക്കുന്നത് എന്നതിനാൽ ഗൊഗോയിയെ നിയമിച്ച നടപടിയെ വിമർശിക്കുന്നതിൽ പ്രത്യേകിച്ച് അർഥമൊന്നുമില്ലെന്നതാണ് വാസ്തവം. 
എന്നാൽ അത് രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതാണ് സാധാരണക്കാരെ ഉൽക്കണ്ഠാകുലരാക്കുന്നത്. കാരണം, പ്രത്യയശാസ്ത്രപരമായി കോൺഗ്രസും ബി.ജെ.പിയും ഒന്നല്ല എന്നതു തന്നെ. കോൺഗ്രസിന്റെ ലജ്ജാകരമായ പല നടപടികളും രാജ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും അത്, താൽക്കാലികമായ പ്രത്യാഘാതങ്ങൾ മാത്രമേ സൃഷ്ടിച്ചിരുന്നുള്ളൂ. എന്നാൽ ബി.ജെ.പിയുടെ ഓരോ നടപടിയും രാജ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്നതാണ് എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്ന ധാരണ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം നടപടികളെ നീതീകരിക്കുന്നവർ ചെയ്യുന്നത്. 


ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതിൽ തെറ്റില്ല എന്നു പറയുന്നവർ ചൂണ്ടിക്കാണിക്കുന്ന ചരിത്ര വസ്തുതകൾ ഇതൊക്കെയാണ്: സുപ്രീം കോടതിയുടെ പതിനൊന്നാമത് ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ളയെ ഇന്ത്യയുടെ ആറാമത്തെ വൈസ് പ്രസിഡന്റ് ആക്കി. ജസ്റ്റിസ് ബഹ്‌റുൽ ഇസ്‌ലാം കോൺഗ്രസ് എം.പി ആയിരുന്നു. ഇന്ദിരാഗാന്ധി  ഇദ്ദേഹത്തെ രാജിവെപ്പിച്ചു ഗുവാഹതി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കി. അതിനു ശേഷം സുപ്രീം കോടതി ജഡ്ജി ആക്കി. അവിടെനിന്നു രാജിവെപ്പിച്ച് അസമിൽനിന്നുള്ള രാജ്യസഭാ എം.പി ആക്കി. 
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായിരുന്നു. രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് വരെ നയിച്ച ഇന്ദിരാ ഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി പിന്നീട് റദ്ദാക്കിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ. ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര 1998 മുതൽ 2004 വരെ രാജ്യസഭാംഗം ആയിരുന്നു. അതിനു മുൻപ് അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കി. മലയാളിയായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനെയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കിയിരുന്നു. ജസ്റ്റിസ് പി. സദാശിവം കേരളത്തിലെ ഗവർണർ ആയി വന്നത് ഇതിനു മുൻപുള്ള നരേന്ദ്ര മോഡി സർക്കാറിന്റെ കാലത്താണ്. മോഡി സർക്കാറിന് അനുകൂലമായി അദ്ദേഹവും ചില വിധികൾ നൽകിയിട്ടുണ്ട്. 


കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കമുള്ള സംഘ്പരിവാർ നേതാക്കളും പ്രവർത്തകരും സംഘ് സഹയാത്രികരുമൊക്കെ നടത്തിയ പ്രതികരണങ്ങളുടെ രത്‌നച്ചുരുക്കമാണിത്. ന്യായാധിപ വൃത്തിയിൽനിന്ന് വിരമിച്ച ശേഷം സർക്കാർ വെച്ചുനീട്ടുന്ന ഉന്നത പദവി സ്വീകരിക്കുന്ന ആദ്യത്തെ ജഡ്ജിയല്ല ഗൊഗോയ് എന്ന കാര്യം ആരും പ്രത്യേകിച്ച് ഓർമപ്പെടുത്തേണ്ടതില്ല. അത്രയേറെ സമീപകാല ഉദാഹരണങ്ങൾ ഇക്കാര്യത്തിലുണ്ട്. എന്നാൽ ജസ്റ്റിസ് ഗൊഗോയിയുടെ നിയമനം ഉയർത്തുന്ന സവിശേഷമായ മറ്റു പല കാര്യങ്ങളുമുണ്ട്. 
അതിൽ ഒന്നാമത്തേത് അദ്ദേഹം വിരമിച്ച് വെറും നാലു മാസത്തിനകമാണ് പുതിയ സ്ഥാനലബ്ധിയെന്നതാണ്. ചുരുങ്ങിയ കാലയളവിനിടെ തന്നെ ഇത്തരമൊരു സ്ഥാനം സ്വീകരിക്കാൻ അദ്ദേഹം കാണിച്ച ധിറുതി ജുഗുപ്‌സാവഹമാണ്. രണ്ടാമത്, ചുരുങ്ങിയ ഇടവേളകളിൽ അദ്ദേഹം വിധി പ്രസ്താവിച്ച സുപ്രധാനങ്ങളായ കേസുകളാണ്. അതെല്ലാം തന്നെ സർക്കാറിന്റെ ആഗ്രഹത്തിന് അനുകൂലമായ വിധികളായിരുന്നു. 


ന്യായാധിപ വൃത്തിയിൽനിന്ന് വിരമിച്ച ശേഷം ഒരു സർക്കാർ പദവിയും സ്വീകരിക്കില്ലെന്ന് ഉറച്ചു പറയുകയും വിസ്മൃതിയിലേക്ക് മാഞ്ഞുപോകുകയും അങ്ങനെ ജുഡീഷ്യറിയുടെ വിശ്വാസ്യത തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുമപ്പുറത്തേക്ക് ഉയർത്തിപ്പിടിക്കുകയും ചെയ്ത ജഡ്ജിമാരുണ്ട്. മുകളിൽ സൂചിപ്പിച്ച പോലെ ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം നടത്തിയ ജസ്റ്റിസ് ചെലമേശ്വർ വിരമിച്ച ശേഷം എവിടെയാണെന്നു പോലും ആർക്കുമറിയില്ല. പൊതുരംഗത്തു നിന്നും പൂർണമായും അദ്ദേഹം മാറിനിന്നു, അക്കാദമികമായ ചില പ്രഭാഷണ വേദികളിലൊക്കെ വിരളമായി കാണാമെങ്കിലും. സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിക്കുന്ന നൂറുകണക്കിന് ന്യായാധിപൻമാരിൽ, വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇത്തരം പദവികൾക്ക് പിന്നാലെ പോകുന്നതെന്നത് മാത്രമാണ് ജുഡീഷ്യറിയിൽ സാധാരണക്കാരന്റെ വിശ്വാസം ഇപ്പോഴും നിലനിർത്തുന്നത്.


ഗൊഗോയിക്കെതിരെ റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു നടത്തിയ അതിരൂക്ഷ വിമർശം, അൽപം അതിരു കടന്നാണെങ്കിൽ കൂടി ചില നഗ്നസത്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. കീഴ്‌വഴക്കങ്ങളില്ലാത്ത തരത്തിൽ ലൈംഗികാപവാദത്തിന് ഇരയായ ചീഫ് ജസ്റ്റിസായിരുന്നു ഗൊഗോയ്. അതും സുപ്രീം കോടതിയിലെ തന്നെ ഒരു ജീവനക്കാരിയിൽനിന്ന്. ഈ കേസ് ജഡ്ജിമാരുടെ സമിതിയെക്കൊണ്ട് തള്ളുകയെന്ന അസാധാരണ നടപടിക്കും അദ്ദേഹം തുനിഞ്ഞു. അതിന് ശേഷം അദ്ദേഹം നൽകിയ വിധി പ്രസ്താവങ്ങളെല്ലാം തന്നെ കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കും തീരുമാനങ്ങൾക്കുമനുസൃതമായിരുന്നു എന്നതാണ് ഗൊഗോയിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. അയോധ്യാ കേസും കശ്മീർ പ്രത്യേക പദവി സംബന്ധിച്ച കേസും റഫാൽ കേസിൽ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതും ഇക്കൂട്ടത്തിൽ ശ്രദ്ധേയങ്ങളാണ്. സ്വതന്ത്ര തീരുമാനങ്ങളെടുക്കാൻ അശക്തനായ ഒരു ചീഫ് ജസ്റ്റിസിനെയാണ് ലൈംഗികാപവാദ സംഭവത്തിന് ശേഷം നാം കാണുന്നത്. ഗൊഗോയിയുടെ ദൗർബല്യങ്ങളെക്കുറിച്ച ജസ്റ്റിസ് കട്ജുവിന്റെ വെളിപ്പെടുത്തൽ കൂടിയാവുമ്പോൾ എല്ലാ കള്ളികളും പൂരിപ്പിക്കപ്പെടുകയാണ്. ഭരണകാലയളവിനുള്ളിൽ തങ്ങളുടെ പ്രതീക്ഷകളെല്ലാം സാക്ഷാൽക്കരിക്കാൻ കൂട്ടുനിന്ന ഒരു ജുഡീഷ്യൽ അംഗത്തിന് സർക്കാർ നൽകിയ സമ്മാനമെന്നല്ലാതെ തീർച്ചയായും ഈ നിയമനത്തെ കാണാനാവില്ല. ഇത് ജുഡീഷ്യറിയിലെ മറ്റ് അംഗങ്ങളെയും പ്രലോഭിപ്പിക്കുകയും സർക്കാറിന്റെ താളത്തിനൊത്തു തുള്ളുന്നവരാക്കി മാറ്റുകയും ചെയ്യും. അത് അന്തിമമായി കലാശിക്കുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അകാല ചരമത്തിലായിരിക്കും.


തന്റെ നിയമനത്തിന് ആധാരമായും അത് സ്വീകരിക്കാൻ തീരുമാനിച്ചതിന്റെ കാരണത്തെക്കുറിച്ചും ജസ്റ്റിസ് ഗൊഗോയ് നടത്തിയ പ്രസ്താവന പരമ പുഛത്തോടെ തള്ളുകയല്ലാതെ നിവൃത്തിയില്ല. ജുഡീഷ്യറിക്കും നിയമ നിർമാണ വേദിക്കുമിടയിലുള്ള ഒരു പാലമായി താൻ നിലകൊള്ളുമെന്നും രണ്ടിനെയും സമന്വയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒന്നാമത്, അദ്ദേഹമിപ്പോൾ ജുഡീഷ്യറിയുടെ ഭാഗമല്ല. അതിനാൽ തന്നെ പാലമാകാൻ അദ്ദേഹത്തിന് സാധിക്കില്ല. പാർലമെന്റ് ചർച്ചകളിൽ നിയമ വിഷയത്തിലുള്ള തന്റെ പാണ്ഡിത്യവും അനുഭവ ജ്ഞാനവും മുൻനിർത്തി പങ്കെടുക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഒരു സംഭാവനയും രാജ്യസഭയിൽ അദ്ദേഹത്തിന് നൽകാനില്ല. പിന്നെ, നിയമ നിർമാണ സഭയെയും ജുഡീഷ്യറിയെയും പരസ്പരം ചേർത്തുനിർത്താമെന്ന വാഗ്ദാനം, അത് വിഡ്ഢിയുടെ സ്വപ്‌നം മാത്രമാണെന്നതാണ് വാസ്തവം. ജുഡീഷ്യറിയുടെ അധികാരത്തിലും അവകാശത്തിലും കൈകടത്തലാണത്. നിയമ നിർമാണ സഭയോടു ചേർന്നുനിൽക്കലല്ല, ആവശ്യമുള്ളപ്പോൾ അതിനെ തിരുത്തുകയാണ് ജുഡീഷ്യറിയുടെ ധർമം. അങ്ങനെ തിരുത്തിയിട്ടുള്ളവരാണ് ചരിത്രം സൃഷ്ടിച്ച ന്യായാധിപന്മാർ.


തന്റെ അസംഖ്യം മുൻഗാമികളുടെ ദീപ്തമായ പാത പിന്തുടർന്ന് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു ജസ്റ്റിസ് ഗൊഗോയ് ചെയ്യേണ്ടിയിരുന്നത്. താൻ നൽകിയ വിധിന്യായങ്ങളെയെല്ലാം സംശയ മുനയിൽ നിർത്തുകയും തനിക്കെതിരായ ലൈംഗികാപവാദം ശരിയായിരുന്നു എന്ന തോന്നലുളവാക്കുകയും ചെയ്തതാണ് ഈ നിയമനത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. പതിറ്റാണ്ടുകൾ താൻ സേവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ജുഡീഷ്യൽ സംവിധാനത്തിന്റെ മുഖത്ത് കരിവാരിത്തേച്ച പ്രവൃത്തിയായിപ്പോയി നിസ്സാരമായ ഒരു എം.പി സ്ഥാനം സ്വന്തമാക്കാൻ കാണിച്ച വ്യഗ്രത. ചെയ്തുകൊടുത്ത ഉപകാരങ്ങളുടെ വ്യാപ്തി പരിശോധിച്ചാൽ രാജ്യസഭാ എം.പി സ്ഥാനം ജസ്റ്റിസ് ഗൊഗോയിക്ക് അർഹിക്കുന്ന പ്രതിഫലമല്ല. കൂടുതൽ ഉയർന്ന സ്ഥാനങ്ങൾക്ക് അദ്ദേഹത്തിന് അർഹതയുണ്ട്. നിയമ മന്ത്രിയോ, ഉപരാഷ്ട്രപതിയോ, രാഷ്ട്രപതിയോ ഒക്കെയായി പുതിയ റോളുകളിലേക്ക് അദ്ദേഹം കുപ്പായം തുന്നിക്കട്ടെ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ, നാണക്കേടിന്റെ നഗ്നതയിൽ മറയ്ക്കാനൊരു കുപ്പായമില്ലാതെ, കുപ്പത്തൊട്ടിയിൽ ഒളിക്കട്ടെ.

Latest News