Sorry, you need to enable JavaScript to visit this website.

കൈവിടരുത്, ജാഗ്രത... 

കോവിഡ് 19 രോഗബാധയുടെ ആദ്യഘട്ടം പിന്നിട്ട് പ്രാദേശിക വ്യാപനമെന്ന രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ കടന്നിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് രാജ്യത്തിന് നൽകിയിരിക്കുന്നത്. സാമൂഹ്യ വ്യാപനമായിരിക്കും മൂന്നാം ഘട്ടമെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. രോഗബാധ ഉണ്ടായ രാജ്യങ്ങളിൽ താരതമ്യേന വളരെ താഴ്ന്ന ആഘാതത്തെ മാത്രമേ ഇന്ത്യക്കും കേരളത്തിനും ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ളൂ. 


രോഗബാധിതരായി വിദേശത്തുനിന്ന് എത്തിയവരെയും അവരിൽ നിന്ന് രോഗം പകർന്നവരെയും കണ്ടെത്തി സംസർഗ വിലക്കിലൂടെ ചികിത്സ നൽകാനും രോഗപ്പകർച്ച തടയാനും വലിയൊരളവു നമുക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. എന്നാൽ ഉയർന്ന പൗരബോധത്തോടെയുള്ള സാമൂഹ്യ മുൻകരുതലും സർക്കാർതല കരുതൽ നടപടികളും ഊർജസ്വലവും കാര്യക്ഷമവുമായി നടപ്പാക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. കേവലം സംസർഗ വിലക്കിലൂടെ നേരിടാവുന്നതല്ല പ്രാദേശിക, സാമൂഹ്യ വ്യാപനങ്ങൾ. രോഗബാധിത മേഖലകൾക്കു തന്നെ സംസർഗ വിലക്ക് ഏർപ്പെടുത്തേണ്ടിവരും.


ഫലപ്രദമായ ചികിത്സാ രീതികളോ രോഗപ്രതിരോധ മരുന്നുകളോ നിലവിലില്ലെന്നതുകൊണ്ടു തന്നെ വ്യാപനം തടയാൻ കർക്കശ നടപടികൾ വേണ്ടിവരും. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർ സംസർഗ വിലക്കു വകവെക്കാതെ രക്ഷപ്പെടാനും രോഗം പരത്താനും ഇടയാക്കുന്ന അപൂർവ സംഭവങ്ങൾ ഇതിനകം പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാതെ ജനങ്ങൾ കൂട്ടംചേരുന്ന സംഭവങ്ങളും അപൂർവമല്ല. രോഗ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മതിയായ മുൻകരുതൽ കൂടാതെ സംഘമായി സന്നദ്ധ പ്രവർത്തനങ്ങൾക്കു മുതിരുന്നതും പ്രോത്സാഹിപ്പിക്കപ്പെടരുത്. കേരളത്തിൽ ഇതുവരെ നടന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെ വില കുറച്ചു കാണാനും ആഗോള തലത്തിലുള്ള രോഗവ്യാപനത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനും ചില കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. രോഗബാധ മൂലമുള്ള ജനങ്ങളുടെ ആശങ്ക മുതലെടുത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും സർക്കാറിന്റെ വരുമാന സ്രോതസ്സുകൾ അപ്പാടെ നിഷേധിക്കാനുള്ള നീക്കവും അത്തരം കേന്ദ്രങ്ങളുടെ കുബുദ്ധിയിൽ രൂപംകൊണ്ടിട്ടുണ്ട്. അത്തരക്കാരെ ഫലപ്രദമായി നിയന്ത്രിച്ചു നിലയ്ക്കു നിർത്താൻ പ്രബുദ്ധ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങൾക്കു കഴിയണം.


കോവിഡ് 19 ലോകത്തെമ്പാടും സാമ്പത്തിക രംഗത്ത് കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അസംഘടിത സാമ്പത്തിക മേഖലകളിലാണ് അത് ഏറ്റവും വേഗത്തിൽ പ്രകടമാകുന്നത്. സമൂഹത്തിലാകെ പരിഭ്രാന്തി പരത്തി സാമ്പത്തിക മേഖലയെ തളർത്തുന്നതിനു പകരം ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് തൊഴിൽ സ്തംഭനവും സാമ്പത്തിക തകർച്ചയും കൂടാതെ എങ്ങനെ മുന്നോട്ടു പോകാനാകും എന്നതിനെപ്പറ്റി സർക്കാറും സമൂഹമാകെത്തന്നെയും ചിന്തിക്കണം. തദനുസൃത തന്ത്രങ്ങൾക്കും കർമ പരിപാടികൾക്കും രൂപം നൽകാൻ കാലതാമസം കൂടാതെ കഴിയണം. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനോളം തന്നെ പ്രധാനമാണ് സാമ്പത്തിക ചലനാത്മകത നിലനിർത്തുക എന്നത്. ദിവസങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്‌നത്തെയല്ല നാം അഭിമുഖീകരിക്കുന്നത്. അതുകൊണ്ടു തന്നെ ആസൂത്രിത നീക്കങ്ങളിലൂടെ മാത്രമേ രോഗത്തെയും സാമ്പത്തിക പ്രതിസന്ധികളെയും ഒരുപോലെ നേരിടാനും പരിഹാരം കണ്ടെത്താനും കഴിയൂ.


കേരള സർക്കാർ അങ്കണവാടി കുട്ടികൾക്കും ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്ന സ്‌കൂൾ കുട്ടികൾക്കും ഭക്ഷണ പദാർത്ഥങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അതു തൊഴിൽ, സാമ്പത്തിക മാന്ദ്യത്തിന്റെ ഈ ഘട്ടത്തിൽ കാര്യക്ഷമമായി നടപ്പാക്കുമെന്നതിന് എല്ലാ തലത്തിലുമുള്ള ജനപ്രതിനിധികളും ജാഗ്രത പുലർത്തണം. രോഗപ്രതിരോധത്തിന്റെ ഭാഗമായി സംസർഗ വിലക്കു നേരിടേണ്ടിവരുന്ന കുടുംബങ്ങൾക്കും പ്രദേശങ്ങൾക്കും സൗജന്യ റേഷനടക്കം ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനെപ്പറ്റിയും ആലോചന കൂടിയേ തീരൂ. 


കേരളം തുടർച്ചയായി രണ്ട് പ്രകൃതി ദുരന്തങ്ങളെ വിജയകരമായി അതിജീവിച്ചതിന്റെ അനുഭവ പാഠം നമുക്ക് മുന്നിലുണ്ട്. അവിടെ കൂട്ടായ്മയും യോജിച്ച പ്രവർത്തനവുമായിരുന്നു വിജയത്തിന്റെ താക്കോൽ. എന്നാൽ കോവിഡ് 19 പോലെ ഒരു ദുരന്തത്തെ തടയാൻ ബുദ്ധിപൂർവകമായ വേറിട്ടൊരു പ്രവർത്തന തന്ത്രം കൂടിയേ തീരൂ. അതിനു രൂപം നൽകാനും വിജയകരമായി നടപ്പാക്കാനും സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾക്കും സാമൂഹിക നേതൃത്വത്തിനും കഴിയണം.

Latest News