Sorry, you need to enable JavaScript to visit this website.

വിലയേറിയ എം.എൽ.എമാർ  

കൂറുമാറുന്ന എം.എൽ. എമാർ പണ്ട് ഹരിയാനയുടെ പ്രത്യേകതയായിരുന്നു. അങ്ങനെയാണ് ആയാറാം ഗയാറാം പ്രയോഗമുണ്ടായത് തന്നെ. എന്നാൽ ഇക്കാര്യത്തിൽ പ്രബുദ്ധ കേരളം അത്ര മോശക്കാരല്ലെന്നാണ് സമീപകാല ചരിത്രം വ്യക്തമാക്കുന്നത്. മലയോര കർഷകരുടെ താൽപര്യം നോക്കാൻ രൂപീകരിച്ച കേരളത്തിലെ പാർട്ടി ഇനിയും പിളർന്നാൽ ഇംഗഌഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ പോരാതെ വരും. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തിൽ മന്ത്രിസഭ നിലനിർത്തിയിരുന്നു. പുതിയ ജില്ല വാഗ്ദാനം ചെയ്ത് എം.എൽ.എയുടെ പിന്തുണ ഉറപ്പാക്കിയതും കേരളം കണ്ടതാണ്. കേരളം ഭരിക്കുന്ന എൽ.ഡി.എഫ് മന്ത്രിസഭയിലെ ഒരംഗം നല്ല പ്രായത്തിൽ സിമിക്കാരനായിരുന്നു.


 പിന്നീട് യൂത്ത് ലീഗിന്റെ പ്രമുഖ നേതാവുമായി. രാഷ്ട്രീയ പ്രവർത്തനം ഉപജീവന മാർഗമായി കാണുന്നവർ ചേരി മാറുന്നത് പുതുമയല്ലാതായി. നല്ല ഓഫർ ലഭിച്ചാൽ പിന്നെന്ത് ആശയം? ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷം കാര്യങ്ങൾ പുതിയ മാനം കൈവരിക്കുന്നതാണ് കണ്ടത്. ഭൂരിപക്ഷമില്ലെങ്കിലും സ്വന്തം പാർട്ടിക്ക് സർക്കാർ രൂപീകരിക്കാം. പിന്നീട് അതുറപ്പ് വരുത്താനാണല്ലോ രാജ്ഭവനിലൊക്കെ സ്വന്തക്കാരുള്ളത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഗവർണർ ബി.ജെ.പി നേതാവിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത് നേരെ പുലരുന്നതിന് മുമ്പായിരുന്നു. രണ്ട് തവണ കേന്ദ്രത്തിൽ അധികാരത്തിലേറാനായെങ്കിലും ഹിന്ദി ഹൃദയ ഭൂമിയിലെ മധ്യപ്രദേശ് ഭരണം കൈവിട്ടു പോയത് ബി.ജെ.പിയെ കാര്യമായി അലട്ടിയിരുന്നു. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാവുമെന്ന് വരെ കരുതിയിരുന്ന ശിവരാജ് സിംഗ് ചൗഹാൻ മാറി കോൺഗ്രസുകാരനായ കമൽനാഥ് അധികാരത്തിലേറി. ഗ്വാളിയറിലെ രാജകുമാരൻ തുടക്കം മുതലേ ഉടക്കിയിരുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാതെ ഭരണം മുന്നേറുകയായിരുന്നു. 


തെരഞ്ഞെടുപ്പു കാലത്ത് നമ്മൾ വോട്ടർമാർ പതിവായി കേൾക്കാറുള്ള അനൗൺസ്‌മെന്റാണ് വിലയേറിയ വോട്ടുകൾ ഇന്ന ചിഹ്നത്തിൽ രേഖപ്പെടുത്തണമെന്നത്. അങ്ങനെ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ വിലയേറിയ മുതലുകളായി മാറുന്നതിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 
ഗ്വാളിയർ കുമാരൻ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി തീർത്ത പ്രതിസന്ധിയിലാണ് മധ്യപ്രദേശിൽ കോൺഗ്രസ്. മുൻ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ദൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായയെും കണ്ട ശേഷമാണ് രാജി പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘം പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ വിജയ്‌രാജെ സിന്ധ്യ ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശിയാണ്. അമ്മായി വസുന്ധരരാജെ മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമാണ്.
മറ്റൊരു അമ്മായിയായ യശോദരാ രാജെ മധ്യപ്രദേശ് മുൻ കാബിനറ്റ് മന്ത്രിയാണ്. പിതാവ് മാധവറാവു സിന്ധ്യയുടെ 75 ാം ജന്മവാർഷികത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയെന്നതും ശ്രദ്ധേയമാണ്. 


രാഹുൽ ഗാന്ധി ഒഴിയേണ്ടി വന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേക്ക് കണ്ടുവെച്ച നേതാവാണ് സിന്ധ്യ. അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് പോയതോടെ 22 എം.എൽ.എമാരും രാജി പ്രഖ്യാപിച്ചു. ഇതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി. 
ഈ പ്രതിസന്ധിക്കിടെയാണ് പാർട്ടിക്ക് ഇരുട്ടടി നൽകി ഗുജറാത്തിൽ നിന്നുള്ള അഞ്ച് എം.എൽ.എമാർ കൂടി രാജിവെച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജി. കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 
ഇതിനിടെ എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ  കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വൻ വാഗ്വാദമാണ് ഗുജറാത്ത് നിയമസഭയിൽ അരങ്ങേറിയത്. 


രാജ്യസഭാ തെരഞ്ഞടുപ്പ് മാർച്ച് 26 നാണ്.  ബി.ജെ.പിക്ക് 103 അംഗങ്ങളും കോൺഗ്രസിന് 73 എം.എൽ.എമാരുമാണ് ഉണ്ടായിരുന്നത്. നാല് സീറ്റുകളിലാണ് ഒഴിവുണ്ടായിരുന്നത്. 37 വോട്ടുകൾ ലഭിച്ചാൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാം. എം.എൽ.എമാരുടെ കണക്കുകളനുസരിച്ച്  രണ്ട് അംഗങ്ങളെ കോൺഗ്രസിന് രാജ്യസഭയിലേക്ക് അയക്കാം. രണ്ട് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പിയുടെ കുതിരക്കച്ചവട സാധ്യത മുൻകൂട്ടി കണ്ട് തങ്ങളുടെ പകുതി എം.എൽ.എമാരെ കോൺഗ്രസ് ജയ്പുരിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് നേതൃത്വത്തെ ഞെട്ടിച്ച് അഞ്ച് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചത്. സോമബായി പട്ടേൽ, ജെ.വി. കകദിയ, പ്രദ്യുമാൻസിൻ ജദേജ, പ്രവിൻ മാരു, മംഗൾ ഗാവിത് എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇതോടെ സഭയിൽ കോൺഗ്രസിന്റെ അംഗബലം 68 ആയി. ഈ അഞ്ച് പേരെ കൂടാതെ മറ്റു അഞ്ച് എം.എൽ.എമാരുമായി ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കനു ബാരയ്യ, ചിരാഗ് കാൽദിയ, ഹർഷദ് റിബ്ദിയ, അക്ഷയ് പട്ടേൽ, ജീതു ചൗധരി എന്നീ എം.എൽ.എമാരെയാണ് നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിയാത്തത്. ഇവരും ഉടൻ ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന.  ബി.ജെ.പി താനുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും തന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ കോൺഗ്രസ് വിടുമെന്നും അക്ഷയ് പട്ടേൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 


എം.എൽ.എമാരെ മറുകണ്ടം ചാടിക്കുന്ന ബി.ജെ.പി നടപടിയെ ചൊല്ലി രൂക്ഷ വാദപ്രതിവാദമാണ് ഗുജറാത്ത് നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്നത്. 65 കോടി രൂപ നൽകിയാണ് ബി.ജെ.പി എം.എൽ. എമാരെ വിലയ്ക്ക് വാങ്ങിയതെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ ആരോപിച്ചു.  അഴിമതിയിലൂടെ ഉണ്ടാക്കിയ 65 കോടി ഉപയോഗിച്ചാണ് രൂപാണിയുടെ ബംഗ്ലാവിൽ വെച്ച് ബി.ജെ.പി എം.എൽ.എമാരെ വിലയ്ക്ക് വാങ്ങിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വീട്ടിൽ നിന്നും 65 കോടി രൂപ കൈമാറ്റം ചെയ്തതായി ഒരു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എവിടുന്നാണ് ഈ പണം ലഭിക്കുന്നത്? ചവ്ദയും പ്രതിപക്ഷ നേതാവുമായ പരേഷ് ദനാനി ചോദിച്ചു. 
ആരോപണം ബി.ജെ.പി നിഷേധിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി. അതേസമയം ആരോപണം കോൺഗ്രസ് തെളിയിക്കണമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വെല്ലുവിളിച്ചു. അല്ലെങ്കിൽ ആരോപണത്തിൽ മാപ്പ് പറയാൻ തയാറാകണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. 
എം.എൽ.എമാരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കുന്ന  തന്ത്രം രാജസ്ഥാനിലും പയറ്റാനാണ് ബി.ജെ.പി നീക്കം. നേരിയ ഭൂരിപക്ഷത്തിലാണ് നിലവിൽ കോൺഗ്രസ് സർക്കാർ രാജസ്ഥാനിലും നിലനിൽക്കുന്നത്. 


മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും  ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. വജ്രവ്യാപാരി രാജീവ് അറോറയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ഗെഹ്‌ലോട്ടിന്റെ നീക്കത്തിന് സച്ചിൻ പൈലറ്റ് തടയിട്ടിരുന്നു. പാർട്ടി പ്രവർത്തകരെ രാജ്യസഭയിലേക്ക് അയക്കുന്നതിന് പകരം വ്യവസായികളെ അയയ്ക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നാണ് പൈലറ്റിന്റെ വാദം.
കോട്ട സർക്കാർ ആശുപത്രിയിലെ ശിശുമരണങ്ങളിൽ സച്ചിൻ പൈലറ്റിനെതിരെ വിമർശനങ്ങൾ ശക്തമായി ഉയർന്നിരുന്നു. ഇതിനിടയിൽ പലപ്പോഴും അശോക് ഗെഹ്‌ലോട്ടും  സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയും മറ നീക്കി പുറത്തു വരികയുണ്ടായി.  


കോൺഗ്രസിൽ ചേർന്ന വിമത ബി.എസ്.പി എം.എൽ.എ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. 200 അംഗ നിയമസഭയിൽ മൂന്ന് സി.പി.എം എം.എൽ.എമാരും ഒരു ആർ.എൽ.ഡി എം.എൽ.എയും ഉൾപ്പെടെ 112 എം.എൽ.എമാരുടെ പിന്തുണയാണ് കോൺഗ്രസിനുള്ളത്
. ബി.ജെ.പിക്കാകട്ടെ, 80 എം.എൽ.എമാരുടെ പിന്തുണയുണ്ട്. 112 ൽ നിന്നും 20 എം.എൽ.എമാർ കൂറുമാറിയാൽ ഇവിടെയും ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകും. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടി ദുർബലമാവുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. 

Latest News