മൃതദേഹങ്ങള്‍ പട്ടാള ട്രക്കുകളില്‍ കൊണ്ടുതള്ളുന്നു; കൊറോണ മരണങ്ങളില്‍ ഇറ്റലി ചൈനയെ മറികടന്നു 

 

റോം-ഇറ്റലിയില്‍ നിന്ന് ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊറോണ മരണങ്ങളുടെ കാര്യത്തില്‍ ചൈനയേക്കാള്‍ മുമ്പിലെത്തിയിരിക്കുകയാണ് ഇറ്റലി. 3405 പേരാണ് നിലവില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്. 41035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേതുടര്‍ന്ന് അധികൃതര്‍ 62 മില്യണ്‍ ആളുകളോട് വീട്ടില്‍ തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ ക്വാറന്റൈന്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് ചൈനീസ് റെഡ് ക്രോസ് വളന്റിയര്‍മാര്‍ പറയുന്നു.കഴിഞ്ഞ ആഴ്ച നിരവധിയാളുകളാണ് നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങിയതെന്ന് ഇറ്റാലിയന്‍ അധികൃതരും പറയുന്നു. പലരും ജോലിക്ക് പോകുകയും പട്ടികളുമായി നടക്കാനിറങ്ങുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് എതിരെയാണ് പോലിസ് ഇതേതുടര്‍ന്ന് നടപടി സ്വീകരിച്ചത്. ഇപ്പോള്‍ രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന്  പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ബെര്‍ഗാമോ പ്രവിശ്യയിലാണ് വൈറസ് ബാധ അനിയന്ത്രിതമായിരിക്കുന്നത്.

നൂറുകണക്കിനാളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇവിടെ പട്ടാള ട്രക്കുകളിലാണ് മൃതശരീരങ്ങള്‍ സെമിത്തേരിയില്‍ കൊണ്ടുതള്ളുന്നതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അന്ത്യകര്‍മ്മങ്ങള്‍ക്ക് അഞ്ച് മിനിറ്റില്‍ കൂടുതല്‍ സമയം അധികൃതര്‍ അനുവദിക്കില്ലെന്നും സെമിത്തേരിയ്ക്ക് അകത്തേക്ക് ബന്ധുക്കള്‍ക്ക് പ്രവേശനമില്ലെന്നുമാണ് വിവരം.ഉറ്റവരുടെ മൃതശരീരങ്ങളില്‍ അന്ത്യ ചുംബനം അര്‍പ്പിക്കാനോ പൂക്കള്‍ സമര്‍പ്പിക്കാനോ അനുവദിക്കുന്നില്ല. വളരെ വേഗത്തിലാണ് ബെര്‍ഗാമോയില്‍ വൈറസ് പകര്‍ന്നത്. ഒരുവിധത്തിലുമുള്ള മുന്‍കരുതല്‍ ഇവിടെ സ്വീകരിച്ചില്ലെന്നും ജനുവരിയിലും ഫെബ്രുവരിയിലും മരണ നിരക്ക് ഉയരുന്നത്   അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായി ശ്രദ്ധിച്ചില്ലെന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഏജന്‍സിയുടെ നടത്തിപ്പുകാരന്‍ അന്റോണിയോ പറഞ്ഞു.

ബെല്‍ഗാമോയില്‍ അനൗദ്യോഗിക കണക്ക് അനുസരിച്ച് 600 ഓളം പേര് മരിച്ചുവെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത് 400 പേരുടെ മരണമാണ്. പല മരണങ്ങളും കൊവിഡ് 19 പരിശോധന നടത്താതെ സംഭവിച്ചതിനാല്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രാദേശികവാസികള്‍ പറയുന്നു. ഫെബ്രുവരി 23 മുതല്‍ ഇവിടെ റെഡ് അലര്‍ട്ട ്പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടാഴ്ച്ച വൈകിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അതാണ് മരണസംഖ്യ ഇത്രയും ഉയരാനിടയാക്കിയതെന്നും ആരോപണം ഉയരുന്നു.
 

Latest News