കാസർകോട്- കോവിഡ് രോഗ ബാധിതനുമായി ഇടപഴകിയ കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ കരുതല്‍ നിരീക്ഷണത്തില്‍. കഴിഞ്ഞദിവസം കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചയാളുമായാണ് എംഎൽഎമാരായ എന്‍.എ.നെല്ലിക്കുന്നും എം.സി.ഖമറുദീനും ഇടപഴകിയത്. ഇതുവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
രോഗിയുടെ ജ്യേഷ്ഠന്റെ മകന്റെ കല്യാണത്തിൽ എൻ.എ.നെല്ലിക്കുന്ന് പങ്കെടുക്കുകയും ഒന്നിച്ചു ഫോട്ടോ എടുക്കുകയും കൈ കൊടുക്കുകയും ചെയ്തു. മഞ്ചേശ്വരം എംഎൽഎ എം.സി.ഖമറുദ്ദീൻ ഒരു പൊതുപരിപാടിക്കു പോകുന്നതിനിടെ ഈ രോഗിയുടെ വീടിനു സമീപത്തെത്തിയപ്പോൾ രണ്ടു കുട്ടികൾ കൈകാണിച്ചു. വാഹനം നിർത്തിയ സമയത്ത് ഈ രോഗിയും പുറത്തേക്കിറങ്ങി വരികയും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
കാസർകോട് ജില്ലയിൽ അവസാനമായി കോവിഡ് ബാധിച്ച രോഗി ഒരു മരണവീട്, ഫുട്ബോൾ മത്സരം, ബന്ധുവിന്റെ കുട്ടിയുടെ തൊട്ടിൽകെട്ടൽ തുടങ്ങി ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 11ന് പുലർച്ചെ രണ്ടരയോടെ ദുബായിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ രാവിലെ ഏഴരയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. അന്നു രാത്രി കോഴിക്കോട് താമസിച്ച ശേഷം പിറ്റേന്നു രാവിലെ കാസർകോട് എത്തി. തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്‌പ്രസ് ട്രെയിനിലെ എസ്9 കംപാർട്ട്മെന്റിലാണ് ഇയാൾ യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
17നു കാസർകോട് ജനറൽ ആശുപത്രിയില്‍ പരിശോധനക്കെത്തി. സർക്കാർ നിർദേശങ്ങളൊന്നും പാലിക്കാതെ രോഗി പല സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എവിടെയാണു വീഴ്ച പറ്റിയതെന്നു പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ ഡി.സജിത് ബാബു പറഞ്ഞു.
ദുബായില്‍നിന്നും ഉംറ കഴിഞ്ഞു സൗദിയില്‍നിന്നും എത്തിയവർ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു കലക്ടര്‍ അഭ്യർഥിച്ചു.