സാന്‍ ഫ്രാന്‍സിസ്‌കോ- ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതിയുടെ രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്ന കേസില്‍ മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍ കുറ്റം സമ്മതിച്ചു.
39 കാരനായ ആന്റണി ലെവാന്‍ഡോവ്‌സ്‌കിയാണ് പ്രോസിക്യൂട്ടര്‍മാര്‍ മുമ്പാകെ കുറ്റം സമ്മതിച്ചത്. 2009 ല്‍ ഗൂഗിളില്‍ സ്വയം ഡ്രൈവിംഗ് കാറായ ചൗഫര്‍ വികസിപ്പിക്കുന്ന എഞ്ചിനീയര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു ആന്റണി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിര്‍മാതാക്കളായ ഓട്ടോയിലേക്ക് മാറുകയായിരുന്നു.
ഗൂഗിളില്‍ ജോലിചെയ്യുമ്പോള്‍ തന്നെ ഓട്ടോയില്‍ നിക്ഷേപിക്കാനും ആ കമ്പനി വാങ്ങാനും ഓണ്‍ലൈന്‍ കാര്‍ ഭീമനായ ഊബറുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 2016 ജനുവരിയില്‍ ഗൂഗളില്‍നിന്ന് രാജിവെക്കുന്നതിന് മുമ്പായി ഗൂഗിള്‍ കാര്‍ പദ്ധതിയുടെ മുഴുവന്‍ രേഖകളും ഡൗണ്‍ലോഡ് ചെയ്തതായാണ് ആന്റണി സമ്മതിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി കോടതി രേഖകളില്‍ പറയുന്നു.
നോട്ടിസ് നല്‍കാതെ ഗൂഗിളില്‍ നിന്ന് രാജിവച്ചപ്പോള്‍ ലൈറ്റ് ഡിറ്റക്റ്റിംഗ് ആന്‍ഡ് റേഞ്ചിംഗ് (ലിഡാര്‍) ടീമിനു നേതൃത്വം നല്‍കുകയായിരുന്നു ആന്റണി ലെവാന്‍ഡോവ്‌സ്‌കി.
സ്വയം ഓടിക്കുന്ന കാറുകള്‍ക്ക് മറ്റു വാഹനങ്ങള്‍ക്കിടയിലെ ദൂരം അളക്കുന്നതിനും തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന പ്രധാന സാങ്കേതികവിദ്യയാണിത്. മറ്റു കറ്റങ്ങള്‍ ഒഴിവാക്കാമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയച്ചതോടെയാണ്
വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം പ്രതി സമ്മതിച്ചത്.
10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും വിധിക്കാവുന്ന കുറ്റമാണിത്. ഫെഡറല്‍ ജഡ്ജിയാണ് ശിക്ഷ തീരുമാനിക്കേണ്ടത്.