റിയാദ് - വിലക്കു ലംഘിച്ച് തുറന്നു പ്രവർത്തിച്ച 128 വ്യാപാര സ്ഥാപനങ്ങൾക്കും മൂന്നു വാണിജ്യ കേന്ദ്രങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിച്ചതായി റിയാദ് നഗരസഭ അറിയിച്ചു. ഈ സ്ഥാപനങ്ങൾ നഗരസഭാധികൃതർ അടപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് പരമാവധി തുക പിഴ ചുമത്തി. മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപന ഉടമകൾക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നഗരസഭ കൈമാറിയിട്ടുണ്ട്.
റിയാദിൽ 8398 ബാർബർ ഷോപ്പുകളും 2385 ലേഡീസ് ബ്യൂട്ടി പാർലറുകളും അടപ്പിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കുകളും ചത്വരങ്ങളും നഗരസഭ അടച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി രാജ്യത്ത് ഷോപ്പിംഗ് മാളുകളും ബാർബർ ഷോപ്പുകളും ലേഡീസ് ബ്യൂട്ടി പാർലറുകളും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അടപ്പിക്കുകയും കോഫി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ഹുക്ക വിതരണവും സ്ഥാപനങ്ങൾക്കകത്തെ ഭക്ഷണം വിതരണവും വിലക്കിയിട്ടുമുണ്ട്.