Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് തടഞ്ഞു

റിയാദ് - പുതിയ പശ്ചാത്തലത്തിൽ മൂന്നു സാഹചര്യങ്ങളിൽ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ബാങ്കുകൾ മരവിപ്പിക്കുന്നത് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി താൽക്കാലികമായി തടഞ്ഞു. ഇഖാമ, തിരിച്ചറയിൽ കാർഡ് കാലാവധി അവസാനിക്കൽ, കെ.വൈ.സി വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, യാതൊരുവിധ ഇടപാടുകളും നടക്കാത്തതിനാൽ നിഷ്‌ക്രിയ അക്കൗണ്ടുകളായി മാറിയ അക്കൗണ്ടുകൾ എന്നിവ മരവിപ്പിക്കുന്നത് മുപ്പതു ദിവസത്തേക്കാണ് സാമ വിലക്കിയിരിക്കുന്നത്. ലഭ്യമായ മാർഗങ്ങളിലൂടെ എ.ടി.എം ഡെബിറ്റ് (മദ) കാർഡുകളും ക്രെഡിറ്റ് കാർഡുകളും പുതുക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്ന കാര്യം ബാങ്കുകൾ പരിഗണിക്കണമെന്നും സാമ നിർദേശിച്ചു. കൊറോണ വ്യാപനം തടയുന്നതിന് ബാങ്കുകൾക്ക് സാമ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് താൽക്കാലികമായി തടഞ്ഞിരിക്കുന്നത്. 


ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാനും വിദൂര തൊഴിൽ പദ്ധതി രീതിയിൽ ബാങ്കുകളുടെ പ്രവർത്തനം ക്രമീകരിക്കാനും ആപ്പുകളും ഓൺലൈൻ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകാനും സാമ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ വഴി നൽകാൻ സാധിക്കാത്ത അടിയന്തര സേവനങ്ങൾ നൽകുന്നതിന് പ്രധാന നഗരങ്ങളിൽ വളരെ കുറഞ്ഞ എണ്ണം ശാഖകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. 
ഇങ്ങനെ തുറന്ന് പ്രവർത്തിപ്പിക്കുന്ന ശാഖകളിൽ ഒരേ സമയം സേവനം നൽകുന്ന ഉപയോക്താക്കളുടെ എണ്ണത്തിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പരമാവധി പരിധി നിശ്ചയിക്കണമെന്ന് സാമ ആവശ്യപ്പെട്ടു. ശാഖകളുടെ വിസ്തീർണത്തിന് അനുസൃതമായാണ് ഉപയോക്താക്കളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കേണ്ടത്. ബാങ്ക് ശാഖകളിലെ വെയ്റ്റിംഗ് ഹാളുകളിൽ ഉപയോക്താക്കൾക്കിടയിലും ബാങ്ക് ജീവനക്കാർക്കും ഉപയോക്താക്കൾക്കുമിടയിലും മതിയായ അകലം പാലിക്കണമെന്നും നിർദേശമുണ്ട്. 


ജോലി സ്ഥലങ്ങളിലെത്തുന്ന ജീവനക്കാർ ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ച മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിക്കണം. ഉപയോക്താക്കളുടെ ശരീര താപനില പരിശോധിക്കുന്നതിന് ബാങ്ക് ശാഖകളുടെ പ്രവേശന കവാടങ്ങളിൽ പരിശോധനാ പോയന്റുകൾ സജ്ജീകരിക്കണമെന്നും അണുനശീകരണികൾ ലഭ്യമാക്കണമെന്നും ബാങ്ക് ജീവനക്കാർക്ക് മാസ്‌കുകൾ അടക്കം ആവശ്യമായ മുൻകരുതൽ വസ്തുക്കൾ നൽകണമെന്നും സാമ ആവശ്യപ്പെട്ടു. സേവനങ്ങൾക്ക് ഇ-ചാനലുകൾ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കലും ഇതേക്കുറിച്ച ബോധവൽക്കരണവും തുടരണമെന്നും നിർദേശമുണ്ട്. 

Latest News