റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് ഗവണ്‍മെന്റും സര്‍ക്കാര്‍ വകുപ്പുകളും സര്‍വശേഷിയോടെയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്ത് കഴിയുന്ന എല്ലാവര്‍ക്കും മരുന്നുകളും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
ടെലിവിഷനിലൂടെ സ്വദേശികളെയും വിദേശികളെയും അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്. മുഴുവന്‍ ലോക രാജ്യങ്ങളെയും പോലെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് സൗദി അറേബ്യയും കടന്നുപോകുന്നത്. ഈ ഘട്ടവും രാജ്യം തരണം ചെയ്യും. രാജ്യത്ത് കഴിയുന്ന പൗരന്മാര്‍ക്കും വിദേശികള്‍ക്കും ആവശ്യമായ മരുന്നും ഭക്ഷണവും മറ്റു വസ്തുക്കളുമെല്ലാം ലഭ്യമാക്കുന്നതിന് രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. കൊറോണ വ്യാപനം തടയുന്നതിന് മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നത് തുടരും.
സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ പ്രതിസന്ധി നേരിടുന്നതില്‍ പൗരന്മാര്‍ കഴിവും സ്ഥൈര്യവും പ്രകടിപ്പിച്ചു. പൗരന്മാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് സര്‍വശേഷിയോടെയും പ്രവര്‍ത്തിക്കും. ദുഷ്‌കരമായ ഈ ഘട്ടത്തില്‍ കഴിവും സ്ഥൈര്യവും സൗദി ജനത പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി പൂര്‍ണ തോതില്‍ സഹകരിക്കുകയും ചെയ്തു. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഏറെ കരുത്തുപകരുന്നതാണിത്. ആരോഗ്യ മന്ത്രാലയം അടക്കം മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് സര്‍വശേഷിയും പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നിന്നും സഹകരിച്ചും മാത്രമേ കൊറോണ വ്യാപനം തടയുന്നതിന് ഫലപ്രദമായി പ്രവത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതിവേഗത്തില്‍ വ്യാപിക്കുന്ന ഈ മഹാമാരി നേരിടുന്ന കാര്യത്തില്‍ ആഗോള തലത്തില്‍ തന്നെ കൂടുതല്‍ പ്രയാസമേറിയ ഘട്ടമാണ് വരാനിരിക്കുന്നതെന്നും രാജാവ് പറഞ്ഞു. പൗരന്മാരുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന് വലിയ ശ്രമങ്ങള്‍ നടത്തുന്ന ആരോഗ്യ മേഖലാ ജീവനക്കാര്‍ക്ക് സല്‍മാന്‍ രാജാവ് നന്ദി പറഞ്ഞു.






