റിയാദ് - കൊറോണയില്‍ നിന്ന് സംരക്ഷണം നേടുന്നതിന് അണുനശീകരണി കുടിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത അണുനശീകരണിയാണ് കൊറോണയില്‍ നിന്ന് സംരക്ഷണം നേടാന്‍ സഹായിക്കുമെന്ന വ്യാജേന മറ്റുള്ളവരെ കബളിപ്പിക്കുന്നതിന് ഇരുവരും കുടിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പരസ്പര ബന്ധമില്ലാതെ വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചാണ് ഇരുവരും അണുനശീകരണി കുടിച്ചത്. സൈബര്‍ ക്രൈം നിയമം അനുസരിച്ച് ഇരുവര്‍ക്കും അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
കൂടാതെ കുട്ടികളുടെ സഹജവാസനകളെ ഇളക്കിവിടുമെന്നതിനാല്‍ ബാല സംരക്ഷണ നിയമം അനുസരിച്ച ശിക്ഷയും ഇവര്‍ക്ക് ലഭിക്കും. സ്വന്തം ജീവന്‍ കരുതിക്കൂട്ടി അപകടത്തിലാക്കുകയും പൊതുജനാരോഗ്യത്തിന് ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് കുട്ടികളുടെ സഹജവാസനകളെ ഇളക്കിവിടുകയും ക്രമസമാധാനത്തെ ബാധിക്കുകയും ചെയ്യുന്ന ചെയ്തിയാണ് പ്രതികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.






