വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍- പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി നേതാവായ അധ്യാപകനെതിരെ പോസ്‌കോ പ്രകാരം കേസെടുത്തു.
പാലത്തായി യു.പി സ്‌കൂള്‍ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പത്മരാജനെതിരെയാണ് പോക്സോ നിയമപ്രകാരം പാനൂര്‍ പോലീസ് കേസെടുത്തത്.

വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്. അവധി ദിവസം എന്‍എസ്എസ് ക്ലാസിനെന്ന വ്യാജേന വിളിച്ചുവരുത്തി സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചും പിന്നീട് മൂന്നുതവണയും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ആണ് സംഭവം അറിയുന്നത്.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം നടന്നുവെന്ന്  വ്യക്തമായി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി മൊഴി നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ നേതാവാണ് പത്മരാജന്‍.
അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു. ഒളിവില്‍ പോയ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതിന് നേരത്തെയും ഈ അധ്യാപകനെതിരെ പരാതിയുണ്ടായിരുന്നു.

 

Latest News