തിരുവനന്തപുരം- കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കായി അതിജീവന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപതിനായിരം കോടിരൂപയുടെ സാമ്പത്തിക പാക്കേജാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി രണ്ടായിരം കോടിയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍ ,മെയ് മാസങ്ങളില്‍ ആയിരം കോടിയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും.
അമ്പത് ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ ഉള്ളവര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നില്ലെങ്കില്‍ ആയിരം രൂപ വീതം നല്‍കും. ഇതിനായി നൂറ് കോടിരൂപ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് എപിഎല്‍,ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും. കൂടാതെ ഇരുപത് രൂപക്ക് ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓട്ടോ-ടാക്‌സി നികുതിയില്‍ പുനരാലോചന നടത്തുമെന്നും ഫിറ്റ്‌നെസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ തീയേറ്ററുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






