Sorry, you need to enable JavaScript to visit this website.

കോവിഡിനെ നേരിടാൻ ഒരുങ്ങി സാങ്കേതിക ലോകവും 

ചൈനയിൽ തുടക്കമിട്ട വൈറസ് ഇപ്പോൾ മറ്റു ലോക ശക്തികളെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുന്ന അമേരിക്ക പോലും കൊറോണയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നടപ്പിലാക്കിയ സംവിധാനങ്ങൾ പോലും യഥാസമയം നടപ്പിലാക്കാൻ അമേരിക്കക്ക് സാധിച്ചിട്ടില്ല. രാജ്യത്തെ എല്ലാ ഗവേഷകരും വിദഗ്ധരും കൊറോണയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കയാണ്. 

ലോകം പുതിയ കൊറോണ വൈറസായ കോവിഡ് 19 ന്റെ വ്യാപന ഭീതിയിലാണ്. വൈറസിനെ പ്രതിരോധിക്കാനും രോഗികളെ കണ്ടെത്താനും വിവിധ രാജ്യങ്ങളിൽ നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും ഊർജിതമായി നടക്കുന്നു. 
ചൈനയിൽ തുടക്കമിട്ട വൈറസ് ഇപ്പോൾ മറ്റു ലോക ശക്തികളെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുന്ന അമേരിക്ക പോലും കൊറോണയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നടപ്പിലാക്കിയ സംവിധാനങ്ങൾ പോലും യഥാസമയം നടപ്പിലാക്കാൻ അമേരിക്കക്ക് സാധിച്ചിട്ടില്ല. രാജ്യത്തെ എല്ലാ ഗവേഷകരും വിദഗ്ധരും കൊറോണയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കയാണ്.
കൊറോണയെ നേരിടാനുളള വിവിധ ടെക്‌നോളജികളും സംവിധാനങ്ങളും ഇന്ത്യയിലും പരീക്ഷിക്കുന്നുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ കൊറോണ വൈറസിനെ കണ്ടെത്തുന്നതിനായി സ്വയം സ്‌ക്രീനിംഗ് നടത്താൻ  സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ആശുപത്രികളിലും പരിശോധന നടത്തുന്ന ലാബുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചില രാജ്യങ്ങളിൽ ആശുപത്രികളിൽ പ്രായമേറിയവർക്കാണ് പ്രവേശനം. മറ്റു ചില രാജ്യങ്ങളിൽ വയോധികരെ ഒഴിവാക്കുന്ന ദയനീയ സ്ഥിതിയുമുണ്ട്. 
ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ സമ്മർദം കുറയ്ക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ കണ്ടുപിടിത്തങ്ങൾ വഴി സാധിക്കും.
വൈറസ് ബാധിതരെ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ നിർമിക്കാൻ രണ്ട് ഇന്ത്യൻ വംശജരായ ഗവേഷകരും ശ്രമിക്കുന്നുണ്ട്.  ഒരാൾ ഓസ്ട്രേലിയയിലും മറ്റൊരാൾ അമേരിക്കയിലുമാണ് പ്രവർത്തിക്കുന്നത്. അണുബാധയെ ചുറ്റിപ്പറ്റിയുള്ള ഭയത്തെയും ആശയക്കുഴപ്പത്തെയും നേരിടാൻ റിസ്‌ക് ചെക്കർ ആപ്ലിക്കേഷനുകളാണ് ഇവരുടെ സംഘങ്ങൾ നിർമിക്കുന്നത്.
ഓസ്ട്രേലിയയിലെ എ.ഐ ഡിജിറ്റൽ ഹെൽത്ത് കമ്പനിയായ മെഡിയസ് ഹെൽത്തിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ അഭി ഭാട്ടിയ,  യു.എസിലെ അഗസ്റ്റ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ആർനി എസ്.ആർ. ശ്രീനിവാസ റാവു എന്നിവരാണ് കൊറോണയെ നേരിടാനുള്ള ടെക് സംവിധാനം വികസിപ്പിച്ചെടുക്കാൻ ഗവേഷകർക്ക് നേതൃത്വം നൽകി രംഗത്തുള്ളത്. പൊതുജനങ്ങളെ ബോധവൽക്കരിക്കാനും അവരുടെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ നൽകാനും ആളുകളുടെ ഭയം ശമിപ്പിക്കാനും ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. 
മെഡിക്കൽ ചാറ്റ്‌ബോട്ടുകളുള്ള ഹെൽത്ത് ടെക് സ്റ്റാർട്ടപ്പുകൾ ആളുകളെ സ്‌ക്രീനിങ് ചെയ്യുന്നതിനായി അവരുടെ അൽഗോരിതം അപ്ഡേറ്റ് ചെയ്യുന്നതിനും അണുബാധയെക്കുറിച്ച് വിലയിരുത്തേണ്ടതുണ്ടോ എന്ന് ഉപദേശിക്കുന്നതിനും ആഗോള തലത്തിൽ ശ്രമം നടക്കുന്നുണ്ട്. ഒരു മിനിറ്റിനുള്ളിൽ തന്നെ കൊറോണ അപകട സാധ്യതകൾ വിലയിരുത്തുന്ന ആപ്ലിക്കേഷനുകളുടെ പരീക്ഷണങ്ങൾ ഇന്ത്യയിലും നടക്കുന്നു. ഇതിന് വ്യക്തികൾ വിശദമായ ചോദ്യാവലി പൂരിപ്പിക്കേണ്ടതുണ്ട്. തുടർന്ന് നിർമിത ബുദ്ധി അവരുടെ വിവരങ്ങൾ വേഗത്തിൽ വിലയിരുത്തി അപകട സാധ്യത വിലയിരുത്തി റിപ്പോർട്ട് നൽകും. അൽഗോരിതം ഉപയോഗിച്ചുള്ള വിലയിരുത്തലിനു ശേഷം ആരോഗ്യ പരിശോധന ആവശ്യമായി വരുന്നവർക്ക് ഏറ്റവും അടുത്തുള്ള ആശുപത്രികളിലോ ബന്ധപ്പെട്ടവരെയോ സമീപിക്കാം. സിഡ്നി ആസ്ഥാനമായുള്ള മീഡിയസ് ഹെൽത്ത്, കോവിഡ് -19 നുള്ള റിസ്‌ക് അസസ്‌മെന്റ് ടൂളായ ക്യൂറോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളുകൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായി നിലവിലുള്ള ലക്ഷണങ്ങളും അപകട സാധ്യത ഘടകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഡു-ഇറ്റ്-സെൽഫ് ആപ്ലിക്കേഷൻ നൽകും. രോഗിയുടെ ലക്ഷണങ്ങൾ മനസ്സിലാക്കാനും കൊറോണ വൈറസ് അപകടസാധ്യത നിർണയിക്കാനും ഈ ഉപകരണം സഹായിക്കുന്നു. 
അതുവഴി വൈറസിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ആരോഗ്യ സംരക്ഷണ ഉദ്യോഗസ്ഥർക്ക് നേരത്തെയുള്ള ഇടപെടലിനായി ഡാറ്റ ശേഖരിക്കാനും കഴിയും. വലിയ സ്വീകാര്യതയാണ് ഈ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
കൊറോണ വൈറസിനെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് 29,000  ലേഖനങ്ങൾ വിശകലനം ചെയ്യാൻ നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഗവേഷകരോട് വൈറ്റ് ഹൗസ് സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗം ആവശ്യപ്പെട്ടു.
വൈറസിനെക്കുറിച്ച് ഗവേഷകർക്ക് ലഭ്യമായ വൈജ്ഞാനിക ലേഖനങ്ങളുടെ ഏറ്റവും വിപുലമായ ഡാറ്റാബേസ് സമാഹരിക്കുന്നതിന് മൈക്രോസോഫ്റ്റ്, ആൽഫബെറ്റിന്റെ ഗൂഗിൾ തുടങ്ങിയ കമ്പനികളുമായി പങ്കാളിത്തമുണ്ടെന്ന് വൈറ്റ് ഹൗസ് ഓഫീസ് അറിയിച്ചു.
ലോകാരോഗ്യ സംഘടനയും (ഡബ്ല്യൂ.എച്ച്.ഒ) യു.എസ് സെന്റഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സി.ഡി.സി) ചേർന്ന് വാക്സിനും ചികിത്സയും വികസിപ്പിക്കുന്നതിനായി കൊറോണ വൈറസിന്റെ ഉത്ഭവവും വ്യാപനവും നന്നായി മനസ്സിലാക്കാൻ സഹായം ആവശ്യമാണെന്ന് അറിയിച്ചു. കൊറോണ വൈറസ് ശ്വാസകോശത്തെയാണ് കാര്യമായി ബാധിക്കുന്നത്.
മനുഷ്യരേക്കാൾ വേഗത്തിൽ ഗവേഷണം സ്‌കാൻ ചെയ്യാനും മനുഷ്യർക്ക് നഷ്ടമായേക്കാവുന്ന കണ്ടെത്തലുകൾ കണ്ടെത്താനും കംപ്യൂട്ടറുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസിൽ പ്രവർത്തിക്കുന്ന യു.എസ് ചീഫ് ടെക്‌നോളജി ഓഫീസർ മൈക്കൽ ക്രാറ്റ്‌സിയോസ് പറഞ്ഞു. 
നിർമിത ബുദ്ധിയുടെ രൂപമായ മെഷീൻ ലേണിംഗിന് കാര്യമായ സംഭാവനകൾ അർപ്പിക്കാൻ കഴിയും.  ആരോഗ്യ പരിരക്ഷയിലും മറ്റ് വ്യവസായങ്ങളിലും ഈ സംവിധാനം ഇതിനകം തന്നെ  ഉപയോഗിക്കുന്നുണ്ട്. ഫലപ്രദമായി നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുൻപ് മെഷീൻ ലേണിങ് സോഫ്റ്റ്വെയറിന് ചിലപ്പോൾ സമാനമായ ദശലക്ഷക്കണക്കിന് ഉള്ളടക്കങ്ങൾ വിശകലനം ചെയ്യാൻ കഴിയും.
കൊറോണ വൈറസ് ലേഖനങ്ങളിൽ 13,000 എണ്ണം മാത്രമേ പുതിയ ഡാറ്റാബേസിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. 16,000 ലേഖനങ്ങളുടെ സംഗ്രഹം കൂടി ഡാറ്റാബേസിലേക്ക് കയറ്റേണ്ടതുണ്ട്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും ലേഖനങ്ങളും ലഭ്യമാക്കുന്നതിന് അക്കാദമിക് പബ്ലിഷിങ് കമ്പനികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിയമപരമായ അനുമതി നേടുന്നതിനായി  ശ്രമങ്ങൾ നടക്കുന്നുണ്ട്. ശാസ്ത്രജ്ഞരെ ശാക്തീകരിച്ചുകൊണ്ട് ആരോഗ്യ പരിചരണ പരിശീലകരെ കൂടുതൽ വേഗത്തിൽ പരിഹാരത്തിലേക്ക് കൊണ്ടുവരികയാണ് സാങ്കേതിക ലോകത്തെ പുതിയ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.  


 

Latest News