ന്യൂദൽഹി- സി.ബി.ഐ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ദേര സച സൗദ തലവൻ ഗുർമീത് റാം റഹീം എന്ന സന്ന്യാസിയുടെ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ദൽഹിയിൽ വരെ കലാപവുമായി രംഗത്തിറങ്ങിയതിൽ അത്ഭുതമില്ല. അത്ര വിപുലമാണ് സ്വാമിയുടെ അനുചരവൃന്ദം. ആയിരക്കണക്കിന് ആരാധകർ. റാം റഹിമിനുവേണ്ടി മരിക്കാൻപോലും തയാറായവർ.
അപൂർവതകളുടെ സമ്മേളനമാണ് ഈ സന്ന്യാസിയുടെ ജീവിതം. സന്ന്യാസത്തെക്കുറിച്ച പരമ്പരാഗത ധാരണകളിലോ പുലർന്നുപോരുന്ന മതാചാര സങ്കൽപങ്ങളിലോ റാം റഹീം ഒതുങ്ങില്ല. തികച്ചും ഒരു ന്യൂ ജനറേഷൻ സന്ന്യാസി. സിനിമയും പാട്ടും ബൈക്ക് റൈഡിംഗും യാത്രകളും കായിക വിനോദങ്ങളും അത്യാഡംബര ജീവിതവും...അങ്ങനെ തന്റേതായ ഒരു കൾട്ട് സൃഷ്ടിച്ചെടുത്ത സന്ന്യാസിയാണ് റാം റഹിം.
2002 ഏപ്രിലിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിക്കുന്ന ഒരു പരാതിയാണ് റാം റഹീമിന്റെ ജീവിതം മാറ്റിമറിച്ചത്. സിർസയിലെ ദേര സച സൗദ ആശ്രമത്തിൽ വനിതാ അനുയായികൾ ലൈംഗിക ചൂഷണത്തിനിരയാകുന്നു എന്നായിരുന്നു പരാതി.
ആരോപണങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതി സിർസ ജില്ലാ സെഷൻസ് ജഡ്ജിക്ക് ചുമതല നൽകി. പ്രാഥമികമായി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ കേസ് സി.ബി.ഐയെ ഏൽപിക്കുകയായിരുന്നു.
2002 ഡിസംബറിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. 2007 ജൂലൈയിലാണ് അംബാല കോടതിയിൽ റാം റഹീമിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. രണ്ട് സാധ്വികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. ഐ.പി.സിയിലെ 376 (ബലാത്സംഗം), 506 എന്നിവ ചേർത്ത് കോടതി കുറ്റപത്രം ചാർജ് ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്.
നീണ്ടു പോയ വിചാരണ ഒടുവിൽ 2017 ജൂലൈ മുതൽ പ്രതിദിന വിചാരണ നടത്താൻ സ്‌പെഷൽ കോടതി ഉത്തരവിടുകയായിരുന്നു. ഇതിലാണ് റാം റഹീം കുറ്റക്കാരനാണെന്ന വിധി ഇന്നലെ വന്നത്.
1967 ഓഗസ്റ്റ് 15 ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് ഇദ്ദേഹത്തിന്റെ ജനനം. മഘർ സിംഗ്-നസീബ് കൗർ ദമ്പതികളുടെ ഏക മകൻ. പിതാവിനെ കൃഷിയിൽ സഹായിക്കാനായി ആറാം വയസ്സിൽ ട്രാക്ടർ ഓടിച്ചുതുടങ്ങി. ഭേപാരവ മസ്താനജി മഹാരാജ് 1948 ൽ രൂപീകരിച്ച ദേര സച്ചാ സൗദയിൽ കുടുംബവും അംഗമാണ്. ഇതിന്റെ രണ്ടാമത്തെ മേധാവി ഷാ സത്‌നാംജിയുടെ ഭക്തനായിരുന്നു പിതാവ്. അങ്ങനെ ഗുർമീത് സിങ്ങും ദേര സച്ചാ സൗദയിൽ സജീവമായി. 1990 ൽ റാം റഹിമിനെ തന്റെ പിൻഗാമിയായി സത്‌നം പ്രഖ്യാപിച്ചു. 23–ാം വയസ്സിൽ ദേര സച്ചാ സൗദയുടെ മൂന്നാമത്തെ മേധാവിയായി. ഇന്നത്തെ ഗുർമീത് റാം റഹിം സിംഗിലേക്കുള്ള വളർച്ച ഇവിടെനിന്നാണ്.
ആഡംബരപൂർണമായ ജീവിതത്തിന്റെ ഉടമായാണ് റാം റഹീം. ഇസെഡ് കാറ്റഗറി സുരക്ഷയുമുള്ള രാജ്യത്തെ 36 പേരിലൊരാൾ. സർക്കാരിന്റെ സംരക്ഷണം കൂടാതെ സ്വന്തം സുരക്ഷാസേനയും അദ്ദേഹത്തിനുണ്ട്. ആത്മീയ നേതാവ്, സാമൂഹിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, പാട്ടുകാരൻ, അഭിനേതാവ്, സിനിമാ സംവിധായകൻ, കായികതാരം, റൈഡർ, വാഹനപ്രേമി... റാം റഹീമിന് ഇല്ലാത്ത താൽപര്യങ്ങൾ അപൂർവം.
വിശ്രമത്തിനും ധ്യാനത്തിനുമായി ലോകം ചുറ്റുന്നത് ഏറെ ഇഷ്ടപ്പെടുന്നു. ഒന്നിലേറെ തവണ കേരളത്തിലും വന്നുതാമസിച്ചിട്ടുണ്ട്. മൂന്നാറും കുമരകവും വാഗമണ്ണും റാം റഹിമിന്റെ ഇഷ്ടകേന്ദ്രങ്ങൾ. രാഷ്ട്രീയക്കാരുടെ പ്രിയങ്കരനായിരുന്നു. ബി.ജെ.പിയോടായിരുന്നു റാം റഹീമിന്റെ താൽപര്യം.
റോക്ക് സ്റ്റാർ ബാബ എന്നു വിളിപ്പേരുള്ള ഗുർമീത് ആറ് സംഗീത ആൽബങ്ങളാണ് പുറത്തിറക്കിയത്. പാശ്ചാത്യ ആൽബങ്ങളുടെ ചുവടുപിടിച്ചുള്ള വേഗമേറിയ താളത്തിലാണ് പാട്ടുകൾ. താങ്ക് യു ഫോർ ദാറ്റ്, ഇൻസാൻ, ലൗ റബ് സേ, ഹൈവേ ലൗവ് ചാർജർ, നെറ്റ്‌വർക് തേരാ ലൗ കാ, ചാഷ്മ യാർ കാ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ലൗ ചാർജർ എന്ന ഗാനം റാം റഹിം ആലപിക്കുന്നത് നേരിട്ടുകാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്.
വാഹനങ്ങളോടു വലിയ പ്രിയമാണ്. നൂറിലധികം വാഹനങ്ങളാണ് സദാസമയം അകമ്പടി സേവിക്കുക. റേഞ്ച് റോവർ എസ്.യു.വി ഒറ്റക്ക് െ്രെഡവ് ചെയ്യുകയാണ് ഇഷ്ടം. 16 ബ്ലാക്ക് എൻഡവറുകളുണ്ട്. ലക്ഷക്കണക്കിനു രൂപ വിലയുള്ള മോട്ടോർ ബൈക്കുകളും ബുള്ളറ്റുകളും സ്വന്തം. യാത്രകളിൽ സ്ത്രീഭക്തർ ഉറപ്പായും ഉണ്ടാകും. എപ്പോഴും സ്വന്തം ഫോട്ടോ എടുക്കുന്നതാണ് മറ്റൊരു ഭ്രമം. സമൂഹമാധ്യമങ്ങളിലും വളരെ സജീവമായിരുന്നു.
സിനിമയായിരുന്നു മറ്റൊരു ഇഷ്ടമേഖല. എംഎസ്ജി: മെസഞ്ചർ ഓഫ് ഗോഡ്' എന്ന സിനിമയിൽ ദൈവത്തിന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് പ്രത്യക്ഷപ്പെട്ടത്. ജാട്ടു എൻജിനീയർ, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയർ ലയൺ ഹാർട്ട്, എംഎസ്ജി2–ദി മെസഞ്ചർ, എംഎസ്ജി ദി മെസഞ്ചർ എന്നീ സിനിമകളാണ് റാം റഹിമിന്റേതായി റിലീസ് ചെയ്തിട്ടുള്ളത്.
കൂളിംഗ് ഗ്ലാസും ജാക്കറ്റും നീട്ടിയ താടിമുടിയും തൊങ്ങലുകൾ പിടിപ്പിച്ച ഉടുപ്പുകളുമൊക്കെയായി ലക്ഷക്കണക്കിന് ആരാധകരോടൊപ്പം ജീവിതം മതിമറന്നാസ്വദിക്കുന്നതിനിടെയാണ് റാം റഹീം നിയമത്തിന്റെ വലയിൽ വീഴുന്നത്.