Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസിനേക്കാൾ അപകടകരം, ഫാൻസ് വൈറസുകൾ 

തീർച്ചയായും കൊറോണ വൈറസ് അതിഭീകരനാണ്. മനുഷ്യ ശരീരങ്ങളെ അത്രമാത്രം ഭയാനകമായാണല്ലോ അത് ബാധിക്കുന്നത്. എന്നാൽ അതിനേക്കാൾ നമ്മുടെ സാമൂഹ്യ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന വൈറസുകളുണ്ട്. അതിലൊന്നാണ് ഫാൻസ്. അക്കാര്യത്തിൽ കേരളം വളരെ മുന്നിലാണെന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ സിനിമാ മേഖലയുടെ കാര്യമെടുത്താൽ, കേരളം ഒട്ടും മോശമല്ലെങ്കിലും അതിനേക്കാൾ ജീർണിച്ച അവസ്ഥ മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടാകും. എന്നാൽ കേരളത്തിൽ സിനിമാരംഗത്ത് മാത്രമല്ല, സമസ്ത മേഖലകളിലും ഈ വൈറസ് ശക്തമാണെന്നതാണ് വസ്തുത. രാഷ്ട്രീയക്കാർ മുതൽ ആനകൾക്കുപോലും ഫാൻസുള്ള പ്രദേശമാണ് കേരളം. 
കഴിഞ്ഞ ദിവസങ്ങളിൽ കൊറോണക്കൊപ്പം വാർത്തകളിൽ സ്ഥാനം പിടിച്ച രജിത് കുമാറിന്റെ കാര്യം തന്നെയെടുക്കുക. തികച്ചും സ്ത്രീവിരുദ്ധനായ അയാൾക്ക് എത്രമാത്രം ആരാധകരാണെന്നത് എയർപോർട്ടിൽ നാം കണ്ടതാണല്ലോ. കൊറോണ ഭീതിയിൽ പോലും അവിടെ തടിച്ചുകൂടിയവർ വെളിവാക്കുന്നത് കേരളത്തിന്റെ ജീർണതയല്ലാതെ മറ്റെന്താണ്? അതിനെതിരെ പരാതി കൊടുക്കേണ്ട എയർ പോർട്ട് ജീവനക്കാർ പോലും അയാൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്നു. 


സ്ത്രീകൾക്കെതിരെ നിരന്തരമായി വിഷം തുപ്പുന്ന അയാളുടെ ആരാധകരിൽ വലിയൊരു ഭാഗം സ്ത്രീകളാണുതാനും. 'സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം, ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാവുന്നവരും ഗർഭിണികളാക്കുന്നവരുമാണ് പെൺകുട്ടികൾ, തൊണ്ണൂറു ശതമാനം പെൺകുട്ടികളും രക്ഷിതാക്കളോട് കള്ളം പറഞ്ഞു പ്രേമിച്ചു നടക്കുകയാണ്, ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾ ഓടിച്ചാടി നടന്നാൽ  ഗർഭപാത്രം തിരിഞ്ഞു പോകും, ഓട്ടിസം പോലുള്ള അസുഖങ്ങൾ ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്കാണ്, സിസേറിയൻ ബ്രസ്റ്റ് കാൻസറിന് കാരണാകും, ആൺവേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും, അവരെ വിളിക്കുന്ന പേരാണ് ട്രാൻസ്ജെൻഡർ' എന്നിങ്ങനെ പോകുന്നു അയാളുടെ പ്രബോധനങ്ങൾ. വാസ്തവത്തിൽ വിമാനത്താവളത്തിലെ സംഭവങ്ങൾക്കു മാത്രം പോരാ അയാൾക്കെതിരെ കേസ്.  റിയാലിറ്റി ഷോയിൽ പെൺകുട്ടിയുടെ കണ്ണിൽ മുളകരച്ച് തേച്ചതിനും കാലങ്ങളായി ഇയാൾ നടത്തിവരുന്ന ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരേയും വേണം കേസ്.  ഇയാൾ സമൂഹത്തിൽ ഇറങ്ങി നടക്കുന്നത് കൊറോണ വൈറസിനേക്കാൾ അപകടകരമല്ലേ...?


സിനിമാരംഗത്ത് കേരളത്തിൽ ഒരു കാലത്ത് ഒട്ടുമില്ലാതിരുന്ന ഒന്നായിരുന്നു ഫാൻസ് സംസ്‌കാരം. തമിഴ്‌നാട്ടിൽ എം.ജി.ആർ ഫാൻസ് അരങ്ങ് തകർത്തപ്പോൾ ഇവിടെ പ്രേംനസീറിനൊന്നും ആ ഭാഗ്യമുണ്ടായില്ല. എന്നാൽ മമ്മൂട്ടി - മോഹൻ ലാൽ കാലത്തോടെ ആ അവസ്ഥ മാറി. ഏറ്റവും മോശമായ ഫാൻസ് സംസ്‌കാരമാണ് ഇന്നിവിടെ. സിനിമാ മേഖല തന്നെ വിരലിലെണ്ണാവുന്ന സൂപ്പർ താരങ്ങൾ കൈയടക്കിയത് അങ്ങനെയാണല്ലോ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഈ ഫാൻസ് സംസ്‌കാരത്തിന്റെ യഥാർത്ഥ മുഖവും നാം കണ്ടു. സ്വാഭാവികമായും സ്ത്രീവിരുദ്ധത തന്നെ അതിന്റെയും മുഖമുദ്ര.


രാഷ്ട്രീയത്തിൽ വന്നാലും അവസ്ഥ അതു തന്നെ. ഇ.എം.എസിനും കരുണാകരനുമൊക്കെ ഏറെ ആരാധകരുണ്ടായിരുന്നെങ്കിലും ഇന്നത്തെ പോലെ അതൊരു ഫാൻസ് സംസ്‌കാരമായിരുന്നില്ല. ഒരുപക്ഷേ സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെയാകാം രാഷ്ട്രീയത്തിൽ അത്തരമൊരു സംസ്‌കാരം വ്യാപകമായത്. പ്രളയകാലത്തും നിപ കാലത്തും ഇപ്പോൾ കൊറോണ കാലത്തുമൊക്കെ ഈ ഫാൻസ് സംസ്‌കാരം അതിശക്തമാകുന്നതും കാണാം. എന്തിനേറെ, കൊലയാളികളായ രാഷ്ട്രീയ നേതാക്കൾക്കു പോലും ഏറെ ഫാൻസുള്ള പ്രദേശമാണ് കേരളം. 11 പേരെ കൊന്നുകളഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനക്കു പോലും ഫാൻസ് അസോസിയേഷൻ ഉള്ളപ്പോൾ അതിൽ അത്ഭുതവുമില്ല.


തീർച്ചയായും ഫാൻസ് സംസ്‌കാരത്തിന്റെ തുടർച്ചയാണ് ആൾദൈവങ്ങളും കപടമായ ആരാധനകളും. അവക്കും കേരളം നമ്പർ വൺ ആണ്. സംശയകരമായ പല മരണങ്ങളും നിരവധി വെളിപ്പെടുത്തലുകളും നടന്ന ശേഷവും ആൾദൈവങ്ങളുടെ അടുത്തേക്കും സുവിശേഷ - പ്രാർത്ഥനാ കേന്ദ്രങ്ങളിലേക്കും എത്തുന്ന ജനങ്ങളുടെ എണ്ണത്തിലുള്ള വർധന നോക്കുക. 
അവരിൽ രാഷ്ട്രീയ നേതാക്കൾ മുതൽ ശാസ്ത്രജ്ഞന്മാർ വരെയുണ്ട്. കൊറോണക്കാലത്ത് സർക്കാർ നിർദേശങ്ങൾക്കു മുമ്പു തന്നെ ഇവർ പലരും കട പൂട്ടിയതു നാം കണ്ടു. ആ വൈറസിനു മുന്നിൽ തങ്ങൾ നിസ്സഹായരാണെന്ന് അവർക്കറിയാം. എന്നാൽ ഒരു സംശയവും വേണ്ട, കാര്യങ്ങൾ പഴയ അവസ്ഥയിലേക്കു തിരിച്ചുവരുമ്പോൾ ഇവരും പഴയ പ്രതാപം തിരിച്ചെടുക്കും. 
പ്രബുദ്ധ മലയാളികൾ അങ്ങോട്ടൊഴുകും. ഒപ്പം തന്നെ പറയേണ്ടതാണ് പല വ്യാജ വൈദ്യന്മാർക്കും വ്യാജരല്ലാത്ത വൈദ്യന്മാർക്കും ഫാൻസുള്ള നാടാണ് നമ്മുടേതെന്ന്. ഈ അവസ്ഥയാണ് ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന് കൊറോണയേക്കാൾ ശാപമാകാൻ പോകുന്നത് എന്നുകൂടി തിരിച്ചറിയാനുള്ള സന്ദർഭമാണിത്. 

Latest News