Sorry, you need to enable JavaScript to visit this website.

അന്നും നമ്മൾ ഇങ്ങനെയൊക്കെയായിരുന്നു... 

തിരുവനന്തപുരം ജനറൽ ആശുപത്രിജനാധിപത്യ ഭരണകൂടം നിലവിൽ വരുന്നതിന് മുമ്പും കേരളത്തിലെ ഭരണാധികാരികൾ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ അവരാലാകും വിധം  മുന്നിൽ നടന്നിരുന്നു. 1897-98 ലെ   പ്ലേഗ് കാലത്ത്  ലക്ഷക്കണക്കിന് മനുഷ്യരാണ് ഇന്ത്യയിൽ മരിച്ചു വീണത്. രോഗ വ്യാപ്തി തടയാൻ ഇന്ത്യൻ ഭരണകൂടവും പ്രാദേശിക രാജ ഭരണകൂടങ്ങളും അന്ന് ആവും വിധം ഒത്തൊരുമിച്ച് പ്രവർത്തിച്ചു.  


ദുരന്തങ്ങൾ ഒന്നിനുമേൽ ഒന്നായി പെയ്തിറങ്ങിയത് കാരണം സാമ്പത്തിക രംഗമാകെ തകർന്ന് തരിപ്പണമായ കാലവുമായിരുന്നു അത്.  ചികിത്സാരംഗം ഇന്നത്തേത് പോലെയൊന്നും അന്ന് ലോകത്തെവിടെയും വികസിച്ചിട്ടുണ്ടായിരുന്നില്ല. എല്ലാ നിയമങ്ങളും ഗസറ്റ് വിജ്ഞാപനം വഴി നടപ്പാക്കി. നിയമം നാട്ടിലാകെ അറിയിക്കാൻ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്തെ ഏക ആധുനിക വാർത്താവിനിമയ സംവിധാനം ടെലിഗ്രാഫ്  മാത്രം. തിരുവിതാംകൂർ ദിവാനായിരുന്ന കൃഷ്ണസ്വാമി അയ്യർ  അന്നിറക്കിയ ഗസറ്റ് വിജ്ഞാപനം രോഗ വ്യാപനം തടയാനുള്ള  സർവ നിർദേശങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. പ്ലേഗ് ഉണ്ടെന്ന് സംശയിക്കുന്നവരെ കണ്ടുപിടിക്കാൻ  ജല-കര വഴികളിലെല്ലാം പരിശീലനം ലഭിച്ച  ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. അവർ വഴികളിൽ കാത്തിരുന്നു രോഗികളെ പിടികൂടി. രോഗമുള്ളവരെ നിശ്ചിത ദിവസം തടഞ്ഞുവെക്കലായിരുന്നു ഇന്നത്തെ പോലെ അന്നത്തെയും രീതി. 
തടഞ്ഞുവെക്കുന്നവരുടെ  ചെലവെല്ലാം സർക്കാർ വഹിച്ചു. മോട്ടോർ വാഹനങ്ങളില്ലാത്ത കാലത്ത് മഞ്ചലിലാണ് രോഗികളെ കൊണ്ടുപോയിരുന്നത്. അതിന് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരെയും മഞ്ചൽ ചുമട്ടുകാരെയും  എല്ലാ ഭാഗത്തും നിയമിച്ചിരുന്നു. 


ആരോഗ്യ പ്രവർത്തകർക്കൊപ്പം തോട്ടിപ്പപണി ചെയ്യുന്നവരും മഞ്ചലിനൊപ്പം സഞ്ചരിച്ചു.  മേലാപ്പുള്ള മഞ്ചലുകളിലാണ് രോഗികളെ പരിചരണ കേന്ദ്രങ്ങളിലേക്ക് ചുമന്നുകൊണ്ടു പോയിരുന്നതെന്ന് തിരുവിതാംകൂറിന്റെ ചരിത്രം പറഞ്ഞു തരുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നവർക്ക് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ആറ് മാസം ജയിലോ, ആയിരം രൂപ പിഴയോ ആയിരുന്നു ശിക്ഷയെന്ന് ദിവാൻ കൃഷ്ണ സ്വാമി അയ്യരുടെ ഗസറ്റ് വിജ്ഞാപനം വ്യവസ്ഥ ചെയ്തു. 
കൽപനകളെല്ലാം കല്ലേ പിളർക്കുന്നതായതിനാൽ എല്ലാവരും അത് അക്ഷരം പ്രതി അനുസരിച്ചു. ചികിത്സാ രംഗം ആധുനികമല്ലാത്ത ആ കാലത്ത് മനുഷ്യർ പ്ലേഗ് പിടിച്ചു മരിച്ചു വീഴുന്നത് ഒഴിവാക്കാൻ ഈ കർശന നിയന്ത്രണം കൊണ്ട് സാധിച്ചു.  
പ്രജാതൽപരരായ തിരുവിതാംകൂർ രാജാക്കന്മാർ പതിറ്റാണ്ടുകൾക്കപ്പുറം എങ്ങനെ പകർച്ചവ്യാധിക്കാലത്ത് ജനങ്ങളുടെ ഹൃദയപക്ഷം ചേർന്നുവെന്നതും ആളുകൾ ഓർത്തെടുക്കുന്ന കാലമാണിത്.  സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു താരതമ്യവുമില്ലാത്തതാണ് അക്കാലം. ആ പരിമിതികളിലും അവർ ജനങ്ങൾക്കായി സ്ഥാപിച്ചു വെച്ച ആതുര സേവന കേന്ദ്രങ്ങൾ ഇന്നും നന്മയുടെയും ജനതൽപരതയുടെയും അടയാളങ്ങളായി വിവിധ ഭാഗങ്ങളിലുണ്ട്. 


അവയിലൊന്നാണ് തിരുവനന്തപുരത്തെയും ഒരു പക്ഷേ കേരളത്തിലെ തന്നെയും വലിയ സർക്കാർ ആശുപത്രികളിലൊന്നായ ജനറൽ ആശുപത്രി. ഒന്നര നൂറ്റാണ്ടുകൾക്കപ്പുറം സ്ഥാപിതമായ ജനറൽ ആശുപത്രിയുടെ അന്നത്തെ പേര് സിവിൽ ആശുപത്രി എന്നായിരുന്നു. കൊല്ലവർഷം 1041 ൽ ആയില്യം തിരുനാൾ രാമവർമയാണ് സിവിൽ ആശുപത്രി ഉദ്ഘാടനം ചെയ്തത്. ജനറൽ ആശുപത്രി ജനകീയ സർക്കാറിന്റെ കാലത്ത് വലിയ തോതിൽ വിപുലീകരിച്ചുവെങ്കിലും മുഖ്യകെട്ടിടത്തിന്റെ മുഖഛായ മാറ്റിയിട്ടില്ല. സെക്രട്ടറിയേറ്റിന് വിളിപ്പാടകലെ ജനറൽ ആശുപത്രി എത്രയോ തലമുറകളുടെ ആശ്രയമായി നിലകൊള്ളുന്നു.
മഹാമാരികളെ നേരിടാനായി ധർമാശുപത്രികൾ അന്ന് വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായി.  തിരുവിതാംകൂറിലെ ആദ്യത്തെ ധർമാശുപത്രി കോട്ടയ്ക്കകത്തായിരുന്നു. പട്ടാള ആശുപത്രി എന്നത് അറിയപ്പെട്ടു. (കൊല്ലവർഷം 994) കൊല്ലം, നാഗർകോവിൽ, തിരുവനന്തപുരത്തെ തൈക്കാട് എന്നിവിടങ്ങളിലും ധർമാശുപത്രികളുണ്ടായി. 
1900 ജൂലൈയിൽ ശ്രീമൂലം തിരുനാൾ രാമവർമ ഉദ്ഘാടനം ചെയ്ത തൈക്കാട് ആശുപത്രി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സർക്കാർ പ്രസവ ആശുപത്രിയാണ്.  ആശുപത്രി ഏറെ വികസിച്ചുവെങ്കിലും കെട്ടിടത്തിന്റെ ആദിരൂപം അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്.   


1819 ൽ ബംഗാളിൽ പടർന്നു തുടങ്ങിയ കോളറ വളരെ വേഗത്തിലാണ് മുംബൈയിലും ബംഗളൂരുവിലുമെല്ലാമെത്തിയത്. അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി മഹാറാണി ഗൗരി പാർവതിബായി  തന്റെ പ്രജകളെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാനുള്ള സർവ വഴികളും ആലോചിച്ചു. രോഗം നിയന്ത്രിക്കാനായി അവർ കണ്ടെത്തിയ വഴികൾ തിരുവിതാംകൂറിന്റെ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്നു. ആധുനിക വൈദ്യം പഠിച്ച ഡോക്ടർമാർ അന്ന് വളരെ കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. കോളറ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയ കാര്യം മനസ്സിലാക്കിയ രാജ്ഞി ചെന്നൈയിൽ നിന്ന് പ്രതിരോധ  മരുന്ന് തിരുവിതാംകൂറിൽ എത്തിച്ചു. 


അതെങ്ങനെ വിതരണം ചെയ്യും എന്ന കടമ്പ നാട്ടിലെങ്ങുമുള്ള നാട്ടുവൈദ്യന്മാരെ പരിശീലിപ്പിച്ചു പരിഹരിച്ചു. ആധുനിക ചികിത്സ പഠിച്ച ഡോക്ടർക്ക് അധിക ശമ്പളം കൊടുത്ത് നിയമിക്കുകയായിരുന്നു ആദ്യ നടപടി. 
അതിന് ശേഷം നാട്ടുവൈദ്യന്മാർക്ക്, ജനങ്ങൾ  കോളറ മരുന്ന്  എങ്ങനെ കഴിക്കണമെന്ന് വിവരിച്ചു കൊടുക്കാൻ പരിശീലനം നൽകി.  പരിശീലനം ലഭിച്ചവരെ നാട്ടിലാകെ വിന്യസിച്ചു. കോളറയിൽ നിന്ന് തന്റെ ജനതയെ രക്ഷിച്ചെടുക്കാൻ മഹാറാണി ഗൗരി പാർവതി ബായി ചെയ്ത ബുദ്ധിപൂർവകമായ നീക്കങ്ങളെ ഇന്നും തിരുവിതാംകൂറിലെ പഴമക്കാർ ആദരപൂർവം ഓർക്കുന്നു. 

Latest News